Pages

Tuesday, August 8, 2023

പ്രചോദനത്തിന്റെ ഉറവിടം

 

പ്രചോദനത്തിന്റെ ഉറവിടം



തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് മലയാളത്തിലെ നാടക രചയിതാവും അഭിനേതാവും ആയിരുന്ന ജഗതി എൻ കെ  ആചാരി വിശദീകരിക്കുന്നുണ്ട്. ചലച്ചിത്ര നടൻ ജഗതി ശ്രീകുമാർ എൻ കെ ആചാരിയുടെ പുത്രനാണ്.

ജഗതി എൻ കെ ആചാരി തന്റെ ചെറുപ്പകാലത്ത് ആദ്യമായി ഒരു കഥ എഴുതി. ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന രാജഭരണകാലമായതിനാൽ ഒരു ആശാരിയുടെ കഥ പ്രസിദ്ധീകരിക്കാൻ ആരും തയ്യാറായില്ല. കഥാകൃത്തിന്റെ പേര് മാറ്റിയാൽ കഥ പ്രസിദ്ധീകരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഒടുവിൽ ഒരുമിഷനറിയുടെ പ്രസിദ്ധീകരണത്തിൽ കഥ അച്ചടിച്ചു വന്നു. അച്ചടിച്ച കഥ കണ്ടപ്പോൾ അതിരറ്റ സന്തോഷം തോന്നിയ അഭിമാനപൂരിതമായ അദ്ദേഹത്തിന്റെ മനസ്സ് സ്വയം മന്ത്രിച്ചു :

" നീയിന്ന് പഴയ എൻ കെ ആചാരിയല്ല. നിലയും വിലയും ഉള്ള ഒരു എഴുത്തുകാരനാണ്".  പക്ഷേ വീട്ടിൽ ആരും തന്നെ അംഗീകരി ക്കുകയോ വിധത്തിൽ ബഹുമാനിക്കുകയോ ചെയ്യുന്നില്ലന്ന്  കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ വിഷമം തോന്നി. അവസാനം അക്ഷമനായി മാസികയിൽ തന്റെ കഥയുള്ള പേജ്  മടക്കി അച്ഛന്റെ മേശപ്പുറത്തിട്ടു. അച്ഛൻ ഒന്ന് കണ്ടു സന്തോഷിച്ചു കൊള്ളട്ടെ എന്ന് കരുതി.

അടുത്ത ദിവസം പിതാവ് ചോദിച്ചു, "ടേയ്, നിന്റെ കഥയാണോ മാസികയിൽ അച്ചടിച്ചു വന്നിരിക്കുന്നത് ".

"അതേ ". ജഗതി ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. ", അതാണോ രണ്ടു ദിവസമായിട്ട് നീ ഇവിടെ നടന്നു ജാഡ കാണിക്കുന്നത്?. എടാ കലയുടെ ദേവത ആരാ?"

" സരസ്വതി ". ആചാരി ഉരുളയ്ക്കുപ്പേരി എന്ന രീതിയിൽ മറുപടി കൊടുത്തു. അടുത്ത ചോദ്യം വന്നു, "സരസ്വതി ഇരിക്കുന്നത് എവിടെയാണെന്ന റിയുമോ?". "താമരയിൽ", ഉടൻ ഉത്തരം വന്നു.  "കലയുടെ ദേവതയായിട്ടും താമര താഴുന്നില്ല, എന്തുകൊണ്ട്?". ദേവിക്ക് കനമില്ലാത്തതു

കൊണ്ടെന്ന് ആചാരി മറുപടി നൽകി. അപ്പോൾ പിതാവ് നിരീക്ഷണ രൂപത്തിൽ പറഞ്ഞു :  "ഇവിടെ ഒരു ഡൂക്കിലി കഥയെഴുതിയിട്ട് തലയിൽ കനവുമായി നടക്കുന്നു. നിനക്ക് നാണമില്ലേടാ? ".

തന്റെ ഭാവി കലാ സാഹിത്യ ജീവിതത്തി ലേക്കുള്ളള്ള ഒരു വലിയ ഉപദേശമാണ് അച്ഛനിൽ നിന്നും ലഭിച്ചതെന്ന് ആചാരിക്ക് മനസ്സിലായി. അങ്ങനെയാണ് അഹംഭാവവും അഹങ്കാരവുമില്ലാതായ ജഗതി എൻ കെ ആചാരിയ്ക്ക് സരസ്വതിദേവി ജീവിതത്തിൽ പ്രചോദനത്തിന്റെ ഉറവിടമായത്.

ഗ്രീക്ക് മിത്തോളജിയിലെ എന്റെയൂസ് (Antaeus) എന്ന പോരാളിക്ക്  മാതാവായ ഭൂമിയായിരുന്നു തന്റെ പ്രചോദനവും ശക്തിസ്രോതസും. ശത്രുവുമായിട്ടുള്ള കടുത്ത പോരാട്ടത്തിനിടയ്ക്ക് അദ്ദേഹം ഭൂമിയെ  സ്പർശിച്ച്  മാതാവിൽ നിന്നും ശത്രുവിനെ പരാജയപ്പെടുത്തുവാൻ തക്ക ഊർജ്ജം ആർജ്ജിച്ച് വിജയം കൈവരിക്കുമായിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്റെ മേശപ്പുറത്ത് രണ്ട് പ്രതിമകൾ വെച്ചിരുന്നു. ഒന്ന് മഹാത്മാഗാന്ധിയുടെ ഒരു ചെറിയ സ്വർണ്ണപ്രതിമയും മറ്റേത് വെങ്കലത്തിൽ വാർത്തെടുത്ത എബ്രഹാം ലിങ്കന്റെ പ്രതിമയും. ഇവരിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാനെന്നോണം  ഇടയ്ക്കിടെ അദ്ദേഹം രണ്ടു പ്രതിമകളേയും സ്പർശിക്കുമായിരുന്നു . നെഹ്റുവിന്റെ പ്രവൃത്തനങ്ങൾക്ക്  പ്രചോദനത്തിന്റെ ഉറവിടമായി വർത്തിച്ചവരായിരുന്നു   രണ്ടു മഹത് വ്യക്തികളും.  അദ്ദേഹത്തിന്റെ മരണശേഷം രണ്ടു പ്രതിമകളെയും മ്യൂസിയത്തിലേക്ക് മാറ്റി. അവ വെച്ചിരുന്ന മേശ മാത്രം പിൻഗാമികൾ കൈക്കലാക്കി !

07--08--2023.

ഡോ.പി.എൻ.ഗംഗാധരൻ നായർ

No comments: