Pages

Monday, August 21, 2023

യുവതിയുമായി മുതല വെള്ളത്തിനടിയിലേക്ക്

 

യുവതിയുമായി മുതല വെള്ളത്തിനടിയിലേക്ക്



ഒഡിഷയിലെ ജാജ്പൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം.35 കാരിയായ ഒരു യുവതിയെ മുതല നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്തി. ബിരുപ നദിക്ക് സമീപത്ത് കുളിക്കാനെത്തിയ ജ്യോത്സ്നാ റാണി എന്ന യുവതിയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.

മുതലയുടെ വായിൽ അകപ്പെട്ട യുവതി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു.

അഗ്നിരക്ഷാ സേനാംഗങ്ങളും ഗ്രാമവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് യുവതിക്കായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആക്രമണമേറ്റതിന്റെ മുറിവുകളോടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമേ ഇവർക്ക് കണ്ടെത്താനായുള്ളൂ. ജഡത്തിന്റെ ഭൂരിഭാഗവും മുതല ഭക്ഷിച്ച നിലയിലായിരുന്നു. ആക്രമണകാരികളായ മുതലകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മരണപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫിസറായ അഭിരാം ജന അറിയിച്ചു.

യുവതിയെ ആക്രമിച്ച മുതലയെ കണ്ടെത്തി പിടികൂടുന്നതുവരെ സമീപ ഗ്രാമങ്ങളിൽ അടക്കം ജനങ്ങൾ കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ ആയി നദിയിലേക്ക് പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. വെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടുന്ന സമയത്ത് ജനങ്ങളുടെ ഏക ആശ്രയമാണ് ബിരുപ നദി.ഒഡിഷയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ ആളാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: