Pages

Tuesday, December 1, 2020

സഭാപ്രശ്‌നം അവസാനിപ്പിക്കാൻ സർക്കാരിന് കഴിയില്ലേ , പരമോന്നത കോടതിയുടെ വിധി അനുസരിക്കാൻ എല്ലാവരും തയാറാകണം എന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ലേ ?

 

സഭാപ്രശ്നം  അവസാനിപ്പിക്കാൻ  സർക്കാരിന് കഴിയില്ലേ , പരമോന്നത കോടതിയുടെ വിധി  അനുസരിക്കാൻ  എല്ലാവരും  തയാറാകണം  എന്ന് പറയാൻ  മുഖ്യമന്ത്രിക്ക്  കഴിയില്ലേ ?

കേരളത്തിലെ   ഓർത്തഡോക്സ് സുറിയാനി സഭ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ട്  എല്ലാവർക്കും  അറിയാവുന്നതാണ് . കേരളത്തിൽ  സുപ്രിം കോടതിയുടെ വിധി നടപ്പിലാക്കി കൊടുക്കാൻ കഴിയുന്നില്ല  എന്നതാണ് പ്രശ്നം . വിഘടിത വിഭാഗം നിയമം കയ്യിലെടുക്കുന്നു . സർക്കാർ മൗനം പാലിക്കുന്നു. വിധി നടപ്പിലാക്കിയ പള്ളികളിൽ പോലും  സമരത്തിന് തുനിയുന്നു .മുഖ്യമന്ത്രി  സഭാതർക്കം പരിഹരിക്കുവാൻ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തിയത്  സ്വാഗതാർഹമാണ്.  സർക്കാരിൻറെ  ക്ഷമയെ  ഒരു കൂട്ടർ മുതലെടുക്കുകയാണ് .

2017 ജൂലൈ 3ലെ വിധിയിൽ കൃത്യമായി പറയുന്നുണ്ട് 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന്.. പക്ഷേ കോടതി പറയുന്ന 1934 ഭരണഘടനയാണോ ഓർത്തഡോക്സ് സഭ ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ ഇടപെട്ട് പരിശോധിക്കണമെന്നാണ് മറു വിഭാഗത്തിന്റെ വാദം . ഇതേ വാദമുഖങ്ങൾ  ചൂണ്ടികാണിച്ച് മറുവിഭാഗം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 34 ഭരണഘടനയുടെ സാധുതയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ് എന്നാൽ കൊടുത്ത കേസുകളിലെല്ലാം മറുവിഭാഗം പരാജയപ്പെട്ടതുമാണെന്ന കാര്യംകൂടി എല്ലാവരും മനസ്സിലാക്കണം .പള്ളികളുടെ ഭരണ ക്രമീകരണത്തിന് മാത്രമാണ് ഭരണഘടന ഉപയോഗിക്കാവൂ എന്ന് കോടതിയുടെ വിധിയിൽ തന്നെ കൃത്യമായി പറയുന്നുണ്ട് എന്നു മറുവിഭാഗം പറയുമ്പോഴും വിധി വന്ന് മൂ ന്നുവർഷം കഴിഞ്ഞിട്ടും അത്തരമൊരു ഭരണ ക്രമീകരണത്തിന് മറുഭാഗം തയ്യാറായിട്ടില്ല എന്ന കാര്യം കൂടി അറിയണം .

വിധി നടപ്പിലാക്കികിട്ടിയ പള്ളികളിൽ ഭരണഘടന പ്രകാരം കൃത്യമായി ഭരണം നടന്നുവരുന്നുണ്ട് .ജൂലൈ 3 വിധി അനുസരിച്ച് പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കര സഭയിൽ യാതൊരുവിധ അധികാരങ്ങളും ഇല്ല എന്നിരിക്കെ അദ്ദേഹത്തിൻറെ പേരിൽ ഒരു ചെറിയ വിഭാഗം ആളുകൾ ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ നിരന്തരമായുണ്ടാക്കുന്നു എന്നതും കൂടി അങ്ങറിഞ്ഞിരിക്കണം.മലങ്കര സഭയുടെ പള്ളികളിൽ നിന്ന് ഒരംഗത്തെ പോലും നാളിതുവരെ പുറത്താക്കിയ സംഭവം ഉണ്ടായിട്ടില്ല, വിധി നടപ്പിലാക്കിയ പള്ളികളിൽ പാത്രിയർക്കിസ് ഭാഗത്തിലെ ആളുകൾ 34 ഭരണഘടന അനുസരിച്ച്  ഭരണക്രമീകരണങ്ങൾ നടത്തി മുന്നോട്ടു പോകുന്നുണ്ട് എന്ന വാസ്തവം കൂടി അധികാരികൾ അറിയണം ..

ഇതിനോടകം സർക്കാർ വിധി നടപ്പിലാക്കിയ പള്ളികളിലെ വിധി നടത്തിപ്പ് രീതിയെ പ്രശംസിക്കാതെ വയ്യ, ചോരപ്പുഴ ഒഴുകുമെന്നും ആത്മഹത്യകൾ നടക്കുമെന്നും കേരളത്തിലുടനീളം സംഘർഷങ്ങൾ ഉണ്ടാകുമെന്നുമൊക്കെ ഭീഷണികൾ ഉയർന്നപ്പോഴും വളരെ സമാധാനപരമായി വിധി നടപ്പിലാക്കുവാൻ ആഭ്യന്തരവകുപ്പിന്  കഴിഞ്ഞിട്ടുണ്ട് . നാളിതുവരെ വിധി നടപ്പിലാക്കിയ ഒരു പള്ളികളിൽ നിന്ന് പോലും ഒരു പാത്രിയർക്കീസ്  വിഭാഗക്കാരെയും ഓർത്തഡോക്സ് സഭ പുറത്താക്കിയിട്ടില്ല, കോടതി വിധിയുമായി പകൽവെളിച്ചത്തിൽ ആരാധനയ്ക്കായി കടന്നുചെല്ലുമ്പോൾ നിരന്തരമായി തടയപ്പെടുമ്പോഴും വീണ്ടും കോടതിയെ സമീപിച്ചു കോടതി പറയുന്ന പോലെയാണ്  മലങ്കരസഭ പ്രവർത്തിക്കുന്നത് .

കോടതി വിധിയനുസരിച്ച് ഒന്നായി പോകാനും അല്ലാത്തപക്ഷം മാറി പോകാനുമുള്ള സാഹചര്യം ഉണ്ടെന്നിരിക്കെ ഇതു രണ്ടുമല്ലാതെ മൂന്നാമത് സംഘർഷം ഉണ്ടാക്കുക എന്ന ഒരു അവസ്ഥയിലേക്ക് കൂട്ടർ എത്തിനിൽക്കുന്നു എന്നത് കേരള സമൂഹത്തിന് അപമാനകരമായ  ഒന്നാണ് . മറ്റ്  സഹോദരിസഭകളൊക്കെ  കോടതി വിധി മാനിച്ച്  അതാതു കാലങ്ങളിൽ മാറി പോകുകയാണ് ചെയ്തത്‌ .ഓരോ ദേശത്തേയും ആരാധനാലയങ്ങൾ ദേശവാസികളുടെ വിശ്വാസ പ്രകാരം ആരാധനക്കായി പണിതിട്ടുള്ളതാണെന്നും ഏതെങ്കിലും കാലഘട്ടത്തിൽ ക്ഷണിച്ചു വരുന്ന അതിഥികൾക്ക് പിന്നെ അതിൽ അധികാരം അവകാശപ്പെടാൻ ആവില്ലന്നെമുള്ള സത്യത്തെ എല്ലാവരും അറിയണം.

കോടതി വിധികൊണ്ട് പുരാതനമായ ക്രിസ്തീയ സഭയുടെ പല ദൈവാലയങ്ങളും വിദേശ ആധിപത്യത്തിൽ നിന്നും മോചിതമാവുകയാണ്. അതിനൊപ്പം മലങ്കര സഭയുടെ സ്വത്തുക്കൾ കൈക്കലാക്കുകയെന്ന രഹസ്യ ലക്ഷ്യവുമായി എത്തിയവർക്ക് വിധി നടത്തിപ്പ് ഒരു പാഠവുമാണ് . സത്യത്തിൽ  ഇത്  കൈയ്യേറിയ ഭൂമി തിരിച്ചു പിടിക്കലാണ്.ഇന്ത്യ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി അത് ഓരോ ഇന്ത്യൻ പൗരനും ആസ്വദിക്കുന്ന കാലഘട്ടത്തിനും മുന്നേ മലങ്കരസഭ ഒരു ഭരണ ക്രമീകരണത്തിന് കീഴിലായിരുന്നുയെന്ന വസ്തുത ബഹുമാനപ്പെട്ട സുപ്രീം കോടതി പോലും പ്രശംസിച്ചിട്ടുള്ള കാര്യമാണ്, ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് 34 ഭരണഘടനയുടെ കീഴിൽ മലങ്കരസഭ ഒന്നാകുവാനുള്ള യഥോചിതമായ ഇടപെടലുകൾ  സർക്കാരിൻറെ  ഭാഗത്തുനിന്നും ഉടനെ ഉണ്ടാകണം .പരമോന്നത കോടതിയുടെ വിധി  അനുസരിക്കാൻ  എല്ലാവരും  തയാറാകണം  എന്ന് പറയാൻ  മുഖ്യമന്ത്രിക്ക്  കഴിയില്ലേ ?

                                                               പ്രൊഫ്. ജോൺ കുരാക്കാർ

No comments: