മണിപ്പുർ കലാപം
കെട്ടടങ്ങുന്നില്ല .
മണിപ്പുർ അശാന്തിയിലേക്കു വഴുതിയിട്ടു രണ്ടുമാസമാകുന്നു. വംശീയ കലാപത്തിൽ നൂറ്റിമുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. കുഞ്ഞുങ്ങളടക്കം അൻപതിനായിരം പേരെങ്കിലും വീടുവിട്ട് ദുരിതാശ്വാസ ക്യാംപുകളിലും സമീപ സംസ്ഥാനങ്ങളിലും അഭയം തേടിയിരിക്കുകയാണ്. കലാപത്തിനിടെ ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും പ്രത്യേകം ഉന്നംവയ്ക്കപ്പെടുന്നു.
ഇത്രയൊക്കെ കലാപമുണ്ടായിട്ടും മണിപ്പുർ കലാപ വിഷയത്തിൽ അധികാരികൾ നിസ്സംഗത വെടിയാത്തത് എന്ത് ?മണിപ്പുരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപമാണവിടെ നടക്കുന്നത്. കലാപകാരികൾക്ക് എവിടെ.നിന്നാണ് ആയുധം ലഭിക്കുന്നത് .ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോയെന്നു സംശയിക്കണം. മണിപ്പുർ കത്തിയെരിയുമ്പോൾ ആരും കാര്യമായി സമാധാന ശ്രമങ്ങൾ നടത്തുന്നില്ല .
ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ്കളെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചുള്ള മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് മേയ് ആദ്യവാരം കലാപം തുടങ്ങിയത്.
മെയ്തെയ്, നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ മണിപ്പുരിൽ പുതിയ സംഭവമല്ല. 1972ൽ മാത്രം സംസ്ഥാനമായ മണിപ്പുർ, 1980 മുതൽ ഇരുപതു വർഷത്തിലേറെ ‘പ്രശ്നബാധിത മേഖല’യായിരുന്നു. ഇക്കാരണത്താൽ പ്രാബല്യത്തിലായ സായുധസേനാ സവിശേഷ അധികാര നിയമത്തിന്റെ പ്രയോഗം ഏറെ വിവാദങ്ങൾക്കും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്തിരുന്നു.
മണിപ്പുരിൽ മാത്രം 39 വംശീയ വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗവും തനിമ സംരക്ഷിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും തങ്ങളുടേതായ രീതികൾ സ്വീകരിക്കാറുണ്ട്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഏറെ ജാഗ്രതയോടെയുള്ള സമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കാറുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുംമുൻപ് മുൻസർക്കാരിൽ ഈ വിഷയം കൈകാര്യം ചെയ്തിരുന്നവരുമായി കൂടിയാലോചിക്കുക എന്നത് ഏതു കക്ഷി കേന്ദ്രം ഭരിക്കുമ്പോഴുമുള്ള പതിവായിരുന്നു. നയസമീപനത്തിലെ തുടർച്ച അങ്ങനെ കക്ഷിഭേദമെന്യേ പാലിക്കപ്പെട്ടിരുന്നു.
അതേസമയം, മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ തിരഞ്ഞെടുപ്പുനേട്ടത്തിനായി വിവിധ വംശീയ–മത വിഭാഗങ്ങളെ സൗകര്യപൂർവം ഉപയോഗിച്ചതിന്റെ ചരിത്രവും ഇവിടെയുണ്ട്. ആ സമീപനം തുടരുകയാണെന്നതിനു തെളിവാണു മണിപ്പുർ. ഭരണതന്ത്രവും തിരഞ്ഞെടുപ്പു തന്ത്രവും കൂട്ടിക്കുഴയ്ക്കുകയെന്ന ബിജെപിയുടെ രീതി ഏതാനും വർഷങ്ങളായി സംസ്ഥാനത്തു ദൃശ്യമാണ്. എന്നാൽ, കലാപം ആവർത്തിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിയെന്നത് ഗുരുതര ചോദ്യങ്ങളുയർത്തുന്നു.
ഇപ്പോഴത്തെ കലാപത്തിനു മുഖ്യകാരണമായി കരുതപ്പെടുന്ന ഹൈക്കോടതി വിധിതന്നെ കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗത്തുണ്ടായ ജാഗ്രതക്കുറവിനു തെളിവാണ്. ഏതെങ്കിലും വിഭാഗത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കണമെന്നു നിർദേശിക്കാൻ കോടതികൾക്ക് അധികാരമില്ല. കേന്ദ്ര സർക്കാർ പിഴവു ചൂണ്ടിക്കാട്ടിയതുമില്ല.
കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഊർജിതശ്രമം ഉണ്ടായില്ല. കേന്ദ്ര ഇടപെടലുകൾ വേണ്ടത്ര ഫലം കണ്ടതുമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി മുൻകയ്യെടുത്തു രൂപീകരിച്ച സമാധാന സമിതി അവഗണിക്കപ്പെട്ടത് അതിന്റെ സൂചനയാണ്. മെയ്തെയ് വിഭാഗക്കാരനും ആ വിഭാഗത്തിന്റെ വക്താവെന്ന മട്ടിൽ പെരുമാറുന്നയാളുമായ മുഖ്യമന്ത്രിയെ മാറ്റിനിർത്താതെയുള്ള ഏതു നടപടിയും വിശ്വസനീയമാകില്ലെന്ന ബോധ്യംപോലുമില്ലാതെയാണ് കേന്ദ്രം പെരുമാറിയത്. സംസ്ഥാനത്തെ സ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാനോ സ്വന്തം പാർട്ടിയിൽനിന്നുള്ള എംഎൽഎമാരുമായിപ്പോലും കൂടിക്കാഴ്ചയ്ക്കു സമയം കണ്ടെത്താനോ പ്രധാനമന്ത്രിക്കു സാധിച്ചില്ല. കലാപം തനിയെ കെട്ടടങ്ങുമെന്ന ഉദാസീന സമീപനമാണോ കേന്ദ്രം സ്വീകരിച്ചതെന്ന ചോദ്യമുയരുന്നു.
നിലവിലെ പ്രതിസന്ധി മണിപ്പുരിൽ ഒതുങ്ങണമെന്നില്ല. ഏതു സംസ്ഥാനത്തും ഗുരുതരമായ ക്രമസമാധാനത്തകർച്ചയുണ്ടാകാം. അങ്ങനെ നോക്കുമ്പോൾ മണിപ്പുർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്ര ഇടപെടലിലൂടെ പ്രശ്നത്തിനു താൽക്കാലിക പരിഹാരമുണ്ടാകുമെന്നു പ്രത്യാശിക്കാം. എന്നാൽ, ശാശ്വത പരിഹാരത്തിനുള്ള ആത്മാർഥ പരിശ്രമമാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. തിരഞ്ഞെടുപ്പു തന്ത്രങ്ങളിൽ ഒതുങ്ങുന്നതാകരുത് സംസ്ഥാനങ്ങൾ സംബന്ധിച്ച നയസമീപനമെന്ന തിരിച്ചറിവും ആ പരിശ്രമങ്ങളിൽ പ്രതിഫലിക്കണം. കേന്ദ്ര സർക്കാർ ഉണർന്നുപ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment