ഊർജോത്പാദനത്തിനു സർക്കാർ തീരുവചുമത്താൻ ശ്രമിക്കുന്നത്
ശരിയല്ല
പ്രകൃതിയോടും മനുഷ്യരാശിയോടും ഈ ഭൂഗോളത്തിന്റെ ഭാവിയോടുംചെയ്യുന്ന സേവനമാണ് സൗരോർജത്തിന്റെ ഉപയോഗം. കേരളസർക്കാരിന്റെ ചില സമീപകാലനടപടികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നവിധമല്ല എന്നതു നിർഭാഗ്യകരമാണ്സൂ.ര്യൻ സുരക്ഷിത ഊർജത്തിന്റെ ഉറവിടമാണ്. പ്രകൃതിയോടും മനുഷ്യരാശിയോടും ഈ ഭൂഗോളത്തിന്റെ ഭാവിയോടുംചെയ്യുന്ന സേവനമാണ് സൗരോർജത്തിന്റെ ഉപയോഗം. ഉപയോഗിക്കണമെങ്കിൽ ഉത്പാദനമുണ്ടാകണമല്ലോ. അതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള പല നടപടികളും ലോകമെങ്ങും ഭരണകൂടങ്ങൾ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, കേരളസർക്കാരിന്റെ ചില സമീപകാലനടപടികൾ സൗരോർജത്തെ പ്രോത്സാഹിപ്പിക്കുന്നവിധമല്ല എന്നതു നിർഭാഗ്യകരമാണ്. സൗരോർജ ഉത്പാദനത്തിന് എനർജി ഡ്യൂട്ടി എന്നപേരിലുള്ള പ്രത്യേകതീരുവ വർധിപ്പിച്ച നടപടി അക്കൂട്ടത്തിൽപ്പെട്ടതാണ്. ഈ തീരുവതന്നെ കേന്ദ്രചട്ടത്തിനു വിരുദ്ധമാണ്. അത് അനുവദനീയമല്ലെന്നു കേന്ദ്രം താക്കീതുനൽകിയശേഷവും 2024-’25 വർഷത്തേക്കുള്ള സംസ്ഥാനബജറ്റിൽ തീരുവ യൂണിറ്റിന് പതിനഞ്ചു പൈസയായി വർധിപ്പിക്കുകയാണുചെയ്തത്. വർധന ഏപ്രിലിൽ പ്രാബല്യത്തിൽവന്നു. സൗരവൈദ്യുതി വീടുകളിൽ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്കു നൽകുന്ന ഓൺഗ്രിഡ് ഉത്പാദക-ഉപയോക്താക്കൾക്കുമാത്രമാണ് ഇതു ബാധകം. ഇവരുടെ വീട്ടുവൈദ്യുതിത്തീരുവ അടുത്തിടെ വർധിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഇതാണ്. കെ.എസ്.ഇ.ബി.യുമായി ബന്ധമില്ലാത്ത ഓഫ്ഗ്രിഡ് ഉത്പാദകർ ഈ തീരുവ നൽകേണ്ടതില്ല.
പുരപ്പുറ സൗരോർജ ഉത്പാദനം നടത്തുന്ന അനേകമാളുകളെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണു സംസ്ഥാനസർക്കാരിന്റേത്. പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉത്പാദകരുടെ എണ്ണം വർധിച്ചപ്പോൾ, അധികവരമാനത്തിനുള്ള അവസരമായിക്കണ്ടാണ് സർക്കാർ ഇതുചെയ്തിരിക്കുന്നത്. ദീർഘവീക്ഷണമില്ലാത്ത, പ്രകൃതിയോട് അനുഭാവമില്ലാത്ത നടപടിയായേ അതിനെ വിലയിരുത്താനാകൂ. ഊർജോത്പാദനത്തിനു തീരുവചുമത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന ചോദ്യവുമുയർന്നിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാംപട്ടികയിലാണ്, തീരുവചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെപ്പറ്റി പരാമർശിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കുംമാത്രമേ സംസ്ഥാനത്തിനു തീരുവചുമത്താനാകൂ; ഉത്പാദനത്തിനു പറ്റില്ല. എന്നാൽ, വൈദ്യുതി ഭരണഘടനയിലെ സമവർത്തിപ്പട്ടികയിലായതിനാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ മേഖലയുമായിബന്ധപ്പെട്ട നിയമനിർമാണങ്ങൾ നടത്താം. ഇതിന്റെ ചുവടുപിടിച്ചാണ് 1963 മുതൽ കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 1.2 പൈസ തീരുവചുമത്തിവന്നത്. കുറച്ചുകാലംമുൻപുവരെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവർ ഏറെയില്ലാത്തതിനാൽ ഇത് പൊതുചർച്ചയിലേക്കു വന്നിരുന്നില്ല. എന്നാൽ, കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോർജ പദ്ധതി വന്നതോടെ വൈദ്യുതിയുത്പാദകരുടെ എണ്ണം കൂടി. ഇതു മുതലെടുക്കാനാണ് ഇപ്പോൾ സർക്കാരിന്റെ നീക്കം. തീരുവവർധനയിലൂടെ 24 കോടി രൂപ സമാഹരിക്കാമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്. പക്ഷേ, സൗരോർജ ഉത്പാദനത്തിന് പരോക്ഷമായി ആഘാതമേല്പിക്കുന്ന നടപടിയാണിതെന്ന് അധികാരികൾ തിരിച്ചറിയാതെപോകുന്നു. അല്ലെങ്കിൽ, അറിയാമായിരുന്നിട്ടും ചില്ലറനേട്ടത്തിനായി വിശാലതാത്പര്യം ബലികഴിക്കുന്നു. എന്തായാലും ഇതു പ്രകൃതിയോടുചെയ്യുന്ന അനീതിയാണ്.
പ്രൊഫ , ജോൺ കുരാക്കാർ
No comments:
Post a Comment