Pages

Thursday, August 17, 2023

ശാസ്ത്രവും വിശ്വാസവും ഒന്നിച്ചു പോകുമോ?

 

ശാസ്ത്രവും വിശ്വാസവും ഒന്നിച്ചു പോകുമോ?



ശാസ്ത്രവും വിശ്വാസവും ഒന്നിച്ചുപോകുമോ എന്ന ചോദ്യത്തിന് ശാസ്ത്രത്തോളം തന്നെ പഴക്കമുണ്ട്.ദൈവമാണ് തന്നെ ശാസ്ത്രത്തിന്റെ വഴികളിലേക്ക് നയിച്ചതെന്നാണ് പ്രമുഖ അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. കോളിൻസ് പറയുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പരമമായ സത്യം തേടിയുള്ള യാത്രയാണ് വിശ്വാസമെന്ന് പറയുന്നത്. ജീവിതത്തിന്റെ അർത്ഥം പറഞ്ഞുതരാൻ ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർക്കുന്നു.‘അനുമാനങ്ങളും ധാരണകളുമല്ലേ ശാസ്ത്രജ്ഞൻ പരിശോധിക്കുന്നത്.‘സയൻസും വിശ്വാസവും വ്യത്യസ്ത ധ്രുവങ്ങളല്ല. സത്യം തേടിയുള്ള യാത്രയിലെ വ്യത്യസ്ത വഴികളാണ് സയൻസും വിശ്വാസവും. ലോകം എങ്ങനെയാണ് ചലിക്കുന്നതെന്ന് സയൻസ് പറയുമ്പോൾ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുതരുകയാണ് വിശ്വാസം.’

ഒരു രോഗിയുടെ ഇടപെടലാണ് ഡോക്ടറെ വിശ്വാസത്തിലേക്ക് നയിച്ചത്. ഡോ. കോളിൻസ് മെഡിക്കൽ കോളജിൽ പഠിക്കുമ്പോഴായിരുന്നു അത്. നിരവധി രോഗങ്ങളാൽ ക്ലേശിച്ചിരുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു, സഹനങ്ങളെ പുഞ്ചിരിയോടെ നേരിടാൻ ശക്തിപ്പെടുത്തുന്നത് തന്റെ വിശ്വാസമാണെന്ന്.

ദൈവം പ്രവർത്തിക്കുന്ന വഴികൾ മനുഷ്യബുദ്ധിക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കുമെന്ന് ഓർമിപ്പിക്കുംവിധമുള്ള സംഭവങ്ങളാണ് പിന്നീട് നടന്നത്.

ദൈവം ഇല്ലെന്നു തെളിയിക്കാനുള്ള തെളിവുകൾ അന്വേഷിച്ചുനടന്ന ഡോക്ടർ ഒടുവിൽ തികഞ്ഞ വിശ്വാസിയായി മാറി.

ശാസ്ത്രവും വിശ്വാസവും

എതിർ ചേരികളിൽ നിൽക്കണ്ടതാണ് എന്ന് കരുതുന്നില്ല. രണ്ടിനും അതിന്റേതായ മാനം നൽകുകയാണ് വേണ്ടത്.

സർവ്വവിജ്ഞാനകോശത്തിൽ ശാസ്ത്രത്തിന്റെ നിർവ്വചനവമായി പറയുന്നത് ഇങ്ങനെയാണ്, 'The systematic study of the structure and behaviour of the physical and natural world through observation, experimentation, and the testing of theories against the evidence obtained'. അതായത് ലോകത്തിന്റെ ഘടനയെയും സ്വഭാവസവിഷേതയെയുമൊക്കെ കുറിച്ച് നിരീക്ഷണങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും കിട്ടുന്ന തെളിവുകളിലൂടെയുള്ള വ്യവസ്ഥാപിതമായ പഠനമാണ് ശാസ്ത്രം. നമുക്ക് ചുറ്റും ഇരുപതുവർഷം മുമ്പ് ഉണ്ടായിരുന്ന കാര്യങ്ങൾ അല്ല ഇന്നുള്ളത്. നൂറുവർഷങ്ങൾക്കുമുമ്പ് ഇതൊന്നും ആയിരുന്നില്ല. മാറ്റം കാലഘട്ടത്തിന്റെ ആവശ്യകതകൂടിയാണ്.മാറ്റം ഇല്ലാതെ ഒന്നുമില്ല.ഓരോ രംഗങ്ങളിലുമുള്ള പുരോഗതി സംഭവിക്കുന്നത് വർഷങ്ങളും, നൂറ്റാണ്ടുകളും കൊണ്ടാണ്. അതിന് മനുഷ്യന്റെ വലിയപരിശ്രമത്തിന്റെകൂടി പിൻബലമുണ്ട്.

ഓരോ കാലത്തിലും നമുക്ക് പലവിധത്തിൽ നേരിടേണ്ടിവന്ന തടസ്സങ്ങളെയും, വെല്ലുവിളികളെയും നാം ശാസ്ത്രത്തിന്റെ പുരോഗതികൊണ്ട് മറികടന്നിട്ടുണ്ട്. ശാസ്ത്രത്തിന്റെ പുരോഗതി നാം നേടിയിട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ലോകം ഇന്ന് ഇത്തരത്തിൽ ആകുമായിരുന്നില്ല. പ്രകൃതിയുടെ സ്വതവേയുള്ള ഒഴുക്കിന് എതിരേയായിരുന്നു എന്നും മനുഷ്യന്റെ ദിശ. അത് പലപ്പോഴും അവന്റെ നിലനിൽപ്പിന്റെ ഭാഗമായിരുന്നു. ഉദാഹരണത്തിന് വസൂരിയും, പ്ളേഗും അടുത്തകാലത്തുണ്ടായ കോവിഡുമൊക്കെ പ്രകൃതി നിർധാരണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ മനുഷ്യൻ ഏക പിടിവള്ളിയായ ശാസ്ത്രത്തിന്റെ സഹായത്തോടെ നിർധാരണത്തെ മറികടന്നു. മറുവശത്തു പ്രകൃതിയുടെ താളത്തെ ചോദ്യം ചെയ്തതിലുള്ള ദോഷഫലവും നാം അനുഭവിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

ശാസ്ത്രം സ്കൂളിൽ പഠിക്കുവാനുള്ള വെറുമൊരു വിഷയമായി മാത്രമായി കാണുമ്പോഴാണ് അത് വിശ്വാസവുമായി തൂക്കിനോക്കാനും മറ്റും ശ്രമിക്കുന്നത്.

ശാസ്ത്രവും വിശ്വാസങ്ങളും തമ്മിലുള്ള അതിർവരമ്പുകളെ തിരിച്ചറിയുകയെന്നത് പ്രധാനമാണ്.

വിശ്വാസത്തിന്റെ ബലത്തിലാണ് മനുഷ്യർ ജീവിക്കുന്നത്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും മാത്രം ബലത്തിൽ ജനങ്ങൾ ജീവിക്കണമെന്ന് ശഠിക്കാൻ ആർക്കും അവകാശമില്ല. ശാസ്ത്രവും യുക്തിയും ഉയർത്തിപ്പിടിച്ചും വിശ്വാസം ബലപ്പെടുത്തിയും ശാസ്ത്രവും വിശ്വാസവും ഒരുമിച്ചുകൊണ്ടുപോയി ജീവിക്കുന്നവരാണ് നമ്മുടെ ഇടയിലുള്ളവർ.വിശ്വാസത്തെയും ശാസ്ത്രത്തെയും വേർതിരിച്ച്കാണാൻ സാധാരണ മനുഷ്യന് പെട്ടെന്ന് കഴിയില്ല.ശാസ്ത്രത്തിന്റെ മുമ്പോട്ടുള്ള കുതിപ്പിന് 'അനിശ്ചിതത്വത്തിൽ' ഊന്നിയുള്ള ഒരു അന്വേഷണവും അനിവാര്യമാണ്. ശാസ്ത്ര സിദ്ധാന്തങ്ങൾ സൃഷ്ടിക്കു മ്പോൾ പലപ്പോഴും അത് അഖണ്ഡമായ യഥാർത്ഥ്യം അല്ല മറിച്ച്, അത് പൂർണമായ അറിവിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം പിന്നിട്ടൂ എന്നേ പറയാൻ പറ്റുള്ളൂ. കൂടുതൽ ശാസ്ത്രജ്ഞരും വിശ്വാസികൾ ആണ്.പക്ഷേ  വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കാൻ നിൽക്കുമ്പോഴാണ് പ്രശ്നം.

പ്രൊഫ. ജോൺ കുരാക്കാർ

No comments: