Pages

Wednesday, July 19, 2023

ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച മഹാൻ

 

ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച മഹാൻ

 

കരിങ്കൊടി കാണിച്ചാൽ ജയിലിലടക്കുന്ന കാലത്ത് കല്ലെറിഞവനോട് പുഞ്ചിരികൊണ്ട് മറുപടി നൽകിയ ഒരേ ഒരു രാഷ്ട്രീയ നേതാവാണ്  ഉമ്മൻ ചാണ്ടി.പ്രായോഗികതയും ജനകീയതയും ആർദ്രതയും  ഒന്നിച്ച  രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്നേഹ സ്പർശം കൊണ്ട് തലോടിയ  ആർദ്രവാനായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ  വേർപാട് അക്ഷരാർത്ഥത്തിൽ കേരളത്തെകരയിച്ചു.

അവസാനമായി  ഉമ്മൻ ചാണ്ടിയെകാണാൻ കാണാൻ എല്ലായിടത്തും പതിനായിരങ്ങൾ മണിക്കൂറുകളോളം കാത്തു നിൽക്കുന്നു. എഴുപത്തി ഒൻപത് വർഷങ്ങൾ കാർമേഘങ്ങളില്ലാത്ത ആകാശം പോലെ എല്ലാവർക്കും വേണ്ടി ഒരുപോലെ തുറന്നു കിടന്ന ഹൃദയ വിശാലതയുടെ വാതിൽ നാളെ ഒരു ആറടിയുടെ പെട്ടിയിൽ അങ്ങനെ പൂർണ്ണമായും അടയ്ക്കപ്പെടും. തൻ്റെ സങ്കടങ്ങളൊക്കെ എന്നും പറഞ്ഞുതീർത്തിരുന്ന പുതുപ്പള്ളിപള്ളിയുടെ മണ്ണിൽ ആഴ്ത്തപ്പെടും.തിരക്കുകളും ബഹളങ്ങളും ഇല്ലാതെ നീതിമാന് ഇനി അവിടെ വിശ്രമിക്കാം.

കൂടെ പഠിച്ച പ്രിയ സ്നേഹിതന് പുതിയ കോഴ്സിന് ചേരാൻ മുപ്പത് രൂപയുടെ ആവശ്യം വന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന മോതിരം പണയം വെച്ച് സഹായിച്ച  മനുഷ്യനാണ്  ഉമ്മൻ ചാണ്ടി.ജീവിതത്തിന്റെ വലിയ നേട്ടം എന്നത് നഷ്ടങ്ങൾ കൂടി ആണെന്ന് കാണിച്ചു തന്ന  ഒരു ജനതയുടെ പ്രിയപ്പെട്ടവനാണ്  ഉമ്മൻചാണ്ടി.

കാരുണ്യവും കരുതലും കയ്യൊപ്പായി; ജനങ്ങള്‍ക്ക് നടുവില്‍

ജീവിച്ച ഉമ്മന്‍ചാണ്ടി എന്നും ഒരത്ഭുതമായിരുന്നു.  തൊഴിലില്ലായ്മ വേതനം മുതല്‍ ജനസമ്പര്‍ക്കം വരെ കേരളത്തിന്‍ കൊണ്ടു വന്ന മഹാൻ. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളുടെ തുടക്കം കുറിച്ച മനുഷ്യ സ്നേഹി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ആവശ്യക്കാര്‍ക്ക് എത്തുന്നു എന്ന് ഉറപ്പാക്കിയ ഭരണാധികാരി.

ചില ഭരണാധികാരികളുടെ പ്രവർത്തി ദോഷവും അസാന്മാർഗിക വഴികളും നിരപരാധിയും നീതിമാനും ആയ ഉമ്മൻചാണ്ടിയിൽ ചാർത്തി അദ്ദേഹത്തെയും കുടുംബത്തെയുംഅവഹേളിച്ചതിന് കാലം കണക്കുചോദിക്കും നിശ്ചയം .ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട് അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ ചൊരിയുന്നത്  ജനങ്ങളിൽ വെറുപ്പ് ഉളവാക്കുന്നു.

പ്രൊഫ. ജോൺ കുരാക്കാർ

മുംബൈ

No comments: