Pages

Thursday, August 24, 2023

അർത്ഥമറിഞ്ഞവന്റെ മുന്നിൽ അധികാരം ഒന്നുമല്ലാതാവുന്ന അത്ഭുത കാഴ്ച.

 

അർത്ഥമറിഞ്ഞവന്റെ മുന്നിൽ അധികാരം ഒന്നുമല്ലാതാവുന്ന അത്ഭുത കാഴ്ച.



അലക്സാണ്ടർ ചക്രവർത്തിയുടെയും യവന തത്വചിന്തകനായിരുന്ന ഡയോജനീസിന്റെയും കൂടിക്കാഴ്ചയെക്കുറിച്ചുള്ള കഥ പലരും പറഞ്ഞുകെട്ടിട്ടുണ്ട്.അലക്സാണ്ടർ ചക്രവർത്തി ഡായോജനീസിനെ കാണാനെത്തുമ്പോൾ അദ്ദേഹം കടൽത്തീരത്ത്  സൂര്യസ്നാനം നടത്തുകയായിരുന്നു. ഞാൻ അങ്ങേക്ക് എന്താണ് ചെയ്തു തരേണ്ടതെന്ന് ചോദിച്ച അലക്സാണ്ടർ ചക്രവർത്തിയോട്;

"താങ്കൾ എന്റെ മുന്നിൽ നില്ക്കുന്നതുകൊണ്ട് എനിക്ക് കിട്ടിക്കൊണ്ടിരുന്ന വെളിച്ചം മറഞ്ഞു പോകുന്നു. താങ്കൾ ഒന്ന് മാറിനിന്നാൽ അത് മതിയാവും!" എന്നാണ് ഡായോജനീസ് മറുപടി പറയുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥമറിഞ്ഞവന്റെ മുന്നിൽ അധികാരം ഒന്നുമല്ലാതാവുന്ന അത്ഭുത കാഴ്ചയായിരുന്നു അത്.

അധികാരത്തോടും ഭൗതിക സുഖങ്ങളോടുമുള്ള നിസ്സംഗ ഭാവം അപൂർവ്വം മനുഷ്യരിലേ കാണാൻ കഴിയൂ. സന്യാസിമാരെക്കുറിച്ചൊക്കെ നമ്മൾ അങ്ങിനെ ചിന്തിക്കുമെങ്കിലും മിക്ക മതങ്ങളിലെയും സന്യാസിമാർക്ക് രാജഗുരു ആകുന്നതിനേക്കാൾ രാജാവാകാനും രാജാവിനെപ്പോലെ പെരുമാറാനുമാണ് ഇഷ്ടം.

കഴിഞ്ഞ ദിവസം അന്തരിച്ച  ഓർത്തഡോൿസ്സഭയിലെ സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി പാസ്പോർട്ട്എടുത്തിരുന്നില്ല, ഒരു വിദേശ രാജ്യവും സന്ദർശിക്കാൻ താല്പര്യം കാട്ടിയിരുന്നില്ല, പൊതു ഗതാഗത സൗകര്യം ഉപയോഗിച്ച് യാത്രചെയ്തു, ഭദ്രാസന ഭരണം സ്വയം ഉപേക്ഷിച്ച് ആശ്രമ ജീവിതത്തിലേക്ക് തിരിച്ചു പോയി,അങ്ങേയറ്റം ലളിതമായി ഭക്ഷണം കഴിക്കുകയും ജീവിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ അതിൽ അതിശയിക്കാൻ ഒന്നുമില്ല കാരണം ഒരു നിസ്വന്റെ ജീവിത ശൈലിയാണത്. കഴിഞ്ഞ തലമുറകളിൽ ഓർത്തഡോൿസ്  സഭയിൽ    അന്തോണിയോസ് തിരുമേനിയെ പോലെജീവിച്ച പലരും ഉണ്ട്.പക്ഷേ അത് വാർത്തയാവുന്നത് നാം ജീവിക്കുന്ന സത്യാനന്തര കാലത്ത് അതൊരപൂർവ്വ സന്യാസ ജീവിതമായതു കൊണ്ടാണ്.

അദ്ദേഹത്തിന് യാത്രാ മൊഴിയേകുമ്പോൾ മനസ്സിൽ ആഗ്രഹിക്കുന്നത് പുതു തലമുറയിൽ സന്യാസം തിരഞ്ഞെടുത്ത ഒരാളെങ്കിലും അന്തോണിയോസ് തിരുമേനിയെപ്പോലെ ആവട്ടെയെന്നാണ്. എന്ത് ചെയ്തു തരണമെന്ന് ചോദിക്കുന്ന ചക്രവർത്തിമാരോട്,

"വഴിയിൽ നിന്ന് മാറി നിന്ന് തന്നാൽ മതിയെന്ന്!.." പറയാൻ ആർജ്ജവമുള്ള സന്യസ്ഥരെയാണ് നമുക്ക് വേണ്ടത്. ആദരണീയനായ അന്തോണിയോസ് തിരുമേനിക്ക് പ്രാർത്ഥനാഞ്ജലികൾ.

എഴുത്തിന് കടപ്പാട് ഉണ്ട്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: