Pages

Thursday, August 3, 2023

കൊട്ടാരക്കരയുടെ സാംസ്കാരിക പാരമ്പര്യവും കൂരാക്കാരൻ വലിയ വീട്ടിൽ കുടുംബവും.--Prof.John Kurakar

 

കൊട്ടാരക്കരയുടെ  സാംസ്കാരിക

പാരമ്പര്യവും  കൂരാക്കാരൻ  വലിയ വീട്ടിൽ കുടുംബവും.

Prof.John Kurakar



 

കൊട്ടാരക്കര പ്രദേശത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുള്ള തനതുചരിത്രവും സംസ്കാരവുമുണ്ട്.ചരിത്രവും  പാരമ്പര്യവും  നിറഞ്ഞു നിൽക്കുന്ന പുണ്യപുരാതനമായ  ഒരു സ്ഥലമാണ്  കൊട്ടാരക്കര.

പഴയ ദേശിംഗനാടായ കൊല്ലത്തിന്റെ വടക്ക് കിഴക്ക്  സ്ഥിതിചെയ്യുന്ന പുരാണചരിത്രപ്രസിദ്ധമായ നാടാണിത്.പഴയകാലത്തെ ഇളയിടത്തു സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര. വേണാട് രാജവംശത്തിൽ നിന്ന് വേർപിരിഞ്ഞ ശാഖയാണ് ഇളയിടത്തു സ്വരൂപം.

ഇളയിടത്തു സ്വരൂപത്തിന്റെ ആദ്യ തലസ്ഥാനം കിളിമാനൂരിനടുത്തുള്ള കുന്നുമ്മൽ ആയിരുന്നു. പിന്നീട് കൊട്ടാരക്കരയിലേയ്ക്ക് മാറ്റി. കേരളത്തിന്റെ നാല് അതിർത്തികളിലേക്കുള്ള റോഡുകളുടെ സംഗമ സ്ഥാനമായ കൊട്ടാരക്കരയിൽ കൂടി മെയിൻ സെൻട്രൽ റോഡും ദേശീയപാതയും കടന്നുപോകുന്നു . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക ചരിത്രം എഴുതുന്ന ഒരു ചരിത്രകാരനും അവഗണിക്കാൻ കഴിയാത്ത സ്ഥാനമാണ് കൊട്ടാരക്കരയ്ക്കുള്ളത് .

അനവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിക്കുകയുംചരിത്രസൃഷ്ടികൾക്ക് തന്നെ കാരണഭൂതരുമായിട്ടുള്ള ഒട്ടനവധി മഹത്തുക്കൾക്ക് ജന്മം നൽകുകയും ചെയ്തിട്ടുള്ള പുരാണപ്രസിദ്ധമായിട്ടുള്ള നാടാണിത് .

കൊട്ടാരക്കര എന്ന സ്ഥലനാമത്തിന്റെ ഉല്പത്തിയെ കുറിച്ച്  വിവിധ അഭിപ്രായങ്ങൾ ഉണ്ട്. ഇളയിട  സ്വരൂപത്തിന്റെ ഭരണകാലത്ത് സ്വരൂപത്തിന്റെ അധികാരാതിർത്തിയിൽ ഉൾപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ എല്ലാം കാര്യനിർവ്വഹണ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഇവിടെ ആയതിനാൽ കൊട്ടാരക്കര എന്ന പേരുണ്ടായി . രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥത പുലർത്തിയിരുന്ന അനേകം കൊട്ടാരങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ കൊട്ടാരങ്ങളുടെ കരയെ കൊട്ടാരക്കര എന്നുവിളിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരങ്ങളുടെ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങൾ കിഴക്കേക്കര , പടിഞ്ഞാറ്റിൻകര എന്നീ പേരുകളിലാണ് ഇന്നും അറിയപ്പെടുന്നത് രാജ്യകാര്യങ്ങളിലും , ക്ഷേത്രകാര്യങ്ങളിലും നിർണ്ണായക സ്വാധീനശക്തി ഉള്ളവരായിരുന്നു ; ഇരുകരക്കാരും രാജാവും കരക്കാരും കൂടി ഇരുന്ന് പര്യാലോചനകൾ നടത്തിയിരുന്നത് രണ്ട് കരകളുടെയും പ്രാതിനിധ്യവും പ്രാധാന്യവും ഒന്നുപോലെ ഉദ്ഘോഷിക്കുന്നതിന് പ്രദേശത്തിന് കൊട്ടാരക്കര എന്ന നാമകരണം ചെയ്തു.

. ഇളയിടത്ത് സ്വരൂപത്തിലെ ഏറ്റവും പ്രധാനകാർഷികവിള നെല്ലും അത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിച്ചിരുന്നത് കൊട്ടാരക്കരയിലുമായിരുന്നു . ചില പ്രാചീനകൃതികളിൽ കൊട്ടകാരക്കര എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . കൊട്ടകാരം എന്ന വാക്കിനു നെല്ലറ എന്നർത്ഥം വരുന്ന കൊട്ടകാരക്കര ഉച്ചാരണ സൗകര്യാർത്ഥം കൊട്ടാരക്കരയായി പരിണമിച്ചു .

കൊട്ടാരം അക്കരെഎന്ന്  നദീ മാർഗ്ഗം  വന്നിരുന്നവർ പറഞ്ഞിരുന്നു  എന്നും  അത് ലോപിച്ചാണ്  കൊട്ടാരക്കര ഉണ്ടായതെന്നും  ചിലർ പറയുന്നു.

വേണാട് രാജവംശത്തിനു ആദ്യമുണ്ടായ ശാഖയാണ് ഇളയിടത്ത് സ്വരൂപം . കൊട്ടാരക്കര ശാഖ , കുന്നുമേൽശാഖ എന്നീ പേരുകളിലും ഇളയിടത്ത് സ്വരൂപം അറിയപ്പെട്ടിരുന്നു . വേണാടിന്റെ ഏകദേശം പകുതിയോളം വലുപ്പം ഉണ്ടായിരുന്നു . തിരുവനന്തപുരത്തിനു വടക്ക് തീരപ്രദേശങ്ങൾ ഒഴികൊള്ള സ്ഥലങ്ങൾ ഇളയിടത്ത് സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു . ഇതിൽ ഒരുശാഖ പിന്നീട് നെടുമങ്ങാട്ടേക്ക് താമസം മാറ്റി . ഈശാഖയെ പേരകത്താവഴി എന്നുപറയുന്നു . ഇവർ യാദവരായിരുന്നു . .ഡി. 1734 മാർത്താണ്ഡവർമ്മ കൊട്ടാരക്കര പിടിച്ചെടുക്കുകയും രാജാവായിരുന്ന വീരകേരളവർമ്മയെ തടവുകാരനാക്കി തിരുവനന്തപുരത്ത് ജയിലിൽ അടക്കുകയും ചെയ്തു . 1736 വീരകേരളവർമ്മ ജയിലിൽ കിടന്നു തന്നെ അന്തരിച്ചു . രാജകുമാരി ആയിരുന്ന ഉമ സിംഹാസനാരൂഢയായി ഇളയിടത്ത് സ്വരൂപം ആക്രമിച്ചുകൂടെന്നു ഡച്ചുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാർത്താണ്ഡവർമ്മ കൂട്ടാക്കിയില്ല . കൊട്ടാരക്കര യുദ്ധത്തിൽ ഈയിടത്ത് റാണിയുടെ സൈന്യം തോറ്റു എന്നാൽ ഡച്ച് ഗവർണർ 1741 റാണിയെ വീണ്ടും അധികാരത്തിൽ അവരോധിച്ചു . പ്രത്യുപകാരമായ വെച്ചൂർ , ഐരൂർ , പ്രദേശങ്ങൾ റാന്നി ഡച്ചുകാർക്ക് നൽകി വിധയത്വം പ്രകടിപ്പിച്ചു പ്രകോപിതനായ മാർത്താണ്ഡവർമ്മ വീണ്ടും സ്വരൂപം ആക്രമിക്കുകയും ഡച്ച് -സ്വരൂപം സംയുക്ത സൈന്യത്തെ കൊട്ടാരക്കര യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു , സ്വരൂപം തിരുവിതാംകൂറിനോട് കൂട്ടിചേർത്തു . റാണി കൊച്ചിയിലെ ഡച്ചുകോട്ടയിൽ അഭയംതേടി ഡച്ചുകാർ റാണിക്ക് ദിനാപതി 2 രൂപ 5 അണ വിതം അടുത്തുൺ നൽകി. റാണി ഡച്ച് കോട്ടയിൽ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.

വയലേലകൾ, കാട്, മലകൾ, നദികൾ, തോടുകൾ,സമതലങ്ങൾ തുടങ്ങി വൈവിധ്യമായ   ഭൂപ്രകൃതിയാണ് കൊട്ടാരക്കരയുടെ സൌന്ദര്യം. ഐതിഹ്യപെരുമയിലും കൊട്ടാരക്കര മുന്നില്‍ തന്നെ.

കൊല്ലവർഷം ആറാം ശതകത്തിന് മുൻപ് തന്നെ കൊട്ടാരക്കര കോവിലകത്തിന്റെ  ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വേണാട്ട് രാജവംശത്തിന്റെ  ഇളയ തായ് വഴിയായിരുന്നെങ്കിലും   ഇളയിടത്തിന്റെ  സാമ്രാജ്യം വിസൃതമായിരുന്നു.  ഇന്നത്തെ കൊട്ടാരക്കര, പത്തനാപുരം, നെടുമങ്ങാട്  എന്നീ താലൂക്കുകൾ ഉൾപ്പെട്ടിരുന്ന  നാട്ടുരാജ്യം  കിഴക്ക് ചെങ്കോട്ട വരെ ഉണ്ടായിരുന്നു.

 

രാമനാട്ടത്തിന്റെ  ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാൻ  സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ  അംഗമായിരുന്നു. 1742 വരെ പ്രദേശം എളയടത്ത് സ്വരൂപം  എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.

കൊട്ടാരക്കരയുടെ പേരും പെരുമയും ലോകം എമ്പാടും എത്തിയത് ശ്രീ. മഹാഗണപതി ക്ഷേത്ര മാഹാത്മ്യത്തിലൂടെയും വിശ്വോത്തര കലയായ കഥകളിയിലൂടെയുമാണ്. കിഴക്കേക്കര ക്ഷേത്രം  അകവൂർ, ഊമൻപളളി എന്നീ മനകളുടേതായിരുന്നു.  പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജവംശത്തിന്റേതും . ഒരു വെളുപ്പാൻകാലം പടിഞ്ഞാറ്റിൻകര  ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠയ്ക്കുവേണ്ടി താന്ത്രിക കർമ്മങ്ങൾ  നടക്കുകയായിരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ പ്രസിദ്ധനായ  ഉളിയന്നൂർ പെരുന്തച്ചനായിരുന്നു ക്ഷേത്ര നിർമ്മാണത്തിന്റെ  മേല്‍നോട്ടം വഹിച്ചിരുന്നത്. ക്ഷേത്രത്തിന് പുറത്ത്, മന്ത്രങ്ങൾ കേട്ടുകൊണ്ടിരുന്ന പെരുന്തച്ചൻ അടുത്തു കിടന്ന പ്ലാവിന്റെ  വേര് ഭാഗത്തിന്റെ അവശിഷ്ടത്തില്‍ കൊത്തിയും ചീകിയുമിരുന്നപ്പോൾ ഒരു രൂപം  ഉരുത്തിരിഞ്ഞ് വരുന്നതായി കണ്ടു. ശില്‍പ്പം പൂർണ്ണമായപ്പോൾ അതൊരു ഗണപതി വിഗ്രഹമായിരുന്നു. ശിവനെ പ്രതിഷ്ഠിച്ച് കഴിഞ്ഞ ശേഷം

ഗണപതിയെ കൂടി പ്രതിഷ്ഠിക്കുകതന്ത്രികൾ  വിസമ്മതിച്ചു.  നിരാശനായ പെരുന്തച്ചൻ ക്ഷേത്രത്തില്‍ നിന്നിറങ്ങി  കിഴക്കോട്ട് നടന്നു.  മനവക കിഴക്കേക്കര  ശിവക്ഷേത്രത്തിലാണ് നടത്തം അവസാനിച്ചത് .  അവിടെ  മേല്‍ ശാന്തി  ഉണ്ണിയപ്പം എന്ന നിവേദ്യം തയ്യാറാക്കുന്ന  തിരക്കിലായിരുന്നു. പെരുന്തച്ചൻ ശാന്തിയോടായി ചോദിച്ചു.  തിരുമേനി,  ഗണപതിയെക്കൂടി  ഇവിടെ ഇരുത്തിക്കൂടെ ? തിരുമേനി സമ്മതിച്ചു .  പെരുന്തച്ചൻ സ്ഥലം നോക്കിക്കണ്ടു.   കൊളളാം  കൈലാസമാണ് . ശിവനും കുടുംബവും . ഗണപതി കൂടിയാകുമ്പോൾ  പൂർണ്ണമാകും. പെരുന്തച്ചൻ ഗണപതിയെ തെക്ക് കിഴക്കായി പ്രതിഷ്ഠിച്ചു.  പെരുന്തച്ചൻ പറഞ്ഞു.  തിരുമേനി, വൈശ്രവണന്റെ സദ്യക്ക് പോകുന്നതിന് മുൻപുളള ഉണ്ണി ഗണപതിയാണ്. നല്ല വിശപ്പുണ്ടാകും. എന്താ നിവേദ്യം ? തിരുമേനി പാഞ്ഞു. ഉണ്ണിയപ്പമായിക്കോട്ടെ  പെരുന്തച്ചൻ സമ്മതം മൂളി . അദ്ദേഹം ആറേഴ് ഉണ്ണിയപ്പങ്ങൾ  കമ്പിയില്‍ കോർത്തു  ഒന്നിച്ച് ഒരു ഇലചീന്തില്‍  വച്ചു.  പെരുന്തച്ചൻ  സ്വന്തം കൈ കൊണ്ട്  ഹൃദയ പൂർവ്വം  ഗണപതിക്ക്  ആദ്യ നിവേദ്യം  അർപ്പിച്ചു  കൂട്ടപ്പം.” കൊട്ടാരക്കര ഗണപതിക്ക് ഇന്നും പ്രിയപ്പെട്ട നിവേദ്യം കൂട്ടപ്പമാണ്. അമ്പലപ്പുഴ  പാല്‍പ്പായസം  പോലെ, ശബരിമല അരവണ പോലെ, തിരുപ്പതിയിലെ  ലഡു പോലെയും പ്രശസ്തമാണ് കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പം.കൊട്ടാരക്കരയില്‍  ജാതിഭേദമെന്യ മിക്ക വീടുകളിലെയും വിശേഷാല്‍ ചടങ്ങുകള്‍ക്ക് ഉണ്ണിയപ്പം എത്തും.

 

പതിനേഴാം നൂറ്റാണ്ടിലാണ് കഥകളികലാ  പ്രസ്ഥാനം രൂപം കൊണ്ടത്. കഥകളിയുടെ ഉല്‍പത്തിയുടെ പിന്നിലും ഐതിഹ്യം ഉണ്ട്. കോഴിക്കോട് മാനവേദ സാമൂതിരി രൂപം നല്‍കിയ കൃഷ്ണനാട്ടത്തെപ്പറ്റി  കേട്ടറിഞ്ഞ  കൊട്ടാരക്കര തമ്പുരാൻ , ഒരടിയന്തിരം പ്രമാണിച്ച് കൃഷ്ണനാട്ടക്കാരെ അയച്ചു തരണമെന്ന്  അപേക്ഷിച്ചു. കൃഷ്ണനാട്ടം  കണ്ടു രസിക്കാനും  ആസ്വദിക്കാനും  തക്ക കലാബോധം  തെക്കൻദിക്കിലുളളവർക്കുണ്ടോ എന്ന പരിഹാസത്തോടെ  തമ്പുരാന്റെ  അപേക്ഷ  നിരസിച്ചു. അഭിമാന ക്ഷതമേറ്റ തമ്പുരാൻ കൃഷ്ണനാട്ടത്തിന് പകരം രാമനാട്ടം നിർമ്മിച്ച്   അവതരിപ്പിച്ചുകൊണ്ട്  മറുപടി  നല്‍കി . രാമനാട്ടമാണ് പില്‍ക്കാലത്ത് കഥകളിയായി മാറിയത്. കേരളത്തിന്റെ പേരും പെരുമയും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും എത്തിച്ച  കലാരൂപമാണ് കഥകളി.

കൊട്ടാരക്കരയുടെ ചരിത്രം  പഠിക്കുന്നവർക്ക് കൂരാക്കാരൻ  കുടുംബത്തിന്റെ ചരിത്രം കൂടി  പഠിക്കാതെ മുന്നോട്ടുപോകാനാവില്ല. കൂരാക്കാരൻ  കുടുംബചരിത്രം .കൊട്ടാരക്കരയുടെചരിത്രവുമായിബന്ധപെട്ടുകിടക്കുന്നു.  കൊട്ടാരക്കര  രാജാവിന്റെ  അനുമതിയോടും  സഹായത്തോടും

കിഴക്കേതരുവ് വലിയവീട്ടിൽ  താമസമാക്കിയ  കുറവിലങ്ങാട്ടുകാരൻ  വലിയവീട്ടിൽ മാത്തൻ  വാണിജ്യപ്രമുഖനും  സാഹിത്യ  സാംസ്കാരിക  രംഗങ്ങളിൽ  വ്യക്തിമുദ്ര പതിപ്പിച്ച  ആളുമായിരുന്നു. അദ്ദേഹം കളരി പയറ്റ്  അഭ്യസിച്ച  വ്യക്തിയുമായിരുന്നു.1705 ലാണ്  ശ്രി. മാത്തൻ  കൊട്ടാരക്കര കിഴക്കെതെരുവിൽ താമസമാക്കുന്നത്.

17 നൂറ്റാണ്ടിൽ കൊട്ടാരക്കരയിൽ ക്രിത്യാനികൾ വളരെ കുറവായിരുന്നു. ശ്രി മാത്തനെ കൊട്ടാരക്കര രാജാവ്  മിക്കപ്പോഴും കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും പല പ്രധാന സംഗതികളെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. കേരളത്തിനകത്തും പുറത്തും സുഗന്ധ വസ്തുക്കളുടെ മൊത്തവ്യപാരത്തിന്റെ ചുമതല കൂടി മാത്തനുണ്ടായിരു.ന്നു.

കുറവിലങ്ങട്ടെ  ആദ്ധ്യാത്മ പാരമ്പര്യമുള്ള ശ്രി. മാത്തനും  സഹോദരൻ ചാണ്ടപിള്ള കാത്തനാരും  കൊട്ടാരക്കരയിൽ ഒരു പള്ളി സ്ഥാപിക്കുന്നതിന്  വേണ്ടി പരിശ്രമം ആരംഭിച്ചു. കൊട്ടാരക്കര രാജാവിന്റെ അനുമതിയും  മറ്റ്  സഹായവും  ലഭിച്ചതോടെ  തന്റെ  ചിരകാലാഭിലാഷം  പൂവണിയാൻ തുടങ്ങി. കോട്ടരക്കരയിൽ  പള്ളി ഉണ്ടാകുന്നതുവരെ  മാത്തനും ചാണ്ടപിള്ള കത്തനാരും കല്ലട വലിയ പള്ളിയിലാണ് ആരാധന  നടത്തിയിരുന്നത്. കൊട്ടാരക്കരയിൽ അന്ന് ഉണ്ടായിരുന്ന ഏതാനം  നസ്രാണി പ്രമുഖരുടെ സഹകരണത്തോടെ  1735 പള്ളി പണി  പൂർത്തിയാക്കി. ഇതാണ്  കൊട്ടാരക്കരയിലെ ആദ്യത്തെ യാക്കോബായ (ഓർത്തഡോൿസ്‌ ) പള്ളി. ശ്രി. മാത്തന്, കുഞ്ചാണ്ടി, ചാണ്ടപിള്ള  കാത്തനാർ  എന്നീ രണ്ട് പുത്രന്മാർ  ഉണ്ടായിരുന്നു. ശ്രി. മാത്ത 96മത്തെ വയസ്സിൽ 1771 അന്തരിച്ചു. ശവസംസ്കാരം  കൊട്ടാരക്കര  പള്ളിയിൽ ( ഇന്നത്തെ മാർതോമ്മ പള്ളി ) നടത്തി. മാത്തന്റെ സഹോദരൻ 91മത്തെ വയസ്സിൽ 1773 ലും അന്തരിച്ചു.

1880 കളിൽ പള്ളിക്ക് കേസ് ഉണ്ടാകുകയും  ഭൂരിപക്ഷം  ഇടവകക്കാർ പാലക്കുന്നത്ത്  തിരുമേനിയുടെ  പക്ഷം  ചേരുകയും ചെയ്തു. മാർതോമ്മ സമുദായത്തിന്  അനുകൂലമായി  കോടതി  വിധി ഉണ്ടായി. അങ്ങനെ   പള്ളി മാർതോമ്മ സമുദായത്തിന്റെ  അധീനതയിൽ  ആകുകയും ചെയ്തു.

(ഫോട്ടോ  കൊട്ടാരക്കര  പള്ളി )

വിശ്വാസ ത്യാഗം  ചെയ്യാൻ  മനസ്സില്ലാത്ത കുരാക്കാരൻ  വലിയ വീട്ടിൽ കുടുംബക്കാർ  കിഴക്കെത്തെരുവ് കിഴക്കടത്ത്  വക  സ്ഥലത്ത് (പട്ടമല ) ഒരു പള്ളി സ്ഥാപിച്ചു. ഏതാനം  വർഷത്തിനു ശേഷം  പള്ളിക്കുവേണ്ടിയും മാർത്തോമാക്കാരുമായി  കേസ് ഉണ്ടായപ്പോൾ ശ്രി. കൂരാക്കാരൻ ഉമ്മച്ചൻ അദ്ദേഹത്തിന്റെ സ്വന്തം  സ്ഥലത്ത് പള്ളി മാറ്റി സ്ഥാപിച്ചു.   പള്ളിയാണ്  ഇന്നറിയപ്പെടുന്ന പട്ടമല ഓർത്തഡോൿസ്വലിയ പള്ളി. ഇന്നും ഇത് കുടുംബപള്ളിയായി  അറിയപ്പെടുന്നു.

(ഫോട്ടോ പട്ടമല  പള്ളി )

കൂരാക്കാരൻ  കുടുംബ സ്ഥാപകനായ  ശ്രി. മാത്തന്റെ മൂത്ത പുത്രൻ  ശ്രി. കുഞ്ചാണ്ടി വിവാഹിതനും  ഇളയപുത്രൻ  ചാണ്ട പിള്ള കത്തനാർ  അവിവാഹിതനായ  പറ്റക്കാരനുമായിരുന്നു. ചാണ്ട പിള്ള കത്തനാർ  കുറവിലങ്ങാട്ട് മർത്തമറിയം പള്ളിയിൽ മൂന്ന് നോമ്പിനു കുടുംബത്തിൽ നിന്നും പ്രതിനിധികളുമായി പോകുമായിരുന്നു.

കൂരാക്കാരൻ  വലിയവീട്ടിൽ  കുടുംബത്തിലെ മൂന്നാം തലമുറയിലെ  കൊച്ചിട്ടിമാത്തൻ,കുഞ്ചാണ്ടിച്ചൻ, ഉമ്മച്ചൻ, ചാണ്ടപിള്ള  എന്നിവർ പ്രമുഖരും സമൂഹത്തിനു  നേതൃത്വം  നൽകിയവരുമാണ് അക്കാലത്ത് വലിയവീട്ടിൽ കുടുംബത്തിന്  36 "ആറു പറ "അടക്കം 800 പറ  നിലവും 250 ഹെക്ടർ കര പുരയിടവും  ഉണ്ടായിരുന്നു. കൂരാക്കാരൻ  കുടുംബത്തിന് കൊട്ടാരക്കര  രാജാവിൽ  നിന്നും നിരവധി  സമ്മാനങ്ങളും  പദവികളും  ലഭിച്ചിട്ടുണ്ട്. ഉടവാൾ, പിടിമൊന്ത, വീരച്ചങ്ങല, പട്ട്‌, രാജ ദണ്ഡ് തുടങ്ങിയ അധികംപെടുന്നു.

രാജ ദണ്ഡ്  പിണറുവിളയിൽ  ശ്രി. കൂരാക്കാരൻ  പി. സി ജേക്കബ് ന്റെ ഭാവനത്തിലും ഉടവാൾ, വീര്ച്ചെങ്ങല, പട്ട് തുടങ്ങിയവ  പടിഞ്ഞാരെവീട്ടിൽ ഫിലിപ്പ് സ്വാമിയുടെ സ്മാരകത്തിലും  സൂക്ഷിച്ചിട്ടുണ്ട്.

പടിഞ്ഞാറേവീട് സ്ഥാപകനായ  കൊച്ചിട്ടി മാത്തന്റെ കാലത്ത് കൊട്ടാരക്കര  കോടതി  പടിഞ്ഞാറേവീട്ടിലായിരുന്നു. കോടതിയുടെ  ചുമതല കൊച്ചിട്ടി മാത്രമായിരുന്നു.  അന്ന് പുതിയതായി  ആരംഭിച്ച  രണ്ടു ജില്ലാ കോടതികളിലെ ജഡ്ജിമാരായി  നിയമിച്ചത് അദ്ദേഹത്തിന്റെ സഹോദരി പുത്രന്മാരായ  കൊച്ചുമ്മൻ, ഉമ്മൂമ്മൻ എന്നിവരെ ആയിരുന്നു.

തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡ വർമ്മ എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് ഒളിവിൽ കഴിഞ്ഞ കാലത്ത് പടിഞ്ഞാറേവീട്ടിൽ താമസിച്ചിട്ടുണ്ട്. മഹാരാജാവിൽ  നിന്ന് കൊച്ചിട്ടി മാത്തന്  തരകൻ സ്ഥാനവും പുൽപ്പാക്കെട്ട്, പിടിമൊന്ത, ഉടവാൾ പട്ട് എന്നിവയും ലഭിച്ചിട്ടിട്ടുണ്ട്. രണ്ട് പടിപ്പുരകളുള്ള ആകർഷകമായ  ഒരു ഭവനമായിരുന്നു പടിഞ്ഞാറേവീട്. വടക്കഭാഗത്തുള്ള  പടിപ്പുര  കൊച്ചിട്ടി മാത്തൻ  മാത്രമേ  ഉപയോഗിച്ചിരുന്നുള്ളൂ. പടിഞ്ഞാറെ വീടിന്റെ മുൻപിൽ പഴയമാതൃകയിലുള്ള  രണ്ട് ചുമടുതാങ്ങി സ്ഥാപിച്ചിരുന്നു. കൂടാതെ  അഞ്ചലാഫിസിന്റെ (പോസ്റ്റ്ഓഫീസ് ) ഒരു യുണിറ്റും പ്രവർത്തിച്ചിരുന്നു. കിഴക്കടത്ത്  കുടുംബസ്ഥാപകനായ  ഉമ്മച്ചനും പുത്രൻ  കുഞ്ചാണ്ടിയും കൊട്ടാരവുമായി  അടുത്തബന്ധം ഉണ്ടായിരുന്നു. ഇവർ  കൊട്ടാരക്കര  ബോയ്സ് ഹൈസ്കൂളിനുവേണ്ടി  അതിമനോഹരമായ  നാലുകെട്ടുള്ള ഒരു കെട്ടിടം പണിയിച്ച്  രാജാവിന് സംസ്ർപ്പിച്ചിരുന്നു.  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ്. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894- സ്ഥാപിച്ച വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കെട്ടിടം  പൊളിച്ച് പുതിയക്കട്ടിടം  പണിയുകയുണ്ടായി. തിരുവിതാംകൂർ  മന്ത്രി ആയിരുന്ന  ശങ്കരൻ  തമ്പി കിഴക്ക്ടത്ത് കുടുംബ സുഹൃത്ത് ആയിരുന്നു.  1920 ശങ്കരൻ തമ്പിയും ശ്രി മൂലം തിരുനാൾ  മഹാരാജാവും കൂടി വെട്ടിക്കവലക്ക്  എഴുന്നെള്ളിയ  സമയത്ത്  കിഴക്കടത്ത് കുടുംബ വാതുക്കൾ  എത്തിയപ്പോൾ ശങ്കരൻ  തമ്പിയുടെ  അപേക്ഷ പ്രകാരം  രാജാവും മന്ത്രിയും കിഴക്കടത്ത്  കയറി  കുടുംബ നാഥനെ  കാണുകയും  സംസാരിക്കുകയും  ചെയ്തതായി  പ്രായമുള്ളവർ  രേഖ.പെടുത്തിയിട്ടുണ്ട്  മഹാരാജാവ് കിഴക്ക്ടത്ത് കുടുംബത്തിന് മുതലാളിസ്ഥാനം കല്പിച്ചു കൊടുക്കുകയും ചെയ്തു.

സാമൂഹ്യ സാംസ്കാരിക  രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നിരവധി  പേർ കൂരാക്കാരൻ  കുടുംബത്തിൽ ഉണ്ടായിരുന്നു. 4 ആം  തലമുറയിൽ വലിയവീട്ടിലെ  ചാണ്ടപിള്ളകാത്തനാർ  കേരളത്തിനകത്തും  പുറത്തും അറിയപ്പെട്ടിരുന്ന ഒരു വൈദീകനായിരുന്നു. 6 ആം  തലമുറയിലെ  ഫാദർ  അലക്സാണ്ടർ (വലിയ വീട്ടിലച്ചൻ )

കത്തോലിക്ക സമുദായത്തിലെ  കേരളത്തിലെ പ്രമുഖരായ വൈദീക ശ്രേഷ്ടരിൽ ഒരാളായിരുന്നു. നിരവധി  ബഹുമതികളും സ്ഥാനമാനങ്ങളും  ലഭിച്ചിട്ടുണ്ട്.1980 കോർ എപ്പിസ്കോപ്പ സ്ഥാനം ലഭിച്ചു   അദ്ദേഹത്തിന്റെ പരിശ്രമഫലമായി  കത്തോലിക്ക സമുദായത്തിന്  50 പരം ഇടവകകൾ ഉണ്ടായി. കരിക്കം  കത്തോലിക്ക മർത്ത മറിയം സ്ഥാപിച്ചത് അച്ചൻ തന്റെ സ്വന്തം പുരയിടത്തിൽ തന്നെയാണ്. മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂൾ സ്ഥാപിച്ചത് വലിയവീട്ടിലച്ചനാണ്. അഞ്ചൽ സെന്റ് ജോൺസ് കോളേജും ആശുപത്രിയും സ്ഥാപിച്ചവരിൽ  പ്രമുഖൻ  വലിയവീട്ടിലച്ചനായിരുന്നു. കിഴക്കേതെരുവ്  സെന്റ് മേരിസ് സ്കൂൾ ന്റെ പുരോഗതിയിൽ നിർണ്ണായക  പങ്ക് വഹിച്ചത്  വലിയ വീട്ടിലച്ചനായിരുന്നു. കിഴക്കെത്തെരുവ് ഉള്ളടത്തോളം കാലം  അവിടെ മായാതെ നിൽക്കുന്ന നാമം കൂരാക്കാരൻ അലക്സാണ്ടർ കോർ എപ്പിസ്കോപ്പയുടെ  മാത്രമാണെന്ന് 1993  പ്രസിദ്ധികരിച്ച "Holi Trinity Church Daimond Jubilee Souvenir" രേഖപെടുത്തിയിരിക്കുന്നു. കൊട്ടാരക്കരയിൽ  കിഴക്കെത്തെരുവിൽ മലങ്കര കാത്തോലിക്ക പള്ളി ഉണ്ടാകുന്നതിനു വേണ്ടി 318 വർഷത്തെ പാരമ്പര്യമുള്ള കുരാക്കാരൻ  കുടുംബത്തിന്റെ തറവാടായ വലിയവീട് കാത്തോലിക്ക സമുദായത്തിന് എഴുതി  കൊടുത്ത ശേഷം 1962 ഫാദർ അലക്സാണ്ടറും കുടുംബവും കരവാളുരിൽ താമസമാക്കിരിൽ. അവിടുത്തെ വീടും വലിയവീട് എന്നു തന്നെ അറിയപ്പെട്ടു. കിഴക്കെത്തെരുവ് കൂരാക്കാരൻ കുടുംബ തറവാട് നിന്നിരുന്ന സ്ഥാനത്ത് ഇന്ന്  ഹോളി ട്രിനിറ്റി ദേവാലയം നിലകൊള്ളുന്നു..

തറവാടായ വലിയ വീടിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറേവീടും 1938 മലങ്കര കത്തോലിക്ക സമുദായത്തിന് സെന്റ് മേരിസ് സ്കൂളിന് വേണ്ടി എഴുതി. കൊടുത്ത ശേഷം മാത്തൻ ചാണ്ട പിള്ളയുടെ പുത്രൻ മാത്യു ആണ്ടുപോയ്കയിലുള്ള വസ്തുവിൽ വീട് വച്ച് താമസമാക്കി

ഏഴാം തലമുറയിലെ തെക്കെതിൽ ചെക്കാലിഴികത്ത് ശാലേം വീട്ടിൽ ചാക്കോ സാർ പ്രഗ്തഭനായ അദ്ധ്യാപകൻ സ്കൂൾ മാനേജർ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു. സ്വന്തം ഉടമസ്ഥതയിൽ ഐപ്പള്ളൂർ ശാലേം സ്കൂൾ അദ്ദേഹം സർക്കാരിന് എഴുതി കൊടുക്കുകയുണ്ടായി.  സ്കൂൾ നിന്നിരുന്ന സ്ഥലത്ത് ഇന്ന് മേലില പഞ്ചായത്തിന്റെ സാംസ്കാരിക കേന്ദ്രവും പകൽ വീട്, അംഗൻ വാടി. സ്പോർട്സ് ആൻഡ് ആർട്സ്ക്ലബ് തുടങ്ങിയവ ഇന്ന് അവിടെ പ്രവർത്തിക്കുന്നു.കൂടാതെ ഉളിയനാട് ബഥെൽ  ഓർത്തഡോൿസ്പള്ളിക്കുവേണ്ടി 40 സെന്റ് പുരയിടം ദാനമായി  നൽകുകയും പള്ളി സ്ഥാപിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. ഏഴാം തലമുറയിലെ പടിഞ്ഞാറേവീട്ടിൽ ശ്രി കുരാക്കാരൻ  കൊച്ചുമാത്തൻ ഗീവർഗീസ്, ശ്രി  കൊച്ചുതൊമ്മൻ ഉമ്മൻ, കാവിളയിൽ കോശി എന്നിവരുടെ നേതൃത്വത്തിൽ 1937 സ്ഥാപിച്ചതാണ് ഐപ്പള്ളൂർ  ശാലേം സെന്റ് ജോർജ് ഓർത്തഡോൿസ്പള്ളി. കൊട്ടാരക്കരയിൽ ആദ്യമായി ടെക്സ്റ്റയിൽ വ്യാപാരം ആരംഭിച്ചതും ശ്രി. കൊച്ചുമാത്തൻ ഗീവർഗ്ഗീസ് ആയിരുന്നു. പടിഞ്ഞാറേവീട്ടിൽ കൊച്ചുമാത്താൻ ചാണ്ട പിള്ള ഐപ്പള്ളൂർ ശാലേം സെന്റ് ജോർജ് ഓർത്തഡോൿസ്പള്ളിക്ക് കുരിശ്ശടി സ്ഥാപിക്കുന്നതിനു ആവശ്യമായ സ്ഥലം സ്റ്റേറ്റ് ഹൈവേ ക്കരികിൽ ദാനമായി നൽകി. സ്ഥലത്താണ് മനോഹരമായ ഐപ്പള്ളൂർ  പള്ളി കുരിശടി നിലകൊള്ളുന്നത്.

കൊച്ചുവീട്ടിൽ  കൂരാക്കാരൻ കോശിയുടെ സീമന്തപുത്രൻ കൂരാക്കാരൻ ചാണ്ടപിള്ളയും പിതൃ സഹോദരൻ ചാണ്ട പിള്ള കാത്തനാരുടെ പുത്രൻ ചോനച്ചനും കൂടി കുടുംബ സ്വത്തായ കുട്ടിയിൽഭാഗം പുരയിടത്തിൽ 1903 പള്ളി സ്ഥാപിച്ചു. ഇതാണ് പ്രസിദ്ധമായ കുട്ടിയിൽഭാഗം സെന്റ് ജോർജ് ഓർത്തഡോൿസ്പള്ളി. കുടുംബ വഴക്കിനെ തുടർന്ന് 35 വർഷം പള്ളി പൂട്ടികിടന്നിരുന്നു. പിൽകാലത്ത് ഓഹരിപ്രകാരം വലിയ വീട്ടിലച്ചന്റെയും കടുവതോട്ടത്തിൽ കൂരാക്കാരൻ കൊച്ചോയിച്ചന്റെ ഇളയമകൾ മാരിയമ്മയുടെയും പേർക്ക് അവകാശം കിട്ടിയതനുസരിച്ച് 1970 മലങ്കര ഓർത്തഡോൿസ്സഭയുടെ മാത്യുസ്  മാർ കൂറിലൊസ് തിരുമേനിയുടെ ( പരിശുദ്ധ ബസലിയോസ്മാർതോമ്മ മാത്യൂസ് ദ്വതിയൻ കാതോലിക്ക ബാവ,) അവകാശം എഴുതി കൊടുത്തു. കുറ്റിയിൽ ഭാഗം പള്ളിയുടെ സ്ഥാപകനായ കൂരാക്കാരൻ ചാണ്ട പിള്ള 1908 അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം പള്ളികത്ത് സാംസ്ക്കരിച്ചു. കല്ലറ പള്ളികത്ത്  ഇപ്പോഴും അടയാളപെടുത്തിയിട്ടുണ്ട് . ഏഴാം തലമുറയിലെ  പിണറു വിളയിൽ കൂരാക്കാരൻ ഉമ്മച്ചന്റെ നാലാമത്തെ പുത്രൻ  പി. തോമസ് വൈദ്യൻ പൊതുപ്രവർത്തകൻ, പ്രഗതഭനായ  വാഗ്മി, മികവുറ്റ സംഘാടകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട വ്യക്തിയാണ്. കേരളത്തിനകത്തും പുറത്തും നിരവധി ശാഖകൾ  ഉണ്ടായിരുന്ന ജയഭാരതം ആര്യ വൈദ്യശാലയുടെ

സ്ഥാപകനാണ് അദ്ദേഹം. 1971 മുതൽ 1978 വരെ പുനലൂർ മുനിസിപ്പാലിറ്റി ചെയർമാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളും ആശുപത്രികളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം പണികഴിപ്പിച്ച ജയഭാരതം സെന്റ് ജോർജ് ഓർത്തഡോൿസ്പള്ളി ഇന്നും കുടുംബപള്ളിയായി  തന്നെ നിലകൊള്ളുന്നു.

പുത്തൻ വീട് ശാഖയിലെ  കൂരാക്കാരൻ കൊരുതിന്റെ  സീമന്ത പുത്രൻ പുനലൂർ പുത്തൻ ബംഗ്ലാവിലെ ശ്രി കൂരാക്കാരൻ കെ ജോർജ് അറിയപ്പെടുന്ന ഒരു ബിസിനസ്കാരനായിരുന്നു. അറപ്പുരയിലെ കൂരാക്കാരൻ റവ. . സി കുര്യൻ മാർതോമ്മ സഭയിൽ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു വൈദീകണമായിരുന്നു. പുത്തൻ വീട്ടിലെ കൂരാക്കാരൻ ജോണിന്റെ പുത്രൻ  റവ. ഫാദർ വർഗ്ഗീസ് ജോൺ ഇന്ത്യൻ ഓർത്തഡോൿസ്സഭയിലെ ചെന്നെ ഭദ്രസനത്തിലെ ഒരു പ്രമുഖ വൈദീകനാണ്. പൂന്തോട്ടത്തിൽ ഉപശാഖായിലെ സി. മാലാഖി, സി. തോമസ് എന്നിവർ സാമൂഹ്യ പ്രവർത്തകരും നാടിന്  ധാരാളം സംഭാവനകൾ നൽകിയവരുമാണ്.

കൂരാക്കാരൻ സി. മാലാഖി കരിക്കം ymca യുടെ സ്ഥാപക നേതാക്കളിൽ ഒരാളും കരിക്കം YMCA ക്ക് ആവശ്യമായ സ്ഥലം ദാനമായി നൽകുകയും ചെയ്തു. ബൈബിളിനെ അടിസ്ഥാനമാക്കി ഏതാനം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹൈ സ്കൂൾ അധ്യാപകനായിരുന്ന സി തോമസ്  സാർ കുടുംബചരിത്രം ഒന്നാം പതിപ്പിന്റെ മാസ്നേജിങ് എഡിറ്റർ ആയിരുന്നു. ലിറ്റിൽ വേ അസോസിയേഷൻ, കേരള കാവ്യ കലാ സാഹിതി എന്നീ സംഘടനകളിൽ  പ്രവർത്തിച്ചിരുന്നു. കുടുംബ ദീപം മാസികയുടെ മാനേജിങ് എഡിറ്റർ ആയിരുന്നു. ആത്മീക മേഖലകളിൽ സജ്ജീവമായി പ്രവർത്തിച്ചിരുന്നു.

കൊട്ടാരക്കരയുടെ സാംസ്കാരിക ചരിത്രത്തിന് സംഭാവനകൾ നൽകിയ  നൂറുകണക്കിന് വ്യക്തികൾ കഴിഞ്ഞ തലമുറകളിൽ തന്നെ കൂരാക്കാരൻ വലിയ വീട്ടിൽ കുടുംബത്തിനുണ്ട്.

Prof.John Kurakar

 

 

 

 

.*

No comments: