Pages

Tuesday, December 1, 2020

കർഷകരെ സഹായിക്കാൻ ഭാരതത്തിൽ ആരുമില്ലേ ?

 

കർഷകരെ സഹായിക്കാൻ 

ഭാരതത്തിൽ ആരുമില്ലേ  ?

കോവിഡ് പ്രതിസന്ധിയില് കര്ഷകരെ സഹായിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസര്ക്കാര് വരേണ്ടതിനു പകരം  കർഷകരെ  ദ്രോഹിക്കുന്ന  നടപടിയിലേക്ക് കടക്കുകയാണ് . കർഷകസമരം  ആളിക്കത്തിക്കാൻ ശ്രമിക്കരുത് . കാർഷിക  മേഖലയിലെ  പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അവശ്യ സാധന നിയമത്തില്(1955) ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി നിര്മല സീതാരാമന് വ്യക്തമാക്കിയിട്ടുള്ളതാണ് .കർഷക ജനതയുടെ നിശ്ചയദാർഢ്യത്തിനും സമരവീര്യത്തിനും മുന്നിൽ മുട്ടുമടക്കാൻ മോഡി ഭരണകൂടം നിർബന്ധിതമായി. കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ തലസ്ഥാന നഗരിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ തടയാൻ പൊലീസും അർധസൈനിക വിഭാഗങ്ങളും ഒരുക്കിയ എല്ലാ പ്രതിരോധ സന്നാഹങ്ങളെയും തകർത്തെറിഞ്ഞായിരുന്നു കർഷക മുന്നേറ്റം.

 ജലപീരങ്കികളും കണ്ണീർവാതകവും ഗ്രനേഡുകളും ലാത്തിയടികളും കർഷകരുടെ സമരവീര്യത്തെ തകർത്തില്ലെന്നു മാത്രമല്ല ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. ലക്ഷക്കണക്കിന് വരുന്ന കർഷകരെ ഡൽഹി നഗരത്തിലെ സ്റ്റേഡിയങ്ങളിൽ ആട്ടിത്തെളിച്ച് തളച്ചിടാമെന്ന വ്യാമോഹവും വൃഥാവിലായി. സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ അനുമതി നൽകാൻ അരവിന്ദ് കേജ്രിവാളിന്റെ ഡൽഹി ഭരണകൂടം വിസമ്മതിച്ചു.പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് കർഷകരെ അടിച്ചമർത്താമെന്ന വ്യാമോഹം വിനാശകരമാകുമെന്ന തിരിച്ചറിവ് മോഡി ഭരണവൃത്തങ്ങൾക്ക് ഉണ്ടായെന്നുവേണം കരുതാൻ. സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതിന് പകരംജയ് ജവാൻ, ജയ് കിസാൻഎന്ന  മുദ്രാവാക്യമാണ് അവർ ഉയർത്തിയത്.

കർഷക പ്രക്ഷോഭത്തിന് പൂർണ പിന്തുണ ഉറപ്പുനല്കിയ പ്രതിപക്ഷ പാർട്ടികളും നേതാക്കളും അതിന്റെ രക്ഷാകർതൃത്വമോ നേതൃത്വമോ ഏറ്റെടുക്കാൻ മുതിരാതെ കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ബുദ്ധിജീവികളുമടക്കം പൊതുസമൂഹത്തിന്റെയും സമരൈക്യത്തിന് ഊന്നൽ നൽകി എന്നതും ശ്രദ്ധേയമാണ്. കർഷകർ മുൻകൂട്ടി പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി തലസ്ഥാനത്ത് എത്രനാൾ തുടരുമെന്നത് ഇനിയും വ്യക്തമല്ല. എന്നാൽ ഏതു പ്രതികൂലാവസ്ഥയിലും നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് തയ്യാറെടുത്താണ് അവർ ഡൽഹിയിൽ എത്തിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോഡിയെയൊ മന്ത്രിമാരെയൊ വിശ്വാസത്തിലെടുക്കാൻ കർഷകർ സന്നദ്ധരല്ലെന്ന് ഡൽഹിയിലേക്കുള്ള കർഷക പ്രക്ഷോഭത്തിന്റെ കടന്നുവരവ് തെളിയിക്കുന്നു. തന്റെ ഗവൺമെന്റ് പാർലമെന്ററി കീഴ്വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽപറത്തി പാസാക്കിയെടുത്ത കർഷക നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനകരമായ നിയമമാണെന്ന് മോഡിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ അവർ അപ്പാടെ തള്ളിക്കളഞ്ഞു.

മിനിമം താങ്ങുവില നിലനിർത്തുമെന്ന് ആവർത്തിക്കുന്ന ഭരണകൂട വാഗ്ദാനം അത് നിയമത്തിന്റെ ഭാഗമാക്കാൻ വിസമ്മതിച്ചതിലെ വഞ്ചന കർഷകർ തിരിച്ചറിയുന്നു.മോഡി ഭരണകൂടത്തിന്റെ വാഗ്ദാന ലംഘന പരമ്പരകളുടെ അനുഭവപാഠം അവർക്ക് വിസ്മരിക്കാനാവില്ല. നിലവിലുള്ള കാർഷികോല്പന്ന വിപണന സമിതി (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റിഎപിഎംസി)കളുടെ പരിമിതികളും പോരായ്മകളും കർഷകർ തിരിച്ചറിയുന്നു. അവയ്ക്കു പരിഹാരം കാണുന്നതിന് പകരം ആമസോണും റിലയൻസുമടക്കം കോർപ്പറേറ്റ് ഭീമന്മാരുടെ ദയാദാക്ഷിണ്യത്തിന് കർഷകനെ എറിഞ്ഞുകൊടുക്കുന്നതാണ് പുത്തൻ കാർഷിക നിയമങ്ങൾ. എന്ത്, എങ്ങനെ കൃഷിചെയ്യണമെന്നും ഉല്പന്നം എവിടെ വിറ്റഴിക്കണമെന്നും നിശ്ചയിക്കാനുള്ള കർഷകന്റെ സ്വാതന്ത്ര്യത്തിന്മേലും അവകാശത്തിലുമാണ് മോഡിയുടെ കർഷക നിയമങ്ങൾ കൈവെയ്ക്കുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത്, വളം, ജലസേചനം, വൈദ്യുതി, സാമ്പത്തിക പിന്തുണ എന്നീ ഉത്തരവാദിത്വങ്ങൾ കയ്യൊഴിഞ്ഞ് കർഷകനെ കോർപ്പറേറ്റ് അടിമകളാക്കി മാറ്റുന്ന പ്രക്രിയക്കാണ് വിവാദ കർഷക നിയമങ്ങൾ തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് സംസ്ഥാന വിഷയമായ കൃഷിയുടെ കൂടി നിയന്ത്രണം കവർന്നെടുത്ത് കോർപ്പറേറ്റുകൾക്ക് കൈമാറുന്ന നയത്തെയാണ് കർഷകർ ചോദ്യം ചെയ്യുന്നത്. വർഗീയതയുടെ പൊയ്മുഖമണിഞ്ഞ് കോർപ്പറേറ്റുകൾക്ക് വിടുപണിചെയ്യുന്ന ഭരണകൂടത്തെയാണ് രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകർ വെല്ലുവിളിക്കുന്നത്.

ആറുവർഷം പിന്നിട്ട മോഡിഭരണം നേരിടുന്ന ഏറ്റവും ഗൗരവമേറിയ വെല്ലുവിളിയാണ് കർഷകർ ഉയർത്തിയിരിക്കുന്നത്.കർഷകരെ സഹായിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാകണം. മുൻ വർഷങ്ങളിലെ പോലെ പാക്കേജ് പ്രഖ്യാപിച്ചാൽ പോര, കർഷകർക്ക് സഹായം എത്താൻ നടപടി സ്വീകരിക്കണം .നാളികേര കര്ഷകര് വലിയ ബുദ്ധിമുട്ടിലാണ്. നാണ്യവിളകള് വിറ്റഴിക്കാനോ, കമ്പോളത്തിലെത്തിക്കാനോ കഴിയാത്ത അവസ്ഥയാണ്. ജനവിഭാഗങ്ങള്ക്ക് സാമാശ്വാസം നല്കുന്ന രീതിയില് പണലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇനിയുള്ള പ്രഖ്യാപനങ്ങളിലെങ്കിലും നാണ്യവിളകള് ഉള്പ്പെടുന്ന കാര്ഷികമേഖലയ്ക്ക് അര്ഹമായ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണം . .നമ്മുടെ നാട്ടിലെ കര്ഷകര്ക്ക് വ്യത്യസ്തമായതും വേഗത്തില് പ്രയോജനം ലഭിക്കുന്നതുമായ വിപണികള് ആവശ്യമാണ് .

നമ്മുടെ കാർഷിക മേഖലയിൽ അസംതൃപ്തിയും അവകാശനിഷേധങ്ങളോടുള്ള പ്രതിഷേധവും വർധിച്ചുവരുന്നതിന്റെ തീക്ഷ്ണമായ അടയാളമാണ് രാജ്യം ദിവസങ്ങളിൽ ആശങ്കയോടെ കാണുന്ന കർഷക പ്രക്ഷോഭം.രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലു തന്നെയായി വിശേഷിപ്പിക്കപ്പെടുന്ന കാർഷികമേഖലയ്ക്ക് അതനുസരിച്ചുള്ള കരുതലോ പരിഗണനയോ ലഭിക്കുന്നില്ലെന്ന കർഷകരുടെ നിരന്തര പരാതി ശരിവയ്ക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തിയ കർഷകരെ ഡൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന വാശിയോടെ അതിർത്തിയിൽ അടിച്ചമർത്താൻ ശ്രമിച്ച പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ലാത്തിയും കണ്ണീർവാതകവും ജലപീരങ്കിയുമായി കർഷകരെ സർക്കാർ നേരിട്ടതു രാജ്യത്തിനുതന്നെ കളങ്കമായിരിക്കുന്നു.

തങ്ങളുടെ നിലനിൽപിനുപോലും ഭീഷണിയാവുന്ന വിവാദ കർഷകനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം. ‘ദില്ലി ചലോമുദ്രാവാക്യമുയർത്തി അയൽസംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലേക്കു പുറപ്പെട്ട കർഷകരെ അടിച്ചമർത്താൻ ശ്രമിച്ചതു കാർഷികഭാരതം എന്ന വിശേഷണത്തിൽ അഭിമാനിക്കുന്ന ഒരു രാജ്യത്തിനു ചേർന്നതല്ലെന്നു തീർച്ച. പ്രകോപനമില്ലാതെയാണു തങ്ങളെ ഇത്തരത്തിൽ നേരിട്ടതെന്നാണു കർഷകരുടെ ആരോപണം. ഇതിനിടെ, കർഷകർ ഡൽഹിയിൽ പ്രവേശിച്ചാൽ തടവിൽ പാർപ്പിക്കുന്നതിനു താൽക്കാലികമായി 9 സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തള്ളിയതു ശ്രദ്ധേയ നടപടിയുമായി. ഗ്രനേഡ് അടക്കം പ്രയോഗിച്ചുള്ള ബലപ്രയോഗം വിഫലമായതോടെ, കർഷകരെ ഡൽഹിയിലേക്കു കടത്തിവിടാനും വടക്കൻ ഡൽഹിയിലെ ബുറാഡിയിലുള്ള മൈതാനത്തിൽ സമരത്തിന് അനുമതി നൽകാനുമുള്ള ഡൽഹി പൊലീസ് തീരുമാനം തങ്ങളുടെ പോരാട്ടവീര്യത്തിന്റെ തെളിവായി കർഷകർ ഉയർത്തിക്കാട്ടുന്നുണ്ട്.

രാജ്യത്തെ കർഷകർ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അത്യധികം സങ്കീർണമാണെന്നതിൽ സംശയമില്ല. 90% കർഷകരും ചെറുകിടക്കാരാണ്. അതിൽത്തന്നെ മഹാഭൂരിപക്ഷവും വായ്പയെടുത്തു കടക്കെണിയിലുമാണ്. നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടതു കാർഷികമേഖലയിലായിരുന്നു. പല കർഷകർക്കും വീണ്ടും വിളവെടുപ്പിനുള്ള പണം ഇല്ലാതായി. ഇപ്പോൾ കോവിഡ് പ്രതിസന്ധി കൂടിയായതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണു കർഷകർ. എത്രയും വേഗം ആശ്വാസനടപടികളുണ്ടായില്ലെങ്കിൽ, രാജ്യത്തു ഗ്രാമീണകാർഷിക മേഖലയിൽ നിലനിൽക്കുന്ന വ്യാപക അസംതൃപ്തി കൈവിട്ടുപോകുമെന്നാണ് ആശങ്ക. കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും ലക്ഷ്യത്തിലെത്തിയില്ലെന്നാണു വിമർശനം.

വിളകളുടെ വിലയിടിവു കാർഷികമേഖല നേരിടുന്ന വലിയ പ്രശ്നം തന്നെയാണ്. മാന്യമായ വില ലഭിക്കാത്തതിനാൽ പല സംസ്ഥാനങ്ങളിലും കർഷകർ ഉൽപന്നങ്ങൾ കൃഷിയിടങ്ങളിൽ ഉപേക്ഷിക്കുന്നു. കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്. 20 വർഷത്തിനിടയിൽ (1995 – 2015) ഇന്ത്യയിൽ ജീവനൊടുക്കിയത് 3.21 ലക്ഷം കർഷകരാണെന്ന കണക്കു ശരിയാണെങ്കിൽ, അതുയർത്തുന്ന ആശങ്കയ്ക്ക് അളവില്ല. 2015നു ശേഷം കർഷകരുടെ ആത്മഹത്യാ നിരക്ക് സർക്കാർ പുറത്തുവിട്ടിട്ടുമില്ല.

കാർഷികമേഖലയിൽ നിലവിലുള്ള അശാന്തിയും കർഷകരുടെ നൈരാശ്യവും രാജ്യത്തിനു മുന്നിലുള്ള സങ്കീർണപ്രശ്നം തന്നെയാണ്. ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്നുകൂടി വിളംബരം ചെയ്തു നടന്ന മഹാരാഷ്ട്രലോങ് മാർച്ച്ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. സർക്കാരുകൾക്കു വലിയ തലവേദന സൃഷ്ടിച്ചു പല സംസ്ഥാനങ്ങളിലും കർഷകസമരം നടക്കുന്നുണ്ട്. വിളകൾക്കു ന്യായവില കിട്ടാതെയും കാലാവസ്ഥയുടെയും കാട്ടുമൃഗങ്ങളുടെയും ഭീഷണിക്കു വിധേയരായും വലയുന്ന കേരളത്തിലെ കർഷകരുടെ സ്ഥിതിയും മറന്നുകൂടാ.

പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണത്തെ കർഷകപ്രക്ഷോഭം നീളാനും വ്യാപിക്കാനുമുള്ള സാധ്യത കേന്ദ്രസർക്കാർ കണക്കിലെടുത്തേതീരൂ. നമ്മുടെ കർഷകരെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രശ്നപരിഹാര നടപടികളാണ് അടിയന്തരമായി വേണ്ടത്. കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ അതൊട്ടും വൈകിച്ചുകൂടാ. കർഷകന്റെ ഉള്ളുരുകുമ്പോൾ രാഷ്ട്രത്തിന്റെ നെഞ്ചാണു കലങ്ങുന്നതെന്ന്  തിരിച്ചറിയണം

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: