Pages

Wednesday, August 23, 2023

ഭീകര ശിക്ഷാവിധികൾ

 

ഭീകര ശിക്ഷാവിധി



 

മനുഷ്യവംശത്തോളം പഴക്കം ചെന്ന ശിക്ഷാരീതിയാണ് വധശിക്ഷ.ശിരച്ഛേദം ചെയ്യുക, തീയിലിട്ട് കൊല്ലുക, വെള്ളത്തിൽ താഴ്ത്തി കൊല്ലുക, വിഷം കൊടുക്കുക, കുരിശിലേറ്റുക, കല്ലെറിഞ്ഞു കൊല്ലുക, ജീവനോടെ കുഴിച്ചുമൂടുക തുടങ്ങിയ പ്രാകൃതവും അല്ലാത്തതുമായ പല മാർഗങ്ങളും അധികാര വർഗ്ഗം സ്വീകരിച്ചു വന്നു. ബ്രൂണോയെ ഒരു കഴയിൽ കെട്ടി തീ കത്തിച്ചു കൊന്നു. ക്രിസ്തുവിനെ കുരിശിലേറ്റി. സോക്രട്ടീസിന് വിഷം കൊടുത്തു. ജോവൻ ഓഫ് ആർക്കിനെ തീയിലിട്ടു കൊന്നു.

പഴയകാലത്ത് ഏറ്റവും ഭീകരമായ രീതിയിൽ വധശിക്ഷ നടപ്പാക്കിയ രാജ്യമായിരുന്നു ഇന്ത്യ. ആനയെക്കൊണ്ട്  ചവിട്ടി ശിരസ് തകർക്കുന്ന അതിക്രൂരമായ മാർഗം രാജാക്കന്മാർ സ്വീകരിച്ചിരുന്നു.

മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ തരംതാണവരെ തൂക്കിക്കൊല്ലുകയും താരതമ്യേന ഉന്നതന്മാരായവരെ  വെട്ടികൊല്ലുകയായിരുന്നു പതിവ്. നിരീശ്വരവാദികളെയും മന്ത്രവാദികളെയും ചുട്ടുകൊന്നു. ഇംഗ്ലണ്ടിൽ കുറ്റവാളികളുടെ എല്ലുകൾ ഒടിച്ച ശേഷം വലിച്ചിഴച്ച് ശരീരം നാലായി മുറിച്ചിട്ട് കത്തിക്കുക  യായിരുന്നു പതിവ്.                  ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഇലക്ട്രിക് കസേര അമേരിക്കയിൽ രൂപമെടുത്തു.വളരെയേറെ ഭയാനകമായ ഒരു രീതിയാണിത്. ഹെൽമെറ്റ് പോലുള്ള ലോഹ കവചം ശിരസ്സിൽ ഘടിപ്പിച്ച് അതിലുള്ള രണ്ട് വൈദ്യുത ദൺഡ് കളിലൂടെ 2000 വാൾട്  വൈദ്യുതി കടത്തിവിടുന്നു.  ആദ്യത്തെ ഷോക്കിൽ തന്നെ കണ്ണുകൾ പൊട്ടിച്ചിതറും,തലച്ചോറ് കരിയും,രക്തചംക്രമണം  ശ്വാസകോശപ്രവർത്തനം  ഇവ നിലയ്ക്കും. 120 സെക്കൻഡിനകം കുറ്റവാളി നാമാവശേഷമാകും.

അമേരിക്കയിലെ ടെക്സാസിൽ നടപ്പാക്കിയ വേദനരഹിതമായ മരണ രീതിയാണ് 'ഇൻട്രാവിനസ് ഇഞ്ചക്ഷൻ'.  വിഷം കലർത്തിയ മയക്കുമരുന്ന് ഞരമ്പുകളിലേക്ക് കുത്തിവെച്ച് ആളിനെ കൊല്ലുന്ന രീതിയാണിത്. പെട്ടെന്ന് തന്നെ കുറ്റവാളി മരണത്തിന് വിധേയനാകുന്നു.

ആധുനികമെന്ന് തോന്നുന്നതും  പലരീതിയിൽ നിന്നും മെച്ചപ്പെട്ടതും മനുഷ്യത്വപരവും താരതമ്യേന വേദന രഹിതവുമാണ് 'തൂക്കിക്കൊല'. ഇവിടെ 9 മുതൽ 25 സെക്കൻഡിനകം കുറ്റവാളിക്ക് മരണം സംഭവിക്കുന്നു. കൊലക്കയർ മുറുകാനിടയാകുന്ന വീഴ്ചയുടെ ആഘാതത്തിൽതന്നെ സുഷുമ്നാ നാഡിയും തലച്ചോറുമായുള്ള ബന്ധം വേർപെടുന്നു. അതുകൊണ്ടുതന്നെ മരണം സംഭവിക്കുന്നത് അബോധാവസ്ഥയിലാണ്.ശ്വാസം നിലച്ച് ഹൃദയമിടിപ്പും തലച്ചോറും പ്രവർത്തനരഹിതമായി നിമിഷങ്ങൾക്കകം വ്യക്തി മരണത്തിന് വിധേയനാകും.

നെതർലാൻഡ് 1870 വധശിക്ഷ നിർത്തലാക്കിയപ്പോൾ ലോകം അമ്പരന്നു. ഒരു ജീവൻ എടുക്കാനുള്ള അവകാശം നമുക്കില്ല എന്ന സാത്വിക വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അവർ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. തുടർന്ന് ഇതേ കാരണത്താൽ ഇറ്റലി പശ്ചിമ ജർമ്മനി ബ്രിട്ടൻ സ്പെയിൻ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും അതേ മാർഗ്ഗം പിന്തുടർന്നു.അമേരിക്ക യിലെ പകുതിയോളം സംസ്ഥാനങ്ങൾവധശിക്ഷ   വേണ്ടെന്നു വച്ചിരിക്കുന്നു. കാനഡ മെക്സിക്കോ ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ സൈനിക കുറ്റങ്ങൾക്കല്ലാതെ വധശിക്ഷ നൽകാറില്ല.

എല്ലാ ജീവജാലങ്ങ ളോടും സഹാനുഭൂതി വച്ചുപുലർത്തുന്നവരാണ്  'സൂഫികൾ'. നല്ല പഠനം ആവശ്യമായ  അവരെക്കുറിച്ച്  ഇത്തരുണത്തിൽ ഒന്ന് സൂചിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു. അവനവനിലൂടെ ഈശ്വരനെ അന്വേഷിക്കുന്ന സൂഫിക്ക് ദൈവത്തെ പ്രണയിക്കാതിരിക്കാൻ ആവില്ല. അതുകൊണ്ട് ഇവർ ദൈവമാർഗത്തിൽ ചലിക്കുന്നവരും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വരുമാണ്‌. 'സൂഫി' എന്നു പറഞ്ഞാൽ കമ്പിളി ധരിച്ചവൻ എന്നർത്ഥം.  സൂഫികൾ കമ്പിളി മാത്രമാണ് പുതയ്ക്കുന്നത്.സ്വർഗ്ഗ ലബ്ദ്ധിക്കുവേണ്ടിയാണ് ദൈവാരാധന എന്ന സാധാരണ മുസ്ലിങ്ങളുടെ വിശ്വാസംസൂഫികൾക്കില്ല.  മരണം ഉന്നത ജീവിതത്തി ലേക്കുള്ള പ്രയാണമായി  ട്ടാണവർ കാണുന്നത്. എല്ലാ ജീവജാലങ്ങളെയും അവർ ആത്മാർത്ഥമായി സ്നേഹിക്കുന്നു..

ഒരു സൂഫിവര്യൻ മക്കയിലേക്കുള്ള തന്റെ ദീർഘനാളത്തെ പദയാത്രയിലായിരുന്നു. ഒരുനാൾ അദ്ദേഹത്തിന് ഭിക്ഷയായി കിട്ടിയ റൊട്ടി അല്പം കഴിച്ചിട്ട് ബാക്കി പിറ്റേദിവസം  കഴിക്കാനായി ഭാണ്ഡത്തിൽ പൊതിഞ്ഞുകെട്ടിവെച്ച ശേഷം കിടന്നുറങ്ങി.  അതിരാവിലെ എഴുന്നേറ്റ് നടപ്പ് തുടങ്ങി. അന്നു രാത്രി, തലേന്ന് ബാക്കി വെച്ചിരുന്ന റൊട്ടി കഴിക്കാനായി പൊതി  അഴിച്ചപ്പോൾ തനിക്ക് പറ്റിയ അശ്രദ്ധയെ ഓർത്ത് അപരാധ ബോധം കൊണ്ട് കരഞ്ഞു പോയി. കാരണം തലേദിവസം ബാക്കിവെച്ച റൊട്ടി സൂക്ഷിച്ചിരുന്ന ഭാണ്ഡത്തിൽ കയറിക്കൂടിയ കുഞ്ഞൻ ഉറുമ്പുകളെ കണ്ടപ്പോൾ ദുഃഖം താങ്ങാനായില്ല. വളരെ ശ്രദ്ധയോടെ ഒരു ഉറുമ്പിനെയും നോവിക്കാതെ, താഴെ കളയാതെ പൊതി വീണ്ടും നല്ലവണ്ണം പൊതിഞ്ഞു. ഒരു പകൽ മുഴുവൻ തിരിച്ചു നടന്ന് തലേദിവസം  താൻ കിടന്നുറങ്ങിയ സ്ഥലത്ത് എത്തി. പൊതി അഴിച്ച് ഉറുമ്പുകളെ മുഴുവൻ കൂട്ടത്തോടെ അവിടെ തുറന്നുവിട്ടു. എന്നിട്ട് സമാധാനത്തോടെ നിർവൃതിയോടെ മടങ്ങിപ്പോന്നു. ജീവികളോടുള്ള സഹാനുഭൂതിയാണ് യഥാർത്ഥ തീർത്ഥാടനം എന്ന് സൂഫിവര്യൻ തെളിയിക്കുകയായിരുന്നു.

ഒരു തെറ്റും ചെയ്യാത്ത സഹജീവികളെ ആക്രമിച്ച്  കൊല്ലുകയും  സ്ത്രീകളോട് ക്രൂരത പ്രവർത്തിക്കുകയും ലഹരിക്ക് അടിമയായി കുഞ്ഞുങ്ങളെയും വൃദ്ധകളെയും ബന്ധുമിത്രാദികളെ ക്രൂരമായി ആക്രമിച്ചു വകവരുത്തുകയും, കുഞ്ഞുങ്ങളെ പരിചരിക്കാൻ വെള്ള വസ്ത്രത്തിൽ എത്തുന്ന മാലാഖ, കുഞ്ഞുങ്ങളുടെ കൊലയാളിയായി  മാറുകയും ചെയ്യുന്നവരോട് എന്ത് സഹാനുഭൂതി എന്നത് പരിഹാരം അർഹിക്കുന്ന കാതലായ പ്രശ്നത്തിന്റെ മറ്റൊരു വശമാണ്.

21--08--2023.

ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: