Pages

Monday, July 17, 2023

"എഴുന്നേൽക്കൂ മുന്നോട്ട് നടക്കൂ".

 

"എഴുന്നേൽക്കൂ മുന്നോട്ട് നടക്കൂ". 



ഇതൊരു ബൈബിൾ കഥയാണ്. ഒരിക്കൽ ക്രിസ്തുവിന്റെ ശിഷ്യന്മാരായ ജോണും,  പീറ്ററും ഒരു മുടന്തൻ യാചകനെ വഴിയരികിൽ കാണാനിടയായി. അടിച്ചമർത്തപ്പെട്ടവന്റെ എല്ലാ സ്വഭാവസവി ശേഷതകളും അയാൾക്കുണ്ടായിരുന്നു. അയാൾ നിരാശനും ദുഃഖിതനും ആത്മാഭിമാനം തരി പോലും ഇല്ലാത്തവനുമായിരുന്നു.  അങ്ങേയറ്റം നിന്നിതവും  പീഡിതവുമായ അവസ്ഥയിൽ അയാളെ കണ്ട പീറ്റർ, യാചകനോട് ഇങ്ങനെ പറഞ്ഞു : "സ്വർണ്ണവും വെള്ളിയും ഞങ്ങളുടെ പക്കലില്ല.  എന്നാൽ ഞങ്ങളുടെ പക്കലുള്ളത് ഞങ്ങളിതാ നിനക്ക് തരുന്നു". യാചകന്റെ വലതു കരം പിടിച്ചുയർത്തിക്കൊണ്ട് പീറ്റർ പറഞ്ഞു : "നസറേത്തിലെ യേശുക്രിസ്തുവിന്റെ  നാമത്തിൽ നിന്നോട് ഞാൻ പറയുന്നു "എഴുന്നേൽക്കൂ മുന്നോട്ട് നടക്കൂ". അങ്ങനെ യാചകന് അവർ രക്ഷകരായി.

2004 ലെ സമാധാന ത്തിനുള്ള നോബേൽ പുരസ്കാരം നേടിയ കെനിയക്കാരിയും 'ഗ്രീൻ ബെൽറ്റ് ' പ്രസ്ഥാനത്തിന്റ ലോക നായികയുമായ വാംഗാരിമാതായ് 2002 ലെ തന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച മുദ്രാവാക്യം "എഴുന്നേൽക്കൂ മുന്നോട്ട് നടക്കൂ", ഞാനുണ്ട് കൂടെ എന്നായിരുന്നു.   ബൈബിൾ വചനത്തിന്റെ നിശ്ചയദാർഢ്യത്തെ മുൻനിർത്തി  അവർ നൽകിയ പ്രതിജ്ഞയിൽ  ജനങ്ങൾ ഒന്നാകെ വിശ്വാസമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ വാംഗാരി ഉൾപ്പെട്ട പ്രതിപക്ഷം ഭരണകക്ഷിയെ  ദയനീയമായി പരാജയപ്പെടുത്തി. 2003 വാംഗാരി പരിസ്ഥിതി മന്ത്രാലയത്തിൽ സഹമന്ത്രിയായി നിയമിക്കപ്പെട്ടു. ഒരു ബൈബിൾ മുദ്രാവാക്യത്തിന്റെ മാന്ത്രിക സ്വാധീനം  അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങളിലും പ്രതിഫലിച്ചു. ഏതു മുദ്രാവാക്യവും ജീവൻ വയ്ക്കുന്നത് അതിന്റെ മർമ്മം മനസ്സിലേറ്റി  പ്രവർത്തിക്കുമ്പോഴാണല്ലോ.

നിശ്ചയദാർഢ്യത്തോടുള്ള  പ്രവർത്തനത്തിന്റെ മറ്റൊരു അനുഭവ കഥ.

ബീഹാർ സ്വദേശിയായ ദശരഥമാഞ്ചിയുടെ ഭാര്യ 1959 വീടിന്റെ അടുത്തുണ്ടായിരുന്ന ഒരു മലയിൽ നിന്നും വീണ് പരിക്കേറ്റു. ഭാര്യയെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് അവർ  മരണപ്പെട്ടു. തന്റെ ഭാര്യയുടെ വീഴ്ചയ്ക്കും തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കാൻ വിലങ്ങു തടിയായി നിന്ന 460 അടി ഉയരമുള്ള  കൂറ്റൻമലയെ ഇളക്കിമാറ്റാൻ മാഞ്ചി ദൃഢപ്രതിജ്ഞ എടുത്തു. നീണ്ട 22 വർഷം തന്റെ പണിയായുധങ്ങൾ മാത്രം ഉപയോഗിച്ച് ഒറ്റയ്ക്ക് കഠിനാധ്വാനം ചെയ്ത് മലയെ ഒരു പ്രതികാര മനസ്സോടെ ഇടിച്ചുനിരത്തി ! അതൊരു ജീവൻമരണ പോരാട്ടം ആയിരുന്നു.അതിലൂടെ 110 മീറ്റർ നീളത്തിൽ ഒരു റോഡ് തന്റെ ഗ്രാമത്തിൽ നിന്നും അടുത്തുള്ള പട്ടണത്തിലേക്ക് നിർമ്മിച്ചു. പട്ടണത്തിലേക്ക് നേരത്തെ 55 കിലോമീറ്റർ ദൂരമുണ്ടായിരുന്നത്, പുതിയ റോഡ് വന്നതോടെ ദൂരം 15 കിലോമീറ്ററായി കുറഞ്ഞു!മാഞ്ചിയുടെ അസാധാരണ അമാനുഷിക നേട്ടത്തിൽ സംസ്ഥാന ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചു.2016 ഇന്ത്യൻ പോസ്റ്റൽ  ഡിപ്പാർട്ട്മെന്റും, മാഞ്ചിയുടെ മരണാനന്തരം, അദ്ദേഹത്തിന്റെ പേരിൽ സ്റ്റാമ്പ് പ്രസിദ്ധീകരിച്ച്  ആദരിക്കുകയുണ്ടായി.

തുടക്കത്തിൽ ദശരഥമാഞ്ചിക്ക് തന്റെ നാട്ടുകാരിൽ നിന്നും വേദനയുളവാക്കുന്ന കുത്തുവാക്കും പരിഹാസവും തികഞ്ഞ അവഗണനയുമാണ് നേരിടേണ്ടിവന്നതങ്കിലും, ഗ്രാമവാസികൾക്ക് പട്ടണത്തിലേക്കുള്ള യാത്ര സുഗമമായതോടെ, ജീവിതത്തിൽ അസാധ്യമെന്ന് കരുതിയിരുന്ന ഒന്ന്  കഠിനപ്രയത്നത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും സാധ്യമാക്കിയ ദശരഥമാഞ്ചിയെ അവർ ഈശ്വരതുല്യം കരുതി രക്ഷകനായിട്ട് കാണാൻ തുടങ്ങി. അതുകൊണ്ട് നാട്ടുകാർ അദ്ദേഹത്തിന് സ്നേഹാദരങ്ങളോടെ നൽകിയ പേരാണ്  "മൗണ്ടൻ മാൻ". ഇന്നും അദ്ദേഹത്തെ അറിയുന്നത് പേരിലാണ്.

ഒരു ബൈബിൾ വചനമാണ് വാംഗാരി മാതായ്ക്ക് ജീവിതത്തിൽ ഒരു കടുത്ത തീരുമാനമെടുത്ത് ശക്തമായി മുന്നോട്ടു പോകാൻ പ്രചോദനമായതെങ്കിൽ ദശരഥമാഞ്ചിക്ക് തന്റെ ഭാര്യയുടെ അകാല വേർപാടിനു, താൻ വിശ്വസിച്ച കാരണമാണ്

ഇത്തരം ഒരു  കഠിന തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അങ്ങനെ ഇവർ കാലത്തിനെതിരെ, ഒഴുക്കിനെതിരെ പൊരുതി പൊരുതി ദേശത്തിന്റെ ചരിത്രത്തെതന്നെ തിരുത്തിക്കുറിച്ചു.

17--07--2023.

ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: