Pages

Sunday, August 6, 2023

വിശുദ്ധനെ വിശുദ്ധൻ ആക്കേണമോ ??

 

വിശുദ്ധനെ

വിശുദ്ധൻ ആക്കേണമോ ?



അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഓർത്തഡോൿസ് സഭയുടെ അഭിമാന പുത്രനുമായ ശ്രീ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖാപിക്കണമെന്ന് നമ്മുടെ പ്രതിപക്ഷ നേതാവ്.  വി  .ഡി .സതീശൻ  ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നു . കർദിനാൾ ആലഞ്ചേരി പിതാവ് അതിനു കട്ട പിന്തുണയും  നൽകിയിരിക്കുന്ന വാർത്ത വായിച്ചപ്പോൾ അല്പം തമാശയായി തോന്നി . "ജീവിക്കുന്ന വിശുദ്ധരെ വീഴ്ത്തുകയും മരിച്ച വിശുദ്ധരെ വാഴ്ത്തുകയും"  ചെയ്യുന്ന ഒരു തരം രാഷ്ട്രീയ തന്ത്രമായിട്ടു മാത്രമേ അതിന്റെ കാണാൻ കഴിയുന്നുള്ളൂ . ചെയ്യാത്ത തെറ്റിന് അപമാനമേൽക്കേണ്ടി വന്ന ,ജീവിതത്തിന്റെ വറുതിക്കാലത്തു   അദ്ദേഹത്തോടൊപ്പം ആരെല്ലാമുണ്ടായിരുന്നു എന്ന് കോൺഗ്രസ് പാർട്ടിയിലടക്കമുള്ളവർ ഒരു ആത്മ പരിശോധന നടത്തുന്നതു കൊള്ളാം . ഇനിയിപ്പോൾ ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാനുള്ള തീരുമാനവും കൂടി കെ പി സി സി യോ സി സി യോ എടുത്താലും അത്ഭുതപ്പെടാനില്ല . ഇത്തരം രാഷ്ട്രീയ വായ്ത്താരികളും വാഴ്ത്തു പാട്ടുകളും അവിടെ നിൽക്കട്ടെ . ഏറെ സംഗതമായ ചോദ്യം ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കേണമോ എന്നുള്ളതാണ് . ഇത് സംബന്ധിച്ച്  വളരെ സുചിന്തിതവും സന്തുലിതവുമായ അഭിപ്രായം സഭയുടെ സീനിയർ മെത്രാപോലിത്ത അഭി ഗീവര്ഗീസ് മാർ കൂറിലോസ് തിരുമേനി പറഞ്ഞിരുന്നു . ഓർത്തഡോൿസ് സഭയുടെ ചരിത്രവും പാരമ്പര്യവും കീഴ്വഴക്കങ്ങളും അറിയാവുന്നവർക്ക് തിരുമേനിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കേണ്ടി വരും .

ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കേണ്ട ആവശ്യം ഓർത്തഡോൿസ് സഭക്കുണ്ടോ ? ജാതിമത ഭേദമില്ലാതെ കോടാനുകോടി  മനുഷ്യമനസ്സുകളിൽ ഒരു വിശുദ്ധനായി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ ഉമ്മൻ ചാണ്ടിയെ ചില ലക്ഷങ്ങൾ മാത്രം   അംഗ സംഖ്യയുള്ള ഓർത്തഡോൿസ് സഭ വിശുദ്ധനാക്കുന്നതിൽ കുറച്ചെങ്കിലും ഔചിത്യഭംഗം ഉണ്ടെന്നു തോന്നുന്നു . ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും പങ്കെടുത്ത അഭൂത പൂർവമായ ജനക്കൂട്ടവും പിന്നീട് കബറിലേക്കു ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന വൻ ജനാവലിയും അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തെ അടയാളപ്പെടുത്തുകയല്ലേ ? "വിശുദ്ധ ഉമ്മൻ ചാണ്ടി" എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ 6 വയസ്സുള്ള ശിവാനി എന്ന പെൺകുഞ്ഞു നീട്ടിവിളിച്ച  "ഉമ്മൻ ചാണ്ടീ ....."  എന്ന വിളിയുണ്ടല്ലോ അതായിരിക്കും അദ്ദേഹം കൂടുതൽ ഇഷ്ടപ്പെടുക .

.ഇനി അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് വരാം .ശ്രി ചാണ്ടി ഉമ്മൻ പറഞ്ഞതു പോലെ അവിടെ ഒൻപതു മധ്യസ്ഥന്മാർ നിലവിലുണ്ട് . പ്രധാന പരിശുദ്ധനായ വിശുദ്ധ ഗീവറുഗീസ്സഹദായുടേത് ഉൾപ്പെടെ ഒൻപതു ത്രോണോസുകൾ ഒൻപതു പരിശുദ്ധന്മാരുടെ പേരിലുണ്ട് . (ഒൻപതു മധ്യസ്ഥന്മാർ:   .ദൈവമാതാവ് , ഗീവര്ഗീസ് സഹദാ , മാർത്തോമാ ശ്ലീഹാ ,  മാർ ബഹനാൻ സഹദാ , . മാർ കുര്യാക്കോസ് സഹദായും യൂലീത്തിയും ,   മർത്ത ശ്മൂനിയും 7 മക്കളും മാർ എലിയേസസ്സറും , മാർ ഗ്രീഗോറിയോസ് ( പരുമല തിരുമേനി)  മാർ ദിവന്നാസിയോസ് ( വട്ടശ്ശേരിൽ തിരുമേനി) മാർ ഗ്രീഗോറിയോസ് ( പാമ്പാടി  തിരുമേനി )  ഒൻപതു പേരിൽ എത്ര പേരെ പരിശുദ്ധന്മാരായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട് എനിക്കറിയില്ല . ഗീവറുഗീസ് സഹദായെ ആരെങ്കിലും പരിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ടോ ?( അദ്ദേഹം കേവലം ഒരു പട്ടാള ഉദ്യാഗസ്ഥൻ ആയിരുന്നു എന്നോർക്കണം)  ഏതു സുന്നഹദോസാണ് സഹദായെ പരിശുദ്ധനായി പ്രഖ്യാപിച്ചത് ?  . ജനമനസ്സുകളിലാണ് അദ്ദേഹം ആദ്യം  ഇടം നേടിയത്  . പാമ്പാടി തിരുമേനിയെ ഇത് വരെ ഔദ്യോഗികമായി പരിശുദ്ധനാക്കിയിട്ടില്ല എന്ന് അറിയാം . എന്നാൽ പല ഔദ്യോഗിക പരിശുദ്ധന്മാരെക്കാൾ തിരുമേനി പരിശുദ്ധനായിരുന്നു എന്ന് ജനങ്ങൾ സാക്ഷിക്കുന്നു . അദ്ദേഹത്തിന്റെ കബറിടത്തിലെ ജനബാഹുല്യം തന്നെ അതിനു തെളിവാണ് . ശ്രി ഉമ്മൻ ചാണ്ടിയുടെ മാതൃകാ പരിശുദ്ധനായിരുന്നു തിരുമേനി . പാമ്പാടി തിരുമേനിയുടെ കബറിടത്തിൽ പോയി അനുഗ്രഹം പ്രാപിച്ചിട്ടേ ഉമ്മൻ ചാണ്ടി ഏതു കാര്യവും തുടങ്ങിയിരുന്നുള്ളൂ . ഉമ്മൻ ചാണ്ടിയെ പരിശുദ്ധൻ ആക്കിയാലും ഇല്ലെങ്കിലും ജനകോടികളുടെ ഹൃദയത്തിൽ അദ്ദേഹം പരിശുദ്ധൻ തന്നെയാണ്‌ . നാം പ്രത്യേകിച്ച് പട്ടവും പദവിയും ഇന്നും ചാർത്തിക്കൊടുക്കേണ്ട കാര്യമില്ല . തന്റെ മരണത്തിൽ സ്റ്റേറ്റ് ഓണർ അരുത് എന്ന് നിഷ്കർഷിച്ച ഉമ്മൻ ചാണ്ടിക്ക് നാം നൽകുന്ന പരിശുദ്ധൻ പദവി വേണമോ ?

 

Philipachen Perunad

No comments: