മൂന്നു യാതക്കാരുടെ ജീവിനെടുത്ത കുറ്റവാളിക്ക്
തൂക്ക് കയർതന്നെ ലഭിക്കണം
രാത്രി ട്രെയിനിൽ കയറിയ അക്രമി കോച്ചിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം രാജ്യത്തെത്തന്നെ ഞെട്ടിക്കുന്നതാണ്.ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ, കോഴിക്കോട് എലത്തൂരിനു സമീപമുണ്ടായ ആക്രമണത്തിൽ 9 പേർക്കാണു പൊള്ളലേറ്റത്. ആളിക്കത്തുന്ന തീയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാവണം പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ വീണു മരിച്ചത്. സംഭവത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്ന് കേരള
സർക്കാർ പറഞ്ഞിട്ടുണ്ട്.
ലോകത്തിലെത്തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളത്. മികച്ച വരുമാനമുള്ള പൊതുമേഖലാ സ്ഥാപനവും. എന്നിട്ടും അതിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ റെയിൽവേക്ക് കഴിയുന്നില്ലെന്നത് ലജ്ജാകരമാണ്, അതിലേറെ കുറ്റകരവുമാണ്.. നമ്മുടെ ട്രെയിൻയാത്ര എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയരുന്നു. കേരളത്തിൽ ആദ്യമാണ് ഇങ്ങനെയൊരു ആക്രമണമുണ്ടാകുന്നത്.
കുറ്റവാളിയെ പിടികൂടിയസംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നു.ഇത് ഭീകര അക്രമണത്തിന്റെ ഭാഗമാണോ, കുറ്റവാളി നമ്മുടെ സുരക്ഷ സംവിധാനത്തെ മറികടന്ന് എങ്ങനെ മഹാരാഷ്ട്രയിൽ എത്തി ഇവയൊക്കെ അന്വേഷിക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുകയും വേണം.
റെയിൽവേയിൽ യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷ പ്രഥമപരിഗണന അർഹിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി ഇക്കാര്യം അവഗണിക്കപ്പെടുകയാണെന്നതിനു മറ്റൊരു ദുരന്തസാക്ഷ്യമായി മാറുകയാണ് ഈ സംഭവം.
ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ 2011ൽ, ക്രൂരപീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തിനുശേഷം സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിച്ചുതുടങ്ങിയെന്ന തോന്നൽ റെയിൽവേ ഉണ്ടാക്കിയെങ്കിലും അതു നിലനിർത്താനായില്ല.എറണാകുളം മുളന്തുരുത്തിയിൽ 2021 ഏപ്രിലിൽ മോഷണശ്രമത്തിനിരയായ യുവതിക്ക് ട്രെയിനിൽനിന്നു വീണു പരുക്കേറ്റതു വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ അപായ ബട്ടൺ വേണമെന്ന ശുപാർശ റെയിൽവേയുടെ മുന്നിലില്ലേയെന്ന് ആ സംഭവത്തെത്തുടർന്നു സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചോദിക്കുകയുണ്ടായി.
ട്രെയിൻ സർവീസുകളുടെ എണ്ണവും വേഗവും വർധിക്കുന്നതിനനുസരിച്ചു സുരക്ഷാകാര്യത്തിൽ ശ്രദ്ധ പതിയുന്നില്ലെന്ന പരാതി ശരിവയ്ക്കുകയാണ് ഇപ്പോഴത്തെ സംഭവം. ട്രെയിൻ യാത്രക്കാർക്കു കൂടുതൽ സുരക്ഷ ഒരുക്കുന്നതിനു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും (ആർപിഎഫ്) സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗവ. റെയിൽവേ പൊലീസിന്റെയും (ജിആർപി) അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്നു.
കേരളത്തിൽ കൂടി കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി ദിവസം ശരാശരി മൂന്നുലക്ഷം പേരാണു യാത്ര ചെയ്യുന്നത്. ഇത്രയും പേർക്കു സുരക്ഷ ഒരുക്കാൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1500 ആർപിഎഫ് ജീവനക്കാർ വേണ്ടിടത്ത് അതിന്റെ പാതിപോലും ഇപ്പോഴില്ല.ഇതുപോലെയുള്ള കൊടുംക്രൂരത ഇനിയൊരിക്കലും ഈ രാജ്യത്തുണ്ടാകരുത്.
പ്രോഫ. ജോൺ
കുരാക്കാർ
No comments:
Post a Comment