ശ്രീനാരായണഗുരു ദർശനം
വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം. ഗുരുദേവൻ ജീവിച്ചിരുന്ന കാലം കർമനിരതനായ ഒരാളെ പ്രേരിപ്പിക്കുന്നത് അത്തരമൊരു സ്വപ്നത്തിനായിരുന്നു. ഗുരുദേവൻ പക്ഷേ സ്വപ്നം കാണുക മാത്രമല്ല, അതു പ്രാവർത്തികമാക്കുകയും ചെയ്തു. ജാതി – മത – വർഗീയതകൾ കേരളത്തെ പല കളങ്ങളിലേക്കു തിരിച്ചിട്ടിരുന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം എങ്ങനെ നേടിയെടുക്കണമെന്നു പോരാടി കാണിച്ചു തന്നയാളാണു ഗുരുദേവൻ. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന മറുപടി കേരള ജനതയ്ക്ക് ഇരുട്ടിലേക്കു നീട്ടിയ വെളിച്ചമായിരുന്നു. അവനിലും ഇവനിലും ഉള്ളത് ഒരേ ഈശ്വരചൈതന്യമെന്നായിരുന്നു ഗുരുവിന്റെ പക്ഷം.
അധികാരവും വിദ്യാഭ്യാസവുമുള്ളവൻ അതില്ലാത്തവനെ അടിച്ചമർത്താൻ ശ്രമിക്കുന്നതു നമ്മൾ ഇന്നും കാണുന്നുണ്ട്. ‘വിദ്യകൊണ്ടു സ്വതന്ത്രരാവൂ’ എന്ന് ഗുരു ഉദ്ബോധിപ്പിച്ചതിന്റെ മൂല്യം യഥാർഥത്തിൽ കൂടുന്നതേയുള്ളൂ. വിദ്യാഭ്യാസം യഥാവിധി അല്ലാത്തതിന്റെ പരിണതഫലമാണു നമ്മൾ നേരിടേണ്ടിവരുന്ന ദുരന്തങ്ങളൊക്കെ.ശ്രീനാരായണഗുരുവിന്റെ തത്വദർശനങ്ങളുടെ ഉന്നം എക്കാലവും മനുഷ്യനായിരുന്നു; മതവും അതിനെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളുമെല്ലാം മനുഷ്യോന്നമനത്തിനു വേണ്ടിയും. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതംകൊണ്ട് എന്തു പ്രയോജനമെന്നു ഗുരു ചോദിച്ചു. അറിവു പകർന്നുകൊടുത്ത് മനുഷ്യനെ ലോകോപകാരിയായി മാറ്റിത്തീർക്കാനും പ്രയത്നിച്ചു.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിൽ യാതൊരു ദോഷവുമില്ല’ എന്നിങ്ങനെയുളള ഗുരുവിന്റെ സന്ദേശങ്ങളെല്ലാം മനുഷ്യരുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയായിരുന്നു. ഗുരു അടിവരയിട്ടു പറഞ്ഞു: മനുഷ്യരൊക്കെയും ഒന്ന്, അതാണ് നമ്മുടെ മതം.
മനുഷ്യരിൽ ജാതിഭേദമോ മതഭേദമോ മറ്റു വിഭാഗീയ ചിന്താഗതികളോ ഇല്ലെന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. മനുഷ്യരാശിമാത്രമല്ല ജീവന്റെ തുടിപ്പുള്ളതെല്ലാം ഗുരുവിനെ സംബന്ധിച്ച് ആത്മസഹോദരർ തന്നെയായിരുന്നു. ആലുവയിലെ സർവമത സമ്മേളനത്തിന്റെ അടിസ്ഥാനതത്വം ഈ സർവമതസമന്വയ കാഴ്ചപ്പാടല്ലാതെ മറ്റൊന്നുമായിരുന്നില്ല.
മനുഷ്യത്വദർശനത്തിന്റെ മഹാപ്രവാചകനെന്ന നിലയിലായിരിക്കും കാലവും ലോകവും ശ്രീനാരായണഗുരുവിനെ വിലയിരുത്തുക. ഈശ്വരൻ, ജീവൻ (മനുഷ്യൻ), ജഗത്ത് ഈ മൂന്നിനെയും ഒന്നായി കണ്ടുകൊണ്ടുള്ള സമന്വയദർശനമാണ് ഗുരു ലോകത്തിനു സമർപ്പിച്ചത്. മതത്തിന് ഉപരിയായി മനുഷ്യനെയും മനുഷ്യരുടെ ആനന്ദപ്രാപ്തിയെയും ഗുരു വ്യവസ്ഥാപനം ചെയ്തു. അദ്വൈതമാണു ശരിയെന്നു സ്ഥാപിക്കുവാൻ ശ്രീശങ്കരാചാര്യർക്കു സാധിച്ചു. ശ്രീനാരായണഗുരുവിന്റെ കാലം വരെ അദ്വൈതം ചിന്താപദ്ധതി മാത്രമായിരുന്നു. സിദ്ധാന്തത്തിന് - തത്വചിന്തയ്ക്ക് - മതത്തിന് മാത്രമായിരുന്നു സിദ്ധാന്താവിഷ്കാരത്തിൽ പരമപ്രാധാന്യം. ഗുരു തത്വചിന്തയുടെ സ്ഥാനത്തു മനുഷ്യനെ പ്രതിഷ്ഠിച്ചു. ഇതാണു പ്രധാനം. ഗുരുദേവൻ അദ്വൈതവാദിയായില്ല. എന്നാൽ, തികവൊത്ത അദ്വൈതവാദിയായി ജീവിച്ചു. അദ്വൈതത്തെ ചിന്താപദ്ധതി എന്നതിനപ്പുറത്ത് ജീവിതപദ്ധതിയായി മാറ്റിത്തീർക്കുകയും ചെയ്തു.
ഈശാവാസ്യോപനിഷത്ത് മലയാളത്തിലേക്കു മാറ്റി ഗുരു പാടി.‘സർവഭൂതവുമാത്മാവിലാത്മാവിനെയുമങ്ങനെസർവഭൂതത്തിലും കാണുമവനെന്തുള്ളൂ നിന്ദ്യമായ്?’. മനുഷ്യരിൽ ജാതിഭേദമോ മതഭേദമോ മറ്റു വിഭാഗീയ ചിന്താഗതികളോ ഇല്ലെന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. മനുഷ്യരാശി മാത്രമല്ല ജീവന്റെ തുടിപ്പുള്ളതെല്ലാം ഗുരുവിനെ സംബന്ധിച്ച് ആത്മസഹോദരർ തന്നെയായിരുന്നു. ഈ താത്വിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യസഞ്ചയം എല്ലാവിധമായ വിഭാഗീയ ചിന്താഗതികളും വെടിഞ്ഞ് സാഹോദര്യഭാവത്തിൽ ജീവിക്കണം. അതിനു വേണ്ടിയായിരുന്നു ഗുരുവിന്റെ ജീവിതം. ആലുവയിൽ സർവമത സമ്മേളനം സംഘടിപ്പിച്ചതിന്റെ അടിസ്ഥാനതത്വം ഈ സർവമതസമന്വയ കാഴ്ചപ്പാടല്ലാതെ മറ്റൊന്നുമായിരുന്നില്ല.ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരു പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. കേരള സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന നായകനാണ് ഗുരു; ഈഴവ സമൂഹത്തിന്റേതു മാത്രമല്ല. അങ്ങനെ ചുരുക്കിക്കളയുന്ന പ്രവൃത്തികളാണ് ഗുരുദർശനത്തോടു ചെയ്യുന്ന വലിയ തെറ്റ്. ഗുരു കാണിച്ചുതന്ന മാർഗവും ജീവിതവും പിൻതുടരുന്നതിൽ പിൻഗാമികൾ പരാജയപ്പെട്ടിട്ടുണ്ടാവാം. അതു പക്ഷേ, ഗുരുവിനെ ഒരിക്കലും ചെറുതാക്കില്ല. ഗുരുദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
ഒരു നൂറ്റാണ്ടിനിപ്പുറവും ഗുരുവിന്റെ വാക്കുകളുടെ പ്രസക്തി അതേപടി നിൽക്കുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ട് ലോകം വികാസം പ്രാപിച്ചു നിൽക്കുമ്പോഴും വിശ്വക്ഷേമത്തിനായി പ്രവർത്തിക്കുന്ന, ഹൃദയശുദ്ധിയുള്ള മനുഷ്യരുടെ ‘സമ്മേളനങ്ങൾ’ അനിവാര്യമായി മാറുന്നു. അത്തരം ചുവടുവയ്പുകൾക്കു വെളിച്ചമേകുന്നതാണ് ഗുരുചിന്തയും ദർശനങ്ങളും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment