ഡൽഹിയിൽ വായുമലിനീകരണം തടയാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലേ?
വായു മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ മാത്രമല്ല, ഒരാളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കു മെന്ന് പഠനങ്ങൾ തെളിയിക്കുന്നു .ഇന്ത്യക്കാരെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിൽ അഞ്ചാംസ്ഥാനം വായുമലിനീകരണത്തിനാണ്. 2019ൽ 16 ലക്ഷം ഇന്ത്യക്കാരാണ് ഇക്കാരണത്താൽ ആയുസ്സ് തികയാതെ മരിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് മരിച്ചവരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയിൽ കൂടുതലാണിത്. വർഷന്തോറും ശരാശരി ഏഴു ലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് ഇന്ത്യയിൽ വായുമലിനീകരണം വഴി ഉണ്ടാകുന്നത്. ജീവിതം, തൊഴിൽ, പഠനം എന്നിവയെല്ലാം തടസ്സപ്പെടുന്നു. ആഴ്ചകളായി ഡൽഹിയും പരിസരവും വിഷവായു നിറഞ്ഞിരിക്കുന്ന സ്ഥിതിയിൽ ഈ വിപത്ത് രാജ്യത്താകെ ചർച്ചചെയ്യേണ്ടതാണ്.
വായു ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് മുൻനിരയിലാണ് ദീർഘകാലമായി ഡൽഹി. ഇപ്പോൾ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സർവനിയന്ത്രണവും മറികടന്ന് പടക്കം പൊട്ടിച്ചതോടെ ഡൽഹിയിലെ മലിനീകരണം അങ്ങേയറ്റം വിനാശകരമായി. കവികൾ പാടിപ്പുകഴ്ത്തിയ യമുനാനദിയിൽ വിഷപ്പത നുരയുകയാണ്. ദീപാവലിപ്പിറ്റേന്ന് ഡൽഹിയിൽ വായുഗുണനിലവാര സൂചികയിൽ രേഖപ്പെടുത്തിയത് ക്യൂബിക് മീറ്ററിന് 999 മൈക്രോഗ്രാം എന്ന തോതാണ്. രാജ്യത്തെ മാനദണ്ഡങ്ങൾപ്രകാരം ആരോഗ്യകരമായ വായുഗുണനിലവാര സൂചിക തോതിന്റെ 16 മടങ്ങാണിത്. ഡൽഹിയിൽ ശരാശരി 400–- 500 എന്ന തോതിലാണ് ഇപ്പോൾ സൂചിക. മുൻ ആഴ്ചകളിൽ നിലനിന്ന മലിനീകരണത്തിന് ദീപാവലിക്ക് തൊട്ടുമുമ്പ് പെയ്ത മഴ തെല്ല് ശമനം വരുത്തിയിരുന്നു. കൃത്രിമ മഴ പെയ്യിക്കാനും വാഹനങ്ങൾക്ക് ഒറ്റ– -ഇരട്ട നമ്പർ അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്താനും ആലോചിച്ചിരുന്നത് ഇതേത്തുടർന്ന് മാറ്റിവച്ചു. വിഷവായു പൂർവാധികം ശക്തിയാർജിച്ചതോടെ രാഷ്ട്രീയത്തർക്കം മാത്രമാണ് ഇതിന്റെ പേരിൽ നടക്കുന്നത്.
ഹരിയാനയിലും ഉത്തർപ്രദേശിലും കർഷകർ വിളവെടുപ്പിനുശേഷമുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നുണ്ട്. പഞ്ചാബിലെ കർഷകരെമാത്രം പഴിക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്. കാലങ്ങളായി നടക്കുന്ന ഈ കത്തിക്കൽ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുൻകൈയിൽ നടപടികൾ എടുക്കേണ്ടതുണ്ട്. ദീപാവലിക്ക് വ്യാപകമായുള്ള കരിമരുന്ന് പ്രയോഗവും വായുമലിനീകരണത്തിനു കാരണമായി .
മൂന്നു കോടിയിൽപ്പരം പേർ അധിവസിക്കുന്ന ഡൽഹിയിലെ അനുഭവം എല്ലാവർക്കും പാഠമാകണം. വാഹനപ്പെരുപ്പവും അശാസ്ത്രീയ നിർമാണങ്ങളും ഉത്തരേന്ത്യൻ ഭവനങ്ങളിൽ പാചകഇന്ധനമായി ഉണക്കിയ ചാണകം ഉപയോഗിക്കുന്നതും വായുമലിനീകരണത്തിന് പ്രധാന കാരണങ്ങളാണ്.
ഡൽഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ ഗ്രാമീണർ ഇക്കാലത്തും ഇന്ധനമായി ചാണകം ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. വിഷവായുവിൽ 19 ശതമാനം ചാണകം കത്തിക്കൽ വഴിയാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വായുമലിനീകരണം തടയാൻ സമഗ്രമായ സമീപനമാണ് വേണ്ടതെന്ന് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. പടക്കംപൊട്ടിക്കൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തയ്യാറാകണം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment