Pages

Friday, May 31, 2024

മഴക്കാലത്തെ സ്വീകരിക്കാൻ കേരളം ഒരുങ്ങിയോ ? പ്രൊഫ്. ജോൺ കുരാക്കാർ

 

മഴക്കാലത്തെ  സ്വീകരിക്കാൻ 

കേരളം ഒരുങ്ങിയോ ?

പ്രൊഫ്. ജോൺ കുരാക്കാർ



ഏതാനം  ദിവസം ചെറിയ മഴ പയ്തൊപ്പോഴേക്കും  സ്തംഭിക്കുന്ന നഗരങ്ങളാണ് കേരളത്തിലുള്ളത്  ­എറണാകുളത്തേതുപോലുള്ള വെള്ളക്കെട്ടുപ്രദേശങ്ങൾ കേരളത്തിൻറെ  പൊതുസ്ഥിതിയായി . കേരളത്തിൽ കാലവർഷം  തുടങ്ങാൻ പോകുന്നതേയുള്ളൂ .പിന്നിട്ട വേനലിലെ കൊടുംചൂട് ഓർക്കുമ്പോൾ മഴയുടെ വരവുപകരുന്ന ആശ്വാസം ചെറുതല്ല. എങ്കിലും സംസ്ഥാനത്തെ പ്രത്യേകസാഹചര്യത്തിൽ മഴ അങ്കലാപ്പുകലർന്ന ആശ്വാസമെന്നേ പറയാനാകൂ. അതിവർഷം കേരളത്തിനു താങ്ങാനാകില്ലെന്നു രണ്ടു പ്രളയങ്ങൾ തെളിയിച്ചതാണ്. നിർത്താതെ മഴപെയ്താൽ സ്തംഭിക്കുന്ന നഗരങ്ങളാണ് ഇവിടെയുള്ളത്. വെള്ളത്തിന് ഒഴിഞ്ഞുപോകാൻപറ്റാത്ത നഗരാസൂത്രണത്തിന്റെ ഇരകളാണു നാം. അതിവേഗമുള്ള നഗരവത്കരണം എറണാകുളത്തേതുപോലുള്ള വെള്ളക്കെട്ടുപ്രദേശങ്ങൾ സംസ്ഥാനത്തിന്റെ പൊതുസ്ഥിതിയാക്കി. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ പലഭാഗത്തും വെള്ളക്കെട്ടു രൂപപ്പെട്ടതു നാം കണ്ടു. കൊച്ചിയിൽ മേഘവിസ്ഫോടനത്തിന്റെ ഫലമെന്നുകരുതപ്പെടുന്ന കനത്തമഴയിൽ നഗരമാകെ വെള്ളത്തിലായി. ഇടറോഡുകളിലും വീടുകളിലുമടക്കം വെള്ളംകയറി. തലസ്ഥാനനഗരമുൾപ്പെടെ സംസ്ഥാനത്തു മറ്റു പലഭാഗങ്ങളും ചൊവ്വാഴ്ച വെള്ളത്തിൽ മുങ്ങി. തെക്കൻ തമിഴ്നാടിനുമുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും കേരളത്തിൽ മഴതുടരും. മൂന്നുനാലുദിവസത്തിനകം കാലവർഷം എത്തിച്ചേരുമെന്നും സൂചനയുണ്ട്. ഇത്തവണ കാലവർഷം കനക്കുമെന്നാണു കാലാവസ്ഥാപ്രവചനം. ജൂണിൽത്തന്നെ നല്ലമഴ ലഭിക്കുമെന്നുപറയുന്നു. 

മഴമൂലം പാതകളിലുണ്ടാകുന്ന വെള്ളക്കെട്ടുകൾ ജനജീവിതത്തെ ബാധിക്കുമെന്നകാര്യത്തിൽ സംശയമില്ല. കാനകൾ നന്നാക്കുന്നതടക്കമുള്ള മഴക്കാലപൂർവശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതാണ് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനുള്ള പ്രധാനകാരണം. ഇത്തവണ കാലവർഷം ശക്തമായേക്കുമെന്ന മുന്നറിയിപ്പു നേരത്തേ ലഭിച്ചിട്ടും പ്രാദേശികഭരണകൂടങ്ങൾ ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിക്കാതിരുന്നത് അദ്ഭുതകരമാണ്. ഈമാസത്തെ വേനൽമഴയിൽത്തന്നെ തിരുവനന്തപുരത്തുംമറ്റും വെള്ളക്കെട്ടുകളുണ്ടായി. തലസ്ഥാനത്തെ സ്മാർട്ട്സിറ്റി പദ്ധതിക്കുകീഴിലെ റോഡുകൾ പലതും വെള്ളംകെട്ടിനിന്ന് നാടിനു ശാപമായി. നഗരപരിപാലനത്തിൽ മാതൃകയാവേണ്ട തലസ്ഥാനം അക്കാര്യത്തിൽ അമ്പേ പരാജയമടയുന്ന കാഴ്ചയാണു കണ്ടത്. ഓടകൾ വൃത്തിയാക്കാനുള്ള സക്ഷൻ കം ജെറ്റിങ് യന്ത്രം കൊച്ചിയിൽ പരീക്ഷിച്ചുവിജയിച്ചെന്നു പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞദിവസത്തെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അവകാശവാദത്തിന്റെ പൊള്ളത്തരം വെളിവാക്കി. തലസ്ഥാനത്തും കൊച്ചിയിലുംമാത്രമല്ല സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും പട്ടണങ്ങളിലും വെള്ളക്കെട്ടിന്റെ ഭീഷണിയുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പിടിപ്പുകേടായിമാത്രമേ ഇതിനെ കാണാനാകൂ.

ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ മുന്നറിയിപ്പു കാര്യക്ഷമമാക്കുക എന്നതാണു ഭരണകൂടം ശ്രദ്ധവെക്കേണ്ട മറ്റൊരു കാര്യം. 2018 മുതൽ മഴക്കാലത്ത് നമ്മുടെ മലമ്പ്രദേശങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലുണ്ടാകുകയും മനുഷ്യജീവന് ഭീഷണിയാകുകയുംചെയ്തിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെഭാഗമായ അതിവർഷപാതംകൂടിയായപ്പോഴാണ് ഉരുൾപൊട്ടലിന്റെ എണ്ണവും തീവ്രതയും വർധിച്ചത്. ഇക്കാര്യത്തിൽ പ്രാദേശികജനതകൾക്ക് ഫലപ്രദമായ മുന്നറിയിപ്പുകൾ നൽകാനും വേണ്ടിവന്നാൽ മുൻകൂറായി സുരക്ഷിതസ്ഥാനങ്ങളിലേക്കു ജനങ്ങളെ മാറ്റാനും ഭരണകൂടം ഉണർന്നുപ്രവർത്തിക്കണം.

വാഹനാപകടങ്ങളുടെ എണ്ണംകടാനുള്ള സാധ്യതയും മഴക്കാലത്ത് കരുതിയിരിക്കണം. വഴുവഴുപ്പുള്ള റോഡുകളിൽ വാഹനം തെന്നിപ്പോകാനുംമറ്റുമുള്ള സാധ്യത കൂടുതലാണ്. വേഗനിയന്ത്രണത്തിനുള്ള പരിശോധനകൾ കൂട്ടുകയും കാര്യക്ഷമമാക്കുകയുമാണ് ഇതിനുള്ള പ്രായോഗികമായ പോംവഴി.

വെള്ളക്കെട്ടുകളും ഉരുൾപൊട്ടലുകളുമൊക്കെ തടയാനുള്ള ദീർഘകാല ആസൂത്രണത്തെപ്പറ്റി ഘട്ടത്തിൽ പറഞ്ഞിട്ടുകാര്യമുണ്ടെന്നുതോന്നുന്നില്ല. മഴക്കാലത്ത് ദുരന്തങ്ങളൊഴിവാക്കാനും മനുഷ്യജീവനുകൾ പരമാവധി കാക്കാനുമുള്ള ഹ്രസ്വകാലനടപടികൾക്കെങ്കിലും ഇനിയെങ്കിലും വേഗംകൂട്ടണമെന്നേ ഇപ്പോൾ പറയാനുള്ളൂ.കുറഞ്ഞ സമയംകൊണ്ടു കൂടുതൽ മഴ പെയ്താൽ എന്തുണ്ടാവുമെന്ന് ഇനിയും നമുക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല. ഒരൊറ്റ കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നതു പുതിയ വാർത്തയുമല്ല. കൊച്ചിയും തിരുവനന്തപുരവുമടക്കമുള്ള വലിയ നഗരങ്ങളെ മഴ തോൽപിച്ചുകൊണ്ടിരിക്കുന്നതും ജനം നരകയാതന അനുഭവിക്കുന്നതും സമീപകാലത്തായി പലപ്പോഴും കേരളം കണ്ടതാണ്. എന്നിട്ടും നാം  പാഠം പഠിക്കുന്നില്ല .കനത്തമഴ: വെള്ളക്കെട്ട് പരക്കെ നാശം സൃഷ്ടിക്കുന്നു; ഒഴുകിത്തീരാതെ ദുരിതം

കാരണം, മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിലേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുള്ളൂ എന്ന അടിസ്ഥാനപാഠം മറന്നതിന്റെ കഠിനശിക്ഷയാണു നാം അനുഭവിക്കുന്നത്. കൊച്ചി നഗരമപ്പാടെ വെള്ളക്കെട്ടിലാവുന്നത് പ്രത്യേകിച്ചൊന്നും ചെയ്യാതെ കണ്ടിരുന്ന അധികൃതരുടെ നിസ്സംഗത കൂടിയായപ്പോൾ ഇത്തവണ ദുരന്തം പൂർത്തിയാവുകയും ചെയ്തു.

കേരളത്തിലെ മഴ ഇടയ്ക്കിടെ രൗദ്രഭാവം കാണിക്കുന്നതും അതിന്റെ വിനാശഫലങ്ങൾ നാം അനുഭവിക്കേണ്ടിവരുന്നതും അതീവ ഗൗരവത്തോടെവേണം കാണേണ്ടതെന്നു വീണ്ടും ഓർമിപ്പിക്കുന്നതായി കൊടുംമഴക്കലി. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ വലിയ നഗരങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളാണ്. നഗരങ്ങളിലെ പ്രധാന തോടുകൾ, നദികൾ എന്നിവയിലെ നീരൊഴുക്ക് സുഗമമാക്കാൻ കൃത്യമായ സംരക്ഷണ നടപടികൾ, സമഗ്രമായ മാസ്റ്റർ പ്ലാനുകൾ, ഓടകളുടെ ശുചീകരണം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ കൃത്യമായ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ.

വ്യക്തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഓരോ മഴക്കെടുതിക്കാലത്തും കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. തലയ്ക്കു മീതെ വെള്ളം വരുമ്പോൾമാത്രം അതിനുമീതെ ഒഴുകാനുള്ള തോണി നാം പുറത്തെടുത്താൽ പോരാ. ദുരന്തം വന്നാൽ രക്ഷാപ്രവർത്തനം നടത്താം എന്ന നിലപാടിനു പകരം, ദുരന്തം വരാനിടയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണം എന്നതിലേക്കു ചർച്ചകളും നടപടികളും മാറിയേതീരൂ. ഭാവികൂടി നോക്കിക്കാണുന്ന സമഗ്ര ദുരന്തനിവാരണ നടപടികളാണ് കേരളത്തിന്റെ ആവശ്യം.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: