മലയാളികൾക്ക് സഹിഷ്ണത ഇല്ലാതായോ ?
പ്രൊഫ .ജോൺ കുരാക്കാർ
അപരനോടു സഹിഷ്ണുതയില്ലാത്തവരുടെ നാടായി കേരളം മാറുകയാണെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ഈ അസഹിഷ്ണുതയുടെ ഏറ്റവും വലിയ വിളയാട്ടം നടക്കുന്നത് നമ്മുടെ റോഡുകളിലാണ്. റസ്റ്ററന്റുകളും സിനിമാശാലകളുമടക്കമുള്ള മറ്റു പൊതുവിടങ്ങളിലും ഇതിന്റെ വിളയാട്ടമുണ്ടാകുന്നുണ്ട്. ആശങ്കപ്പെടേണ്ടതും പരിഹാരംതേടേണ്ടതുമായ സാമൂഹികപ്രതിഭാസമായി ഇതു മാറിയിരിക്കുന്നു. കോപം മനുഷ്യനെ അന്ധനാക്കുകയാണ്.
തൃശ്ശൂർ കയ്പമംഗലം ബീച്ച് റോഡിൽ പെരിഞ്ഞനം സ്വദേശിയെ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ക്രൂരമായി മർദിച്ചത് പ്രായപൂർത്തിയാകാത്തവർപോലുമടങ്ങിയ സംഘമാണ്. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച മർദനദൃശ്യങ്ങൾകണ്ട് കേരളമാകെ പരിഭ്രമിച്ചു.
എറണാകുളത്തുനിന്ന് കൊല്ലൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിലെ ഡ്രൈവർക്കുനേരേ വ്യാഴാഴ്ച അർധരാത്രി അക്രമംനടത്തിയത് പത്തൊമ്പതിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവരുടെ സംഘമാണ്. കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണു കൈയേറ്റംനടന്നത്. ബസ് അപകടകരമാംവിധം വേഗത്തിൽ ഓടിച്ചെന്ന പരാതിയുമായി ബൈക്കുകളിലെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്. ഡ്രൈവറെ കൈയേറ്റംചെയ്തതിനുപുറമേ, ബസിന്റെ സൈഡ് മിറർ അടിച്ചുതകർക്കുകയുംചെയ്തു.ഏപ്രിൽ 24-നു രാത്രി മൂവാറ്റുപുഴയ്ക്കടുത്ത് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിന് സൈഡുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ചെന്നെത്തിയതു കൂട്ടത്തല്ലിലാണ്. എട്ടും അഞ്ചും പേരടങ്ങിയ രണ്ടുസംഘങ്ങളാണു നിസ്സാരകാര്യത്തിനു തമ്മിൽത്തല്ലിയത്. ദേശീയപാതയിൽ തുടങ്ങിയ തർക്കം ഒടുവിൽ തല്ലിത്തീർത്തത് മൂവാറ്റുപുഴ സ്റ്റേഡിയത്തിനുമുന്നിലെ വ്യാപാരകേന്ദ്രത്തിന്റെ പാർക്കിങ് സ്ഥലത്താണ്.
കോട്ടയം കോടിമതയിൽ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ജാക്കിലിവർകൊണ്ട് ഹെഡ്ലൈറ്റുകൾ അടിച്ചുതകർത്ത കാർയാത്രക്കാരിയെ പോലീസ് അറസ്റ്റുചെയ്തത് കഴിഞ്ഞ നവംബറിലാണ്. കാറിന്റെ സൈഡ് മിററിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ മൂന്നുയുവാക്കൾ പ്രകോപനമില്ലാതെ അക്രമമഴിച്ചുവിട്ടത് 2023 ഏപ്രിലിലാണ്.
തിരുവനന്തപുരം കരമനയിൽ കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനെ മൂന്നംഗസംഘം കമ്പിവടികൊണ്ടു തലയ്ക്കടിച്ചുകൊന്നു. മരിച്ചെന്ന് ഉറപ്പാക്കാൻ ശരീരത്തിൽ കല്ലെടുത്തിടുകയുംചെയ്തു. യുവാവ് നടത്തുന്ന കടയിൽനിന്നു ബലമായി പിടിച്ചുകൊണ്ടുപോയി, ഒഴിഞ്ഞ പറമ്പിലെത്തിച്ചാണു കൊലപ്പെടുത്തിയത്. ഒരാഴ്ചമുൻപ് ബാറിലുണ്ടായ തർക്കത്തിന്റെ പകപോക്കലാണു കൊലപാതകമെന്ന് പോലീസ് പറയുന്നു.
2023 ഫെബ്രുവരിയിൽ കോട്ടയത്തെ ഹോട്ടലിൽ ജീവനക്കാരനെ ആറംഗസംഘം മർദിക്കുകയും കരിങ്കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തുകയുംചെയ്തതിന്റെ കാരണംകേട്ടാൽ ആളുകൾ വായപൊത്തിച്ചിരിച്ചെന്നുവരും. ഊണിനുനൽകിയ മീൻകഷ്ണത്തിന് വലുപ്പംകുറഞ്ഞെന്നുപറഞ്ഞായിരുന്നു മർദനം!
നിയമം കൈയിലെടുക്കാൻ ലവലേശം മടിയില്ലാത്ത ജനസമൂഹമായി മലയാളി മാറിയത് എങ്ങനെയെന്നത് അതിശയിപ്പിക്കുന്ന സമസ്യയാണ്. റോഡുൾപ്പെടെ ഏതു പൊതുസ്ഥലത്തും ആര്, എപ്പോൾ പ്രകോപിതനാകും എന്നുപറയാനാകാത്ത അവസ്ഥ. കേട്ടാലറയ്ക്കുന്ന തെറികൾ പറയാനും കൈയിൽക്കിട്ടുന്നതെടുത്ത് അപരനെ ആക്രമിക്കാനും ഇക്കൂട്ടർക്കു സങ്കോചമില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനമൊന്നുമല്ല എല്ലാ അക്രമങ്ങളുടെയും കാരണം. കോപം മലയാളിയുടെ മനോരോഗമായിമാറിയോ എന്നു തോന്നാൻതുടങ്ങിയിരിക്കുന്നു. മലയാളത്തിലെ പുതുതലമുറചലച്ചിത്രങ്ങളിൽ പലതും തല്ലിനെയും തെറിവിളിയെയും മദ്യ-മയക്കുമരുന്ന് ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ കോടതി വെള്ളിയാഴ്ച കുറ്റക്കാരനെന്നുവിധിച്ച ശ്യാംജിത്ത് പോലീസിനു നേരത്തേ നൽകിയ മൊഴിയിൽ, കുറ്റകൃത്യത്തിനു പ്രചോദനമായ ഒരു മലയാളചലച്ചിത്രത്തിന്റെ പേര് എടുത്തുപറയുകയുണ്ടായി.
പൊതുസ്ഥലങ്ങളിൽ കലികയറി തല്ലുംപിടിയുമുണ്ടാക്കുന്നവരിൽ നല്ലൊരുപങ്ക് കൗമാരക്കാരോ കഷ്ടിച്ച് കൗമാരം പിന്നിട്ടവരോ ആണെന്നത് അത്യന്തം സങ്കടകരമാണ്. ക്രിമിനൽക്കേസിലകപ്പെട്ടാൽ സ്വന്തം ജീവിതത്തിനും ഭാവിക്കുമുണ്ടാകുന്ന ദോഷത്തെക്കുറിച്ച് ഇവരിൽപ്പലരും ബോധവാന്മാരല്ല. ജോലിക്കോ പാസ്പോർട്ടിനോ അപേക്ഷിക്കുമ്പോൾ ക്രിമിനൽക്കേസിന്റെ പശ്ചാത്തലം വിനയാകുമെന്നുറപ്പ്. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള രോഷപ്രകടനവും അക്രമവും സാമൂഹികപ്രശ്നമെന്നനിലയിൽ കൈകാര്യംചെയ്യേണ്ട കാലമായിരിക്കുന്നു. സർക്കാരിന്റെ മുൻകൈയിൽ, വിവിധ തുറകളിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ സമഗ്രപഠനം നടത്തി പരിഹാരപദ്ധതി ആവിഷ്കരിക്കുന്നത് ഉചിതമാകും. നിയമം കയ്യിലെടുക്കുന്നവർക്ക്
ശിക്ഷ നൽകുക തന്നെ വേണം .
പ്രൊഫ .ജോൺ കുരാക്കാർ
No comments:
Post a Comment