Pages

Tuesday, August 8, 2023

അഞ്ചലച്ചൻ:-മലങ്കര സഭയുടെ യതിവര്യൻ

 

അഞ്ചലച്ചൻ:-മലങ്കര

സഭയുടെ യതിവര്യൻ



കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലെ അഞ്ചൽ എന്ന ചെറുപട്ടണത്തിലാണ് അഞ്ചലച്ചൻ എന്ന യൗനാൻ കത്തനാർ താമസിച്ചിരുന്നത്. അഞ്ചലിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകായിരങ്ങളുടെ ഗുരുഭുതനായി കണക്കാകപ്പെടുന്നു. ഇദ്ദേഹം സെന്റ് ജോർജ്ജ് വലിയപള്ളിയിലെ ഒരു പുരോഹിതനായിരുന്നു.

അഞ്ചൽ ദേശത്ത് മരുന്തിലഴികത്ത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം 1772 മുതൽ 1842 വരെയാണെന്ന് കരുതുന്നു. പട്ടംകൊട പുസ്തകത്തിൽ പട്ടത്വം സ്വികരിച്ച കാലം കണക്കാക്കപ്പെടുന്നു. ബാല്യകാലത്ത് അദ്ദേഹത്തെ ചോനാച്ചൻ എന്ന് ആണ് അറിയപ്പെട്ടിരുന്നത്. കുടിപള്ളികൂടത്തിലെ വിദ്യാഭ്യാസത്തിനു ശേഷം ഒരു ബ്രാഹ്മണന് ശിഷ്യപ്പെട്ട് സംസ്കൃതം അഭ്യസിച്ചു. വിദ്യാഭ്യാസത്തിനു ശേഷം കൃഷിക്കാരനായിരുന്ന പിതാവിനെ സഹായിച്ചു വന്നു. ബാലന് പ്രാർത്ഥന, നോമ്പാചരണം, ഉപവാസം എന്നിവയിൽ താത്പര്യമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ദൈവഭക്തി മാതാപിതാക്കളെ വളരെയധികം സന്തുഷ്ടടരാക്കി.

അഞ്ചലച്ചന് പള്ളിയിൽ താമസിച്ച് പഠിക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ അദ്ദേഹത്തെ മലങ്കര മെത്രാപ്പോലിത്തായുടെ തിരുസന്നിധിയിൽ ചേർത്തു. ‌അനേകവർഷം വൈദിക വിദ്യാഭ്യാസം നേടിയ ശേഷം ഒരു ക്രിസ്തീയ പുരോഹിതനായി അദ്ദേഹം സ്വന്തം നാട്ടിൽ തിരിച്ചെത്തി. ജ്യേഷ്ഠസഹോദരനോടോപ്പം മരുന്നിലഴികത്ത് താമസിച്ചുവന്നു. എല്ലാ ഞാറാഴ്ച്ചകളിലും മറ്റു വിശേഷദിവസങ്ങളിലും കൊട്ടാരക്കരപള്ളിയിൽ അദ്ദേഹം കൃത്യമായി എത്തുമായിരുന്നു. മരുന്നിലഴികത്ത് കുടുംബവീട്ടിൽ അദ്ദേഹത്തിന് പ്രത്യേകം മുറിയുണ്ടായിരുന്നു.

അദ്ദേഹത്തിന് കുളിക്കാൻ പള്ളിപുരയിടത്തിൽ കുളം നിർമ്മിക്കുകയും കുളം പള്ളികുളം എന്നറിയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാനകാലത്ത് തന്റെ ഗുമസ്തരെ വിളിച്ച്, താൻ മരിച്ച് 41-ആം ദിവസം കബർ തുറന്നു നോക്കിയാൽ നാസാഗ്രവും വലതുകൈയ്യിലെ മുന്നു വിരലുകളും ഒഴികെയുള്ള ശരീരഭാഗങ്ങൾ നശിക്കാതെ ഇരിക്കുന്നതു കാണാമെന്നും പറഞ്ഞാതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ഇഹലോകവാസം പ്രാപിച്ചത് ഒരു കർക്കിടകമാസം 22 -ആം തിയതി ആണെന്ന് കരുതപ്പെടുന്നു. രോഗഗ്രസ്തനായശേഷം ക്ഷേമമനേഷിച്ചെത്തിയ വിശ്വസികളെ കൈയുയർത്തി കുരിശുവരച്ച് അനുഗ്രഹിച്ചിരുന്നു. മരണാനന്തരം അദ്ദേഹം പറഞ്ഞതുപ്രകാരം കബർ തുറന്നു പരിശോധന നടത്തിയതായും നാസാഗ്രവും വിരലുകളും ഒഴികെയുള്ള ശരീരഭാഗങ്ങൾ കേടുകൂടാതെ കാണപ്പെട്ടതായും പറയപ്പെടുന്നു.

പ്രൊഫ. ജോൺ കുരാക്കാർ

No comments: