Pages

Sunday, December 24, 2023

മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, പ്രതിഷേധക്കാരെ ആക്രമിക്കാൻ ആര് അനുമതി നൽകി.

 

മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, പ്രതിഷേധക്കാരെ  ആക്രമിക്കാൻ  ആര് അനുമതി നൽകി.



മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടിവാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർക്കാൻ തുടങ്ങിയതോടെ നവകേരള സദസ്സിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക് കടന്നു .കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പിടിച്ചുവച്ചു തല്ലുമ്പോൾ വടിയുമായി ഗൺമാനുമുണ്ടായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കൽ പൊലീസ് നീക്കുന്നതിനിടെയാണ് ഗൺമാൻ കാറിൽനിന്നു വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയിൽ അടിച്ചത്. മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ടയാൾ പിന്നിലുള്ള കാറിൽനിന്നിറങ്ങിയാണ് അക്രമത്തിനു നേതൃത്വം നൽകിയത്.

മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണു ഗൺമാന്റെ ചുമതലയെന്നിരിക്കെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിക്കഴിഞ്ഞ് എസ്കോർട്ട് വാഹനത്തിൽനിന്നു റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് എല്ലാ ചട്ടവും ലംഘിച്ചാണ്.  ഇങ്ങനെ ഒരു  സംഭവം  ഇതിനു മുൻപ്  ഒരിക്കലും  ഉണ്ടായിട്ടുമില്ല .അംഗരക്ഷകരുടെ ചെയ്തികളെ മുഖ്യമന്ത്രി ന്യായീകരിച്ചിരിക്കുകയാണീ .പൊലീസുകാരെന്ന പേരിൽ മുഖ്യമന്ത്രി കൂടെക്കൊണ്ടുനടക്കുന്ന ക്രിമിനലുകൾ ആക്രമണം തുടർന്നാൽ കോൺഗ്രസ്രക്ഷാപ്രവർത്തനത്തിന്ഇറങ്ങുമെന്നു പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നൽകി. ഗൺമാൻ അനിൽകുമാറിന്റെയും സന്ദീപിന്റെയും വീടിനു സുരക്ഷയൊരുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചു.പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങൾ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ കൊണ്ടുനടക്കുന്നുവെന്ന ഗുരുതരമായ ചട്ടലംഘനവും ഇവിടെ സംഭവിച്ചു. ഭരണാധികാരികളുടെ സുരക്ഷയ്ക്ക് ഗൺമാന്മാരെ നിയോഗിച്ചത് അടുത്തകാലത്തൊന്നുമല്ല. എന്നാൽ, ഗൺമാന്മാരുടെയും എസ്കോർട്ട്ഡ്യൂട്ടിക്കാരുടെയും പ്രവൃത്തികൾ നിരന്തരം വാർത്തയാവുന്നത് ഈയിടെയാണ്. പ്രതിഷേധങ്ങളെ തടയാൻ അണികൾതന്നെ രംഗത്തിറങ്ങുന്ന കാഴ്ച പലയിടത്തും കണ്ടു. പോലീസിനെ കാഴ്ചക്കാരാക്കിക്കൊണ്ടായിരുന്നു ഇത്. കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിപ്രവർത്തകർ കൈയേറ്റംചെയ്തതിനെ മുഖ്യമന്ത്രിരക്ഷാപ്രവർത്തനമെന്നാണ് വിശേഷിപ്പിച്ചത്‌. എസ്കോർട്ട് ഉദ്യോഗസ്ഥരുടെയും ഗൺമാന്മാരുടെയും ജോലി കൃത്യമായി നിർവചിക്കണം . ക്രമസമാധാനം നിയന്ത്രിക്കാൻ പോലീസുണ്ട്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകരെ മർദിക്കാൻ ഗൺമാന് അധികാരമുണ്ടോ? ഇടുക്കിയിൽ ഒരു മാധ്യമപ്രവർത്തകന്റെ കഴുത്തിൽ ഗൺമാൻ കുത്തിപ്പിടിച്ചത് ലോകം കണ്ടു .  ക്യാമറയുമായി മുഖ്യമന്ത്രിയുടെ പിറകിൽ വരുകയായിരുന്ന മാധ്യമപ്രവർത്തകനെ ഒരു പ്രകോപനവുമില്ലാതെയാണ് അപമര്യാദയോടെ തള്ളിമാറ്റിയത്. പോലീസിന്റെയും പ്രവർത്തകരുടെയും ഗൺമാന്റെയും സുരക്ഷാവലയത്തിനുള്ളിൽ നടന്നുവരുന്ന മുഖ്യമന്ത്രിക്ക് ക്യാമറയുമായെത്തുന്ന മാധ്യമപ്രവർത്തകർ എന്തു ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നു മനസ്സിലാവുന്നില്ല.മുഖ്യമന്ത്രിക്കുനേരെ നടക്കുന്ന അക്രമങ്ങൾ തടയലാണ് ഗൺമാന്റെ ജോലി.  എന്നാൽ വഴിയിൽ കാണുന്നവരെ തല്ലിയൊതുക്കാൻ ഇവർക്കു ലഭിക്കുന്ന സ്വാതന്ത്ര്യം അമിതാധികാരത്തിന്റെ പ്രയോഗമാണ്. അത് ജനാധിപത്യസംവിധാനത്തിൽ ഭൂഷണവുമല്ല. ജനാധിപത്യമര്യാദകളെ മാനിക്കാൻ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. അത് ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളാണ്.

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: