Pages

Wednesday, July 5, 2023

വൈക്കം മുഹമ്മദ് ബഷീർ

 

 വൈക്കം മുഹമ്മദ് ബഷീർ


 

വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇന്ന് 2023 ജൂലൈ 5 ന് 29വർഷം. മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ കഥാകാരനാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ ഭാഷയിൽ ഗഹനമായ ജീവിതയാഥാർത്ഥ്യങ്ങൾ പറഞ്ഞ ബഷീർ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ്.

കഥകൾ പറഞ്ഞ്, കഥകൾ പറഞ്ഞ് വായനക്കാരുടെ മനസ്സിൽ ഇന്നും പ്രിയമുള്ള എഴുത്തുകാരൻ. സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച ബഷീർ എഴുതിത്തുടങ്ങിയപ്പോൾ മലയാള സാഹിത്യത്തിന് എന്തൊരു വെളിച്ചം. പ്രത്യേകിച്ച് അർഥങ്ങളില്ലാത്ത വാക്കുകൾപോലും അദ്ദേഹത്തിന്റെ രചനയിലൂടെ കടന്നുവന്നപ്പോൾ അവക്ക് വലിയ അർഥങ്ങളുണ്ടായി.

ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു .അയാൾ തനിക്ക് ശരിയെന്ന് തോന്നിയ ഭാഷയിൽ അയാൾക്ക് മാത്രം എഴുതാൻ കഴിയുന്ന കഥകൾ എഴുതിയിരുന്നു.

അക്കാദമിക്ക് ബുദ്ധിജീവികളും കൂലിപ്പണിക്കാരും എഴുത്തുകൾ വായിച്ച് ഇഷ്ടപ്പെട്ട് അയാളുടെ ആരാധകരായി മാറി.അയാൾ സ്വന്തം പുസ്തകങ്ങൾ തലച്ചുമടായി നടന്ന് വിറ്റിരുന്നു. അയാൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ജന്മ ദിനത്തിൻ്റെയന്ന് വിശപ്പ് സഹിക്കാഞ്ഞിട്ട് അയാൾ സഹമുറിയൻ്റെ ഭക്ഷണം കട്ട് തിന്നിരുന്നു.വിശപ്പറിഞ്ഞ അയാൾ വിശപ്പിനെ കുറിച്ച് എഴുതി.പ്രണയമറിഞ്ഞ അയാൾ ചെവിപ്പീളയുടെ മണമുള്ള പ്രണയത്തെക്കുറിച്ച് എഴുതി.

ഉന്മാദത്തിന്റെ സൗന്ദര്യത്തെ അറിഞ്ഞ അയാൾ ഉന്മാദത്തെക്കുറിച്ച് എഴുതി .

ഭൂമിയിലെ സകല മനുഷ്യ ഭാവങ്ങളെയും വികാരങ്ങളെയും കുറിച്ച് അയാൾ എഴുതി. എഴുതിയതെല്ലാം വായിക്കപ്പെട്ടു.

നല്ല എഴുത്തുകാർ നമുക്കുണ്ട് .

നല്ല മനുഷ്യരും നമുക്കുണ്ട് .

ബഷീർ ഒരേ സമയം ഇത് രണ്ടുമായിരുന്നു .മറ്റ് പലതുമായിരുന്നു.മലയാളികൾക്ക്  മറക്കാനാവാത്ത  എഴുത്തുകാരൻ.

പ്രൊഫ. ജോൺ  കുരാക്കാർ

No comments: