Pages

Monday, September 4, 2023

പ്രൊഫസർ ജോൺ കുരാക്കാർ സപ്തതി മെമ്മോറിയൽ ഗ്രന്ഥം. "ഗുരുസാഗരം"

 

പ്രൊഫസർ ജോൺ കുരാക്കാർ സപ്തതി മെമ്മോറിയൽ ഗ്രന്ഥം.

"ഗുരുസാഗരം"



പ്രൊഫ.ഡോ. എസ്. മുരളീധരൻ നായർ,മുൻ മലയാള വിഭാഗം മേധാവി,എൻ. എസ്. എസ്. കോളേജ്,നിലമേൽ.

ഗുരുസാഗരം . വി. വിജയന്റെ പ്രസിദ്ധനോവലാണ്. പ്രിയഗുരുനാഥൻ ജോൺ കുരാക്കാർ സാറിനെ വിശേഷിപ്പിക്കാൻ ഇതിലും യോജിച്ച മറ്റൊരു വാക്ക് കിട്ടാത്തതുകൊണ്ടാണ് പദശില്പം ഇവിടെ കടമെടുക്കുന്നത്. ജീവിതത്തിന്റെ അപരാഹ്നതീരത്തിരുന്നു തിരിഞ്ഞു നോക്കുമ്പോൾ വലിയൊരു ഗുരുപരമ്പരയുടെ ശിഷ്യനാവാൻ ഭാഗ്യം ലഭിച്ചവനാണു ഞാനെന്നു തിരിച്ചറിയുന്നു. അവരിൽ നിറകതിർ തൂകി സദാ മനസ്സിലുണ്ട് കുരാക്കാർ സാർ.

പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിൽ നിന്നും എം. . കഴിഞ്ഞ് ഏറെ താമസിയാതെയാണ് ആരബ്ധയൗവനനും സുന്ദരകളേബരനുമായ സാർഞങ്ങളുടെ പ്രീ ഡിഗ്രി ക്ലാസ്സിൽ അദ്ധ്യാപകനായെത്തുന്നത്. ആദ്യ ക്ലാസ്സിൽ തന്നെ വേറിട്ടതും വശ്യമധുരവുമായ പെരുമാറ്റത്താൽ ഞങ്ങൾ വിദ്യാർഥികളെ മുഴുവൻ സാർ കയ്യിലെടുത്തുകളഞ്ഞു. വചോവൈഭവത്തിൽ കേശവദേവും തകഴിയും സാക്ഷാൽ കാളിദാസനും മറ്റും മറ്റും അവരുടെ സമഗ്രതയിൽ ഞങ്ങളുടെ മനസ്സിൽ ഇരുപ്പുറപ്പിച്ചു. കൃതികളുടെ ആഴങ്ങളിലേക്കും ഉയരങ്ങളിലേക്കും സൗന്ദര്യവിതാനങ്ങളിലേക്കും അനായാസം സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ക്ലാസ്സ്പോലെ നിലവാരമുള്ളതായിരുന്നു സാറിന്റെ നോട്സും. ഏതാനും ദിവസങ്ങൾക്കകം വിദ്യാർഥികളുടെ പേരോർമ്മിച്ചു വിളിക്കത്തക്ക ആത്മബന്ധം സാർ ഞങ്ങളുമായി സ്ഥാപിച്ചിരുന്നു. ഔപചാരികതയുടെ എല്ലാ മതിൽക്കെട്ടുകളും അവിടെ തകർന്നു വീണു. ഭാവിയിൽ മലയാളം ഐച്ഛികമായെടുത്തു പഠിക്കാനുള്ള പ്രേരണകളിലൊന്ന് ക്ലാസ്സുകളുടെ വശീകരണശക്തികൂടിയായിരുന്നു.

തുടർപഠനം മറ്റു കോളേജുകളിലായിരുന്നു. എങ്കിലും കാര്യവട്ടം മലയാളവിഭാഗത്തിലും മൂല്യനിർണയക്യാമ്പുകളിലും കാവ്യകലാസാഹിതിയുടേതുൾപ്പെടെ ചില സാഹിത്യ പരിപാടികളിലുമൊക്കെ  സാറിനെ ഇടയ്ക്കു കാണുന്നുണ്ടായിരുന്നു.കാണുമ്പോഴൊക്കെ പേരുവിളിച്ചുള്ള കുശലാന്വേഷണത്തിൽ സ്നേഹത്തിന്റെ കടലിരമ്പം അനുഭവിച്ചറിഞ്ഞു. സാറിന്റെ ക്ഷണപ്രകാരം ഒരിക്കൽ കുരാക്കാർ കുടുംബയോഗത്തിൽ ക്വിസ്സ്മാസ്റ്ററായി പങ്കെടുത്തതും ഓർമയിൽ തെളിയുന്നു. സാഹിത്യത്തിലും കലകളിലും ശാസ്ത്രസാങ്കേതികവിഷയങ്ങളിലും നല്ല പരിജ്ഞാനം നേടിയിട്ടുണ്ട് കുരാക്കാർസാർ. ഒപ്പം ദേശാന്തര യാത്രകളിലൂടെ നേടിയ വലിയൊരനുഭവലോകം. സാറിന്റെ രചനകളിലും വശ്യമായ പ്രഭാഷണങ്ങളിലും അതിന്റെയാകെ വെളിച്ചം പ്രസരിച്ചു കാണാം. സാഹിത്യ കലാസംഘടനകളുടെ മാത്രമല്ല ജനോപകാരപ്രദമായ നിരവധി പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട് കുരാക്കാർ സാർ. ജാതിമതരാഷ്ട്രീയ ഭേദമോ വലുപ്പച്ചെറുപ്പമോ നോക്കാതെ പരിചയപ്പെടുന്നവരെയെല്ലാം തന്നിലേക്കാകാർഷിക്കുന്ന ഒരു കാന്തശക്തി വ്യക്തിത്വത്തിനുണ്ട്. സ്നേഹസ്പർശവും കരുതലും ആശ്വാസമായി ഏറ്റുവാങ്ങിയവർ നിരവധി. കൈത്താങ്ങ് സാന്ത്വനമായവർ അനവധി. അക്ഷരകലയുടെ ചൈതന്യവും കരുണ പെയ്യുന്ന മനസ്സുമായി തന്റെ കർമ്മപഥത്തിൽ ആയുരാരോഗ്യസൗഖ്യത്തോടെ ഇനിയുമേറെ സഞ്ചരിക്കുവാൻ പ്രിയഗുരുനാഥനു കഴിയട്ടെ.

എസ്. മുരളീധരൻ നായർ.

 

 

No comments: