Pages

Sunday, August 13, 2023

പ്രൊഫ. ജോൺ കുരാക്കാർ സമൂഹത്തിന് ഒരു മാർഗ്ഗദർശി

 


പ്രൊഫ
. ജോൺ കുരാക്കാർ

സമൂഹത്തിന് ഒരു മാർഗ്ഗദർശി

 

സപ്തതി ആഘോഷിക്കുന്ന എൻറെ പ്രിയ കസിൻ   പ്രൊഫ. ജോൺ കുരാക്കാരന് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ നേരുന്നു.ഒരു വ്യക്തിയുടെ ജീവിതം സമൂഹത്തിൻറെ നിരന്തര നിരീക്ഷണത്തിലും, വിലയിരുത്തലിലുമാണ് എന്ന വസ്തുത നാം വിസ്മരിക്കരുത്.പ്രൊഫ. ജോൺ കുരാക്കാർ  എന്ന

വ്യക്തിയുടെ ജീവിതത്തിൻറെ വിവിധ ഘട്ടങ്ങളിലുള്ള  നിരീക്ഷണങ്ങളും, അനുഭവങ്ങളുമൊക്കെ  പലരും

പങ്കുവെക്കാറുണ്ട്. അദ്ദേഹം അനുവർത്തിച്ചു പോരുന്ന ചില സൽപ്രവർത്തികൾ മറ്റുള്ളവർക്ക് അനുകരണീയമാണ്. അദ്ദേഹത്തിന്റെ സപ്തതി ആഘോഷ വേളയിൽ  എൻറെ ചില നിരീക്ഷണങ്ങൾ ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്.

 

സാമൂഹ്യ ജീവിതത്തിൻറെ വിവിധമേഖലകളിൽ സജീവമായി ഇടപെട്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവ്യക്തിയാണ് പ്രൊഫ. ജോൺ കുരാക്കാർ. ഇത് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടിട്ടുള്ള എല്ലാവർക്കും ബോധ്യമുള്ളതാണ്. ഒരു മികച്ച അധ്യാപകൻ എന്ന നിലയിൽ വിദ്യാർത്ഥികളുടെ ഇടയിൽ അദ്ദേഹത്തിനുള്ള സ്ഥാനം പലരുടെയും അനുഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും .

സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ ഉൾപ്പെടുന്ന വലിയൊരു ശിഷ്യ സമ്പത്ത് ഉള്ള വ്യക്തിയാണ് പ്രൊഫ. കുരാക്കാർ. സാറിന്റെ  സാമൂഹ്യബന്ധങ്ങളുടെ  വ്യാപ്തി അതി വിപുലമാണ്.

ഒരു കോളേജ് അധ്യാപകൻ  എന്ന നിലയിൽ ഇദ്ദേഹത്തിന് സമൂഹത്തിൽ പല മേഖലകളിലും മികച്ച സംഭാവനകൾ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.. മികച്ച സംഘാടക ശേഷിയും, ദീർഘവീക്ഷണവും ഉള്ള ഒരു കഠിനാധ്വാനിയാണ് പ്രൊഫ. ജോൺ കുരാക്കാർ.

 

കുട്ടികളുടെ  സാംസ്കാരിക, ധാർമിക, വൈജ്ഞാനിക വളർച്ചയിൽ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നതായി അനുഭവങ്ങളിൽ കൂടി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കോളേജിൽ മലയാളം വകുപ്പിലെ അധ്യാപകനായിരിക്കെ ശാസ്ത്ര വിഷയങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും അതിൻറെ സംസ്ഥാന വിദ്യാഭ്യാസ കൺവീനറും ആയിരുന്നു. ശാസ്ത്ര കേരളം, ശാസ്ത്രഗതി, ഗ്രാമ ശാസ്ത്രം എന്നീ ശാസ്ത്രമാസികകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

നൂറുകണക്കിന് ശാസ്ത്രസംബന്ധിയായ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പലതും window of  knowledge എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.പോപ്പുലേഷൻ എഡ്യൂക്കേഷൻ ഓഫീസർ, കേരള യൂണിവേഴ്സിറ്റി അഡൽറ്റ് എഡ്യൂക്കേഷൻ പ്രോജക്ട് ഓഫീസർ എന്നീ നിലകളിലും അദ്ദേഹം സേവനം  ചെയ്തിട്ടുണ്ട്.

 

കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാൻ   സയൻസ് ഫോറം കോജുകളിലുംസ്കൂളുകളിലും രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.  വിദ്യാർത്ഥികളിലും യുവജനങ്ങളിലും അന്തരർലീനമായിരിക്കുന്ന കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി"കേരള കാവ്യ കലാ സാഹിതി' എന്നൊരു സാഹിത്യ കലാ സംഘടന  സംസ്ഥാന തലത്തിൽ രൂപീകരിച്ച് പ്രവർത്തനം വ്യാപകമാക്കാൻ  സാറിന് കഴിഞ്ഞു. സംഘടനയുടെ നേതൃത്വത്തിലാണ് കേരളത്തിൽ അറിയപ്പെടുന്ന പൊതുവിജ്ഞാന പരീക്ഷ നടത്തുന്നത്. കേരളത്തിൽ നൂറിലധികം സ്കൂളുകളും നിരവധി

കോളേജുകളും കേരള കാവ്യകല  സാഹിതിയുടെ പരീക്ഷ കേന്ദ്രങ്ങളായിരുന്നു. കേന്ദങ്ങളിൽ  കൂടിയാണ് കൃത്യമായി എല്ലാ വർഷവും ക്വിസ് മത്സരങ്ങളും, ശാസ്ത്ര-സാഹിത്യ വിഷയങ്ങളെപ്പറ്റി സെമിനാറുകളും, ചർച്ചകളും,പൊതു വിജ്ഞാന  പരീക്ഷകളും മറ്റും സംഘടിപ്പിച്ചിരുന്നത്. കുട്ടികളിൽ ശാസ്ത്ര ചിന്തകൾ വളർത്തിയെടുക്കാൻ സയൻസ് ഫോറം വലിയ തോതിൽ ഉപകരിച്ചിരുന്നു. കുട്ടികളും, അധ്യാപകരും സ്കൂളുകളിൽ വലിയ ആവേശത്തോടെയാണ് കാവ്യ കലാ സാഹിതി പരിപാടികൾ ഏറ്റെടുത്തിരുന്നത്. കോളേജിലെ നാഷണൽ സർവീസ് സ്കീം വഴിയും ശ്രി കുരാക്കാർ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

 

കുട്ടികളുടെ ടാലൻറ്കൾ കണ്ടെത്താനും അതുവഴി അവരെ ശരിയായ ദിശയിൽ പ്രോത്സാഹിപ്പിക്കാനും ഇദ്ദേഹത്തിന് പ്രത്യേക താൽപര്യവും കഴിവും ഉണ്ട്. എല്ലാവരുമായി നല്ല സുഹൃത്ത് ബന്ധം പുലർത്താൻ പ്രൊഫ കുരാക്കാർ ശ്രമിച്ചിരുന്നു. വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയാണ് ഇദ്ദേഹം.

ഞാനും സാറും ഉൾപ്പെടുന്ന കുരാക്കാരൻ കുടുംബത്തിന് ഒരു കുടുംബയോഗം ഉണ്ട്. 1969 രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ് സംഘടന. 1991 മുതൽ പ്രൊഫ. ജോൺ കുരാക്കാർ സംഘടനയുടെ നേതൃത്വത്തിലേക്ക് വരികയും ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അതിനുശേഷം കുടുംബയോഗത്തിന്റെ പ്രസിഡന്റായി ഏതാനം വർഷം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി  കുടുംബ യോഗത്തിന്  പുതിയ ശൈലിയും ദിശാബോധവും കൈവന്നു. കുടുംബത്തിലെ കുട്ടികളുടെ ക്ഷേമത്തിനും, പ്രോത്സാഹനത്തിനും ആയി നിരവധി വിദ്യാഭ്യാസ  എൻഡോവ്മെൻറ്കൾ സ്ഥാപിച്ചു കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി കുരാക്കാരൻ സാംസ്കാരിക വേദി രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ക്വിസ് മത്സരങ്ങൾ, പഠന വിനോദ യാത്രകൾ, ശാസ്ത്ര സാമൂഹ്യ സെമിനാറുകൾ, നേതൃത്വ പരിശീലന കളരികൾ തുടങ്ങിയവ കൃത്യമായി നടത്തി വന്നിരുന്നത് യുവ തലമുറയ്ക്ക് എന്നും പ്രയോജനകരമായിരുന്നു. കുടുംബത്തിലെ വനിതകളെ സംഘടിപ്പിച്ച് വിമൻസ് അസോസിസിഷനും യൂണിറ്റുകളും ഫോറങ്ങളും തുടങ്ങിയതും കാലഘട്ടത്തിൽ ആയിരുന്നു. കുടുംബ ക്ഷേമ പരിപാടികളുമായി ഏതാണ്ട് 400 ഓളം വരുന്ന കുരാക്കാരൻ കുടുംബങ്ങൾ നിരവധി പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്. ഭവന സന്ദർശന സമയത്ത്  കുടുംബത്തിലെ കുട്ടികളെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. അവർക്ക് തക്കതായ മാർഗ്ഗനിർദ്ദേശങ്ങളും, സപ്പോർട്ടും നൽകിയിരുന്നു.

കുരാക്കാരൻ കുടുംബ ചരിത്ര പുസ്തകം പ്രസിദ്ധീകരിക്കാൻ ഇദ്ദേഹം എടുത്ത പ്രയത്നം വളരെ  ശ്ലാഘനീയമാണ്. ഇപ്പോൾ അതിൻറെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലാണ്.

ധാരാളം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.  "ഗുഡ് മോർണിംഗ് ഡോക്ടർ " എന്നത്  അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ്. ആത്മകഥയായ  പുസ്തകം സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്ന ഒന്നാണ്.

തന്നെ ബാധിച്ച കാൻസർ എന്ന മഹാ രോഗത്തെ മന:ശക്തി കൊണ്ടും, ആത്മവിശ്വാസം കൊണ്ടും നേരിട്ട് തോൽപ്പിച്ച അനുഭവ സാക്ഷ്യം എല്ലാവർക്കും ഒരു പാഠമാണ്. തന്നെയുമല്ല പുസ്തകത്തിൽ നിന്നും കിട്ടുന്ന വരുമാനം ഇദ്ദേഹം നേതൃത്വം നൽകുന്ന കേരള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്തിരിക്കുകയാണ്.

സപ്തതി ആഘോഷിക്കുന്ന പ്രൊഫ. ജോൺ കുരാക്കാർ സാറിന് കൂടുതൽ ആയുരാരോഗ്യസൗഖ്യത്തോടെ ഇനിയും കൂടുതൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നു.

സ്നേഹപൂർവ്വം,

 

ജേക്കബ് മാത്യു കുരാക്കാരൻ.

No comments: