യുക്രെയൻറെ സ്ഥിതി ഓർത്ത്
ലോകം സങ്കടപ്പെടുന്നു..
യുക്രെയ്ൻ സൈന്യവും ജനങ്ങളും നടത്തുന്ന വീര്യം ചോരാത്ത ചെറുത്തുനിൽപ് രാജ്യാന്തര സമൂഹം നെഞ്ചിടിപ്പോടെയാണു കണ്ടുനിൽക്കുന്നത്. യുദ്ധം നീളവേ, സമീപരാജ്യങ്ങളിലേക്കുള്ള വൻ അഭയാർഥിപ്രവാഹം ലോകത്തിന്റെ സങ്കടവും ആശങ്കയുമാകുന്നു. യുദ്ധഭൂമിയിൽനിന്ന് വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യം പുരോഗമിക്കുന്നു .
യുക്രെയ്നിൽനിന്നുള്ള കൂട്ടപ്പലായനം ആരംഭിച്ചതോടെ ലക്ഷക്കണക്കിനാളുകളാണ് അതിർത്തി മേഖലകളിലേക്കെത്തുന്നത്. കൂടുതൽപേരും പോളണ്ടിലേക്കാണെങ്കിലും മോൾഡോവ, ഹംഗറി, റുമാനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ജനപ്രവാഹമുണ്ട്. അധികാരവെറിയുടെ ഇരകളായി സർവവും വിട്ടെറിഞ്ഞ് ഓടിപ്പോകേണ്ടിവരുന്ന യുക്രെയ്ൻ അഭയാർഥികളുടെ പ്രവാഹം ലോകത്തിന്റെമുന്നിൽ സങ്കീർണമായ പുതിയ ചോദ്യചിഹ്നം ഉയർത്തുന്നു. യുക്രെയ്നിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. റുമാനിയയ്ക്കും ഹംഗറിക്കും പുറമേ പടിഞ്ഞാറൻ യുക്രെയ്നിനോടു ചേർന്നുള്ള സ്ലൊവാക്യ വഴിയും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യമാണ് ഇപ്പോൾ നടക്കുന്നത്.
യുക്രയ്ൻറെ
വേദനയും ആശങ്കയും നിസ്സഹായതയും മുറിവുകളും മലയാളികളുടെതുമായി മാറുകയാണ്. യുക്രെയ്ൻ ജനതയെ സമാധാനത്തിലേക്കു തിരിച്ചെത്തിക്കാൻ ലോക രാഷ്ട്രങ്ങളും െഎക്യരാഷ്ട്ര സംഘടനയും മുന്നിട്ടിറങ്ങിയേതീരൂ. അവിടെനിന്നു മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെയെല്ലാം എത്രയുംവേഗം സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ സർക്കാരിനുമുണ്ട്.ഇപ്പോഴും യുക്രെയ്നിൽ നിന്നു വരുന്ന പുതിയ വാർത്തകൾ ഭീതി വർധിപ്പിക്കുന്നതാണ്.യുദ്ധം മനുഷ്യസമൂഹത്തിനുണ്ടാക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും എത്രമാത്രം ഭീകരമാണെന്നു "യുദ്ധവും സമാധാനവും’ എന്ന വിഖ്യാത നോവലിലൂടെ മഹാനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി വരച്ചുകാട്ടുന്നുണ്ട്.
ഫ്രഞ്ച് സൈന്യം റഷ്യയിൽ നടത്തിയ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് 1869-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ക്ലാസിക് കൃതി. അക്കാലത്തെ യുദ്ധം അതു നടക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. എന്നാലിന്നു ലോകത്തിന്റെ ഏതുഭാഗത്തു യുദ്ധം നടന്നാലും അതു വൻകരൾക്കപ്പുറത്തു താമസിക്കുന്നവരുടെ ജീവിതത്തെപ്പോലും കശക്കിയെറിയുന്നു. ഈ ദുഃഖസത്യം മനുഷ്യസമൂഹത്തിനു വീണ്ടും കാട്ടിത്തരികയാണു യുക്രയ്ൻ -റഷ്യൻ യുദ്ധം .തങ്ങളുടെ മക്കൾക്ക് ഇനി എന്താണു സംഭവിക്കുകയെന്ന ആധിയും വേവലാതിയും യുക്രെയ്നിൽ പഠിക്കാൻപോയ ഓരോ വിദ്യാർഥിയുടെയും നാട്ടിലുള്ള മാതാപിതാക്കൾക്കുണ്ടാകുന്നതു സ്വാഭാവികം. എല്ലാവരെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന സർക്കാരിന്റെ ഉറപ്പുകളും ആശ്വാസവാക്കുകളും അവരുടെ ആശങ്ക അകറ്റാൻ പര്യാപ്തമാകുന്നില്ല.ഇനിയെന്താണു സംഭവിക്കുകയെന്ന കടുത്ത ഭീതിയിലാണു യുദ്ധമേഖലയിലുള്ളവർ കഴിയുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലുമൊക്കെ രക്ഷതേടിയിരിക്കുകയാണു പലരും. ദിവസങ്ങളായി ഭക്ഷണവും കുടിവെള്ളവും കിട്ടാത്തവരുണ്ട്. വെടിനിർത്തൽ വന്നാലേ പൂർണതോതിൽ ഒഴിപ്പിക്കൽ സാധ്യമാകൂ എന്ന അഭിപ്രായം ചില വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. അതിനു റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്ന ചർച്ചകൾ വിജയിക്കണം. ചർച്ചയിൽ യുക്രെയ്നോ റഷ്യയോ വലിയ പ്രതീക്ഷ പ്രകടിപ്പിക്കുന്നില്ല. ഒത്തുതീർപ്പ് എന്ന പേരിൽ കീഴടങ്ങൽ ഉണ്ടാവില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പ്രസ്താവിച്ചിട്ടുണ്ട്. യുദ്ധത്തേക്കാൾ നല്ലതു സമാധാനമാണെന്നു തിരിച്ചറിയാൻ ഇനിയെങ്കിലും റഷ്യക്കും യുക്രൈനും കഴിയട്ടെ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment