Pages

Monday, January 8, 2024

 

സ്ഥലനാമം സ്വന്തം പേരായി മാറ്റിയ അഭിനയ കുലപതി.




ഒരു ദേശനാമം സ്വന്തം പേരായി മാറ്റിയ അഭിനയ കുലപതിയാണ് കൊട്ടാരക്കര ശ്രീധരൻനായർ. അദ്ദേഹം ഓർമ്മയായിട്ട് 2023 ഒക്ടോബർ 19ന് 37 വർഷങ്ങൾ പിന്നിട്ടു.
ഒന്നരവയസ്സുള്ളപ്പോൾ അച്ഛൻ നഷ്ടപ്പെട്ട കുട്ടി. ഇരുമ്പനങ്ങാട് ഈശ്വരവിലാസം ഹൈസ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. പാഠപുസ്തകങ്ങളിലെ രാജാക്കന്മാരുടെ ചരിത്ര കഥകൾ നാടക രൂപത്തിൽ അവതരിപ്പിച്ച് ചെറുപ്രായത്തിൽ തന്നെ ശ്രീധരൻ നായർ തന്റെ അഭിനയമികവ് പ്രകടിപ്പിച്ചു. ജേഷ്ഠന്റെ കടുത്ത എതിർപ്പിനെ അതിജീവിച്ച്, ഒരു നിഷേധിയെ പോലെ മഹാനടൻ അഭിനയം തന്റെ ജീവിത യാത്രയ്ക്കായി തിരഞ്ഞെടുത്തു. അക്കാലത്തെ കൊട്ടാരക്കരയിൽ അറിയപ്പെട്ടിരുന്ന നടനും സംവിധായകനും നാടക രചയിതാവുമായിരുന്ന മനക്കര ഗോപാലപിള്ള, ശ്രീധരൻനായരിലെ നടനെ തിരിച്ചറിഞ്ഞ് തന്റെ സംഗീത നാടക സമിതിയിലെ പ്രധാന നടനാക്കി. പിൽക്കാലത്ത് കൊട്ടാരക്കര പ്രസിദ്ധ നടനായപ്പോഴും അഭിനയത്തിൽ തന്റെ ആശാൻ മനക്കര ഗോപാലപിള്ളസാർ ആണെന്ന് അദ്ദേഹം അഭിമാനപൂർവ്വം പറയുമായിരുന്നു.
നീണ്ടു നിവർന്ന ആകാരം, കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ അംഗവിക്ഷേപങ്ങൾ, അതിഭാവുകത്വ
മില്ലാതെതന്നെ കഥാപാത്രമായി മാറുന്ന നടനലയം, എല്ലാത്തിനുമുപരിയായി ഘനകഗംഭീരമാർന്ന ശബ്ദത്തിന്റെയും ഉടമയായിരുന്ന ശ്രീധരൻ നായർ, തിരുവനന്തപുരം കൊട്ടാരത്തിൽ നാടകങ്ങൾ അവതരിപ്പിച്ച് പ്രശസ്തി നേടി. പിന്നീട് അദ്ദേഹം രൂപം നൽകിയ 'ജയശ്രീ കലാമന്ദിരം' എന്ന നാടകസമിതിക്ക് വേണ്ടി സ്വന്തമായി നാടകങ്ങൾ എഴുതി വേദികളിൽ അവതരിപ്പിച്ചു. സമിതിയാണ് വേലുത്തമ്പി ദളവയുടെ കഥ നാടകമാക്കി നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ചത്. പിന്നീട് ഇത് സിനിമയാക്കിയപ്പോൾ കൊട്ടാരക്കര തന്നെ അതിലെ പ്രധാന കഥാപാത്രമായി.
വേലുത്തമ്പിദളവ എന്ന നാടകം കണ്ടശേഷം അത് തമിഴിൽ എടുക്കാൻ ഒരു സംവിധായകൻ ശിവാജി ഗണേശനെ സമീപിച്ചു. ചങ്ങനാശ്ശേരി നായർ മഹാസമ്മേളന ത്തിൽ ശ്രീധരൻനായരുടെ 'വേലുത്തമ്പിദളവ' നാടകം കാണാൻ വേഷം മാറി ശിവാജി ഗണേശൻ സംവിധായകന്റെ കൂടെ അവിടെ എത്തി.നാടകം കണ്ടിട്ട് അദ്ദേഹം ഗ്രീൻ റൂമിൽ ചെന്ന് കൊട്ടാരക്കര യുടെ കാലിൽ തൊട്ട് നമസ്കരിച്ചു. എന്നിട്ട് സംവിധായകനോട് പറഞ്ഞു, "അന്ത പെരിയ നടൻ മട്ടും അഭിനയിക്കും, ഞാനില്ലൈ ".
വേലുത്തമ്പിദളവയായി അരങ്ങു തകർത്ത കൊട്ടാരക്കര പിന്നീട് ഭാഗ്യലക്ഷ്മി, പ്രസന്ന, പ്രണയജാംബവാൻ, ശശിധരൻ എന്നീ നാടകങ്ങൾ വേദികളിൽ അവതരിപ്പിച്ചു.'പ്രസന്ന' ചലച്ചിത്രമാക്കിയപ്പോൾ അതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തിലേക്ക് ചുവട് വച്ചു. തിരുവനന്തപുരം സഹോദരിമാർ എന്നറിയപ്പെടുന്ന ലളിതാ പത്മിനി രാഗിണി മാർ കൊട്ടാരക്കരയോടൊപ്പം ഒരുമിച്ച് അഭിനയിച്ച ആദ്യചിത്രമായിരുന്നു 'പ്രസന്ന'(1950). എന്നാൽ ചിത്രത്തിനു ശേഷം അദ്ദേഹം അഭിനയിച്ച 'ശശിധരൻ'(1950) എന്ന ചിത്രമാണ് ആദ്യം റിലീസ് ആയത്. ചലച്ചിത്ര ആവിഷ്കാരം നടത്തിയ ആദ്യ മലയാള നാടകമാണ് 'ശശിധരൻ'.
തന്റെ അഭിനയ മികവുകൊണ്ട് കൊട്ടാരക്കര ചലച്ചിത്രരംഗത്ത് വളരെ വേഗം പ്രസിദ്ധനായി. അദ്ദേഹം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ കീഴടക്കുകയായിരുന്നു. സ്നേഹസീമ,മന്ത്രവാദി, കൂട്ടുകുടുംബം, കാട്ടുതുളസി, ഗായത്രി, അൾത്താര,അധ്യാപിക തുടങ്ങി എത്രയോ സിനിമകളിലായി എത്രയെത്ര അത്യുജ്വല കഥാപാത്രങ്ങൾ! വേലുത്തമ്പിദളവയും
(1962),
പഴശ്ശിരാജയും (1964), കുഞ്ഞാലി മരക്കാരും (1968) ഒക്കെ കൊട്ടാരക്കര ശ്രീധരൻ നായരിലൂടെ പുനർജനിച്ചത് ഒരു വിസ്മയം പോലെ മലയാള സിനിമലോകം നോക്കിക്കണ്ടു. ഇന്ത്യൻ സിനിമയിൽ മറ്റാർക്കും ഇല്ലാത്ത ശബ്ദത്തി
നുടമയായ അദ്ദേഹത്തെ 'ദക്ഷിണേന്ത്യയിലെ പൃഥ്വിരാജ്കപൂർ' എന്നാണ് പ്രസിദ്ധ ഹിന്ദി നടൻ
രാജ്കപൂർ ഒരിക്കൽ വിശേഷിപ്പിച്ചത്.
സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ് കൊട്ടാരക്കര. ചെമ്മീനിലെ (1965) ചെമ്പൻകുഞ്ഞിന്റെ കുപ്പായം കടൽപ്പുറത്ത് വിയർത്തൊലിച്ച് നിന്ന ഒരു മുക്കുവനിൽ നിന്നും അദ്ദേഹം വാങ്ങി ധരിക്കുകയായിരുന്നു. ചിത്രത്തിൽ പരിക്ഷീണനായ പരീക്കുട്ടിയുടെ മുന്നിലേക്ക് ചെമ്പൻ കുഞ്ഞ് മാനസിക വിഭ്രാന്തിയോടെ നോട്ടുകൾ വാരിയെറിയുന്ന സീനിനെ കുറിച്ച് മധു ഒരു അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു, "കൊട്ടാരക്കരയുടെ അഭിനയ തീക്ഷ്ണതയ്ക്ക് മുന്നിൽ ഞാൻ വെറും മാധവൻനായരായി അമ്പരന്ന്നിന്നുപോയി" യെന്ന്.
കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്ന നടനായിരുന്നു കൊട്ടാരക്കര. വേഷപ്പകർച്ച അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. നടി കവിയൂർ പൊന്നമ്മയുടെ ആദ്യചിത്രം ആയിരുന്നു 'ശ്രീരാമ പട്ടാഭിഷേകം'. (1962). ചിത്രത്തിൽ കൊട്ടാരക്കര, രാവണനും കവിയൂർ പൊന്നമ്മ മണ്ഡോദരിയും ആയിട്ടായിരുന്നു വേഷമിട്ടത്. സെറ്റിൽ രാവണൻ ആയിട്ടുള്ള കൊട്ടാരക്കരയുടെ രൗദ്രഭാവം പലപ്പോഴും തന്നെ ഭയപ്പെടുത്തി
യിരുന്നതായി അവർ ഒരു അനുസ്മരണ യോഗത്തിൽ ഓർത്തു പറയുകയുണ്ടായി.
'
അരനാഴികനേര' ത്തിന്റെ (1970) ചിത്രീകരണം കൊട്ടാരക്കര പ്രദേശത്ത് നടക്കുമ്പോൾ ഒരു ദിവസം മേക്കപ്പ് അഴിക്കാതെ വീട്ടിലെത്തിയ അദ്ദേഹത്തെ ഭാര്യ പോലും തിരിച്ചറിഞ്ഞില്ല. അൻമ്പതാം വയസ്സിൽ 90കാരനായ കുഞ്ഞേനാച്ചനിലേക്കുള്ള വേഷപ്പകർച്ച വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യാനുഭവമായി കുഞ്ഞേനാച്ചൻ. വടവൃക്ഷമായിട്ടും തണലേകാനാകാതെ ഒരു പാഴ്മരമായിപ്പോയ കാരണവർ. നിസ്സഹായതയുടെയും ഒറ്റപ്പെടലിന്റെയും വേദനയോടെ നിലം പതിക്കുന്ന പടുവൃദ്ധന്റെ ഒറ്റ വേഷം മതി ഇന്ത്യൻ സിനിമയിലെ ഏതൊരു നടനോടും കൊട്ടാരക്കര യ്ക്ക് കിടപിടിക്കാൻ.
സ്നേഹവും വിനയവും കലർന്ന നിഷ്കളങ്കമായ പെരുമാറ്റ ശൈലിയാണ് കൊട്ടാരക്കരയെ വ്യത്യസ്തനാക്കിയത്. ഒരിക്കൽ പി ജെ ആന്റണിയുടെ നാടകാഭിനയം സ്റ്റേജിൽ കഴിഞ്ഞപ്പോൾ ആർത്തുവിളിച്ച് ഗ്രീൻ റൂമിൽ ചെന്ന കൊട്ടാരക്കര, പി ജെ ആന്റണിയെ ആലിംഗനം ചെയ്തിട്ട് പറഞ്ഞു, "നിനക്കല്ലടാ, നിന്റെ കഥാപാത്രത്തിനോടാണ് എന്റെ സ്നേഹ പ്രകടനം", എന്ന്.
ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവ് നടത്തിയ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തനി' ലെ മന്ത്രവാദിയായി തകർത്തഭിനയിച്ചു. കൊട്ടാരക്കരയുടെ സൂക്ഷ്മാഭിനയ
ത്തിന്റെയുംശബ്ദവിന്യാസ ങ്ങളുടെയും മികവിന് ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നതിന് മികച്ച തെളിവായി ചിത്രം. പക്ഷേ വരവ് 'ചിലമ്പ്'(1986), 'മിഴിനീർ പൂക്കൾ'(1986) എന്നീ ചിത്രങ്ങളോടെ അവസാനിച്ചു. 1986 ഒക്ടോബർ 11ന് കൊട്ടാരക്കര ചെന്തറയിൽ നടന്ന പൊതു പരിപാടിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. 1986 ഒക്ടോബർ 19ന് നടന ഇതിഹാസം എന്നന്നേക്കുമായി അരങ്ങൊഴിഞ്ഞു. അവസാനമായി അഭിനയിച്ച 'മിഴിനീർപൂക്കൾ' എന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് വിഷമം നേരിട്ടപ്പോൾ അദ്ദേഹം സ്വയം പറഞ്ഞു, "അഭിനയിക്കാനായി മാത്രമായിരുന്നു എന്റെ ജന്മം. അതുകഴിഞ്ഞു". ദൈവഹിതം അദ്ദേഹം തിരിച്ചറിഞ്ഞു.
നാലു ദശകങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ ഒരിക്കൽ പോലും ജീവിതത്തിൽ ഒരു താരമായിരുന്നില്ല. സിനിമാലോകത്തേക്കാൾ അദ്ദേഹത്തിന് പ്രിയപ്പെട്ടത് കൊട്ടാരക്കരയിലെ മണ്ണും മനുഷ്യരും ആയിരുന്നു. വൻകിട താര സദസ്സുകളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ഒരു കൈലി മുണ്ടും ഉടുത്ത് ഷർട്ടുമിട്ട് കൂട്ടുകാരുമായി കൊട്ടാരക്കര മണികണ്ഠനാൽത്തറ
യിലോ, ചന്തമുക്കിൽ അന്ന് ഉണ്ടായിരുന്ന കലാ സ്റ്റുഡിയോയ്ക്ക് മുന്നിലോ, റെയിൽവേ സ്റ്റേഷൻ പരിസരത്തോ സമയം ചെലവിട്ട നിഷ്കളങ്കനും അതേസമയം നിഷേധിയുമായിരുന്ന ഒരു തനി നാട്ടിൻപുറത്തുകാര നായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അഭിനയകുലപതിക്ക് മൂന്നുതവണ സംസ്ഥാന സർക്കാർ പുരസ്കാര ങ്ങളും ചെമ്മീൻ എന്ന സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. 'ജന്മഭൂമി'(1969) എന്ന ചിത്രത്തിലെ അഭിനയത്തിന് ഏഷ്യയിലെ ഏറ്റവും മികച്ച നടനുള്ള അവാർഡ് ലഭിച്ചു. എന്നാൽ ലോകം അറിയുന്ന അതുല്യ നടന് ഉചിതമായ അംഗീകാരമോ സ്മാരകമോഇതുവരെയും ഉണ്ടായിട്ടില്ല. കുറവ് നികത്താൻ കേരള സർക്കാരും കൊട്ടാരക്കര നഗരസഭയും സത്വര നടപടികൾ സ്വീകരിക്കാൻ ഇനിയും അമാന്തിച്ചുകൂടാ.
അഭിനയ ചക്രവർത്തിയുടെ ഭാവാഭിനയ അനുഭവം പുതിയ തലമുറയ്ക്ക് സന്നിവേശിപ്പിക്കുന്ന
തിനും നടന്റെ ഉജ്വലസ്മരണകൾ ശാശ്വതമായി നിലനിർത്തുന്നതിനുമായി 2011 മുതൽ, വിവിധ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് 'കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷൻ' എന്ന സാംസ്കാരിക സംഘടന പ്രവൃത്തിച്ചു വരുന്നു.
1922
സെപ്റ്റംബർ 11ന് ആയിരുന്നു ശ്രീധരൻ നായരുടെ ജനനം. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കൊരട്ടിയാട്ട് വീട്ടിൽ ഉമ്മിണി അമ്മയും ശ്രീനാരായണപിള്ളയു
മാണ്അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ജയിൽ ജി യായിരുന്ന ഇഞ്ചക്കാട്ട് സത്യവാൻ ഗോപാലപിള്ളയുടെ സഹോദരൻ കേശവ പിള്ളയുടെ മകൾ വിജയലക്ഷ്മിയാണ് കൊട്ടാരക്കര യുടെ പ്രിയ പത്നി. മക്കൾ എട്ടു പേർ. കൊട്ടാരക്കരയിൽ മകൾ ബീനയോടൊപ്പം താമസിച്ചുവന്നിരുന്ന അമ്മ വിജയലക്ഷ്മി 2022 ജനുവരി 24ന് ദിവംഗതയായി.
1982
ലെ 'ബലൂൺ'എന്ന ചിത്രത്തിൽ നായികയായി വന്ന മകൾ ശോഭാ മോഹൻ, കൊട്ടാരക്കരയുടെ ശബ്ദവും ഭാവവും ഇപ്പോഴും നമ്മളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന മകൻ സായികുമാർ, സിനിമാ സീരിയൽ നടിയായ മകൾ ശൈലജ, കൊച്ചുമക്കളായ വിനു മോഹൻ, അനു മോഹന്‍, എന്നിവർ കൊട്ടാരക്കര യുടെ പിന്മുറപ്രതിഭകളായി സിനിമാലോകത്ത് പ്രശോഭിക്കുന്നു.

ഡോ.പി.എൻ.ഗംഗാധരൻ നായർ.


No comments: