സോളാറിൽ കൊടുത്തു സ്വർണ്ണത്തിൽകിട്ടി.
രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കുറ്റകൃത്യത്തിലെ പ്രധാനപ്രതികളെ അറസ്റ്റുചെയ്യാൻ
സാധിച്ചുവെന്നതിൽ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അഭിനന്ദനമർഹിക്കുന്നു. കേരളത്തിൽനിന്നു
കടന്നുകളഞ്ഞ പ്രതികളെ ബെംഗളൂരുവിൽനിന്നാണ് പിടികൂടിയത്. കുറ്റകൃത്യത്തിന്റെ ഉള്ളുകള്ളികളും വ്യാപ്തിയും അന്വേഷണത്തിലൂടെ എത്രയും പെട്ടന്നുതന്നെ പുറത്തുവരുമെന്ന് അനുമാനിക്കാം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദശക്തികളെ തീറ്റിപ്പോറ്റാൻ നടത്തുന്ന കള്ളക്കടത്തിന്റെ പരമ്പരയാണ് കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ വർഷങ്ങളായി നടക്കുന്നത്. സ്വർണക്കള്ളക്കടത്തും അതിന്റെ ഭാഗമായ ഹവാല ഇടപാടുകളും കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. എന്നാൽ, അതിനെ തടയുന്നതിൽ കസ്റ്റംസും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിരന്തരം പരാജയപ്പെടുകയായിരുന്നു.
വിമാനത്താവളങ്ങളിലൂടെ എത്തുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ ചെറിയൊരംശം മാത്രമാണ് പിടിയിലാകുന്നത്. ഇങ്ങനെയൊരവസ്ഥയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പതിനാലര കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം കസ്റ്റംസിന്റെ പിടിയിലാകുന്നത്. പൊടുന്നനെയുള്ള പരിശോധനയിലല്ല, ദിവസങ്ങളോളം നീണ്ടുനിന്ന സന്ദേഹത്തിന്റെയും അതുകാരണുള്ള അനിശ്ചിതത്വത്തിന്റെയും ഒടുവിലാണ് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ആ നടപടിയുണ്ടായത്. നയതന്ത്രപദവിയുള്ള ബാഗേജിൽവന്ന കള്ളക്കടത്ത്
സ്വർണം ഉന്നതതല ആലോചനയ്ക്കുശേഷം പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ മറ്റെല്ലാ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കാൾ സുശക്തവും ഹാർദവുമായ ബന്ധമാണുള്ളത്. ആ ബന്ധത്തിൽപ്പോലും സംശയനിഴൽ വീഴ്ത്തത്തക്കനിലയിലുള്ള
കള്ളക്കടത്താണ് നയതന്ത്രത്തിന്റെ മറവിൽ നടത്താൻ മുതിർന്നത്. കസ്റ്റംസും കേന്ദ്രസർക്കാരിന്റെ മറ്റ് ഏജൻസികളും അങ്ങേയറ്റത്തെ അവധാനതയോടെയും സമർഥമായും ഇടപെട്ട് ദുഷ്ടശക്തികളുടെ നീക്കത്തെ പൊളിച്ചു.
രാജ്യദ്രോഹകരമായ കൊടുംകൊള്ളയുടെ ആസൂത്രകരും പ്രയോക്താക്കളും പ്രയോജകരുമായ മൂന്നുപേരിൽ ഒരാളെ ആദ്യദിവസംതന്നെയും പ്രധാനികളായ രണ്ടുപേരെ ശനിയാഴ്ച ബെംഗളൂരുവിൽവെച്ചും പിടിക്കാൻ കഴിഞ്ഞത് നമ്മുടെ രാജ്യത്തെ അന്വേഷണ ഏജൻസികളുടെ മികവും കാര്യക്ഷമതയുമാണ് തെളിയിക്കുന്നത്. വെറും സാമ്പത്തികലാഭമെന്നതിനപ്പുറം
രാജ്യദ്രോഹകരമായ ഈ കള്ളക്കടത്ത് പരമ്പരയ്ക്ക്
നേതൃത്വം നൽകിയ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെയാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവിൽവെച്ച് എൻ.ഐ.എ.
അറസ്റ്റുചെയ്തത്. കൊള്ളസംഘത്തിന്റെ ഒരു കണ്ണിയായ സരിത്ത് നേരത്തേതന്നെ പിടിയിലായത് അന്വേഷണത്തിന് വേഗംകൂട്ടി. യു.എ.ഇ.യുടെ കേരളത്തിലുള്ള കോൺസുലേറ്റിൽ ലഭിച്ച ജോലി നഷ്ടപ്പെട്ടശേഷവും പഴയ ബന്ധമുപയോഗിച്ച് സ്വപ്നാ സുരേഷ് നടത്തിയ ആസൂത്രിതമായ തട്ടിപ്പിന് കള്ളക്കടത്തിന്റെ രൂപം മാത്രമല്ല ഉള്ളതെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. അന്താരാഷ്ട്രനിലവാരത്തിലുള്ള
തട്ടിപ്പിന് മറയാക്കാൻ സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളിൽ പലവിധേന ബന്ധം സ്ഥാപിച്ചുവെന്നതാണ് പ്രധാനം. കോൺസുലേറ്റിൽ ഉണ്ടായിരുന്ന ബന്ധം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ അന്തഃപുരങ്ങളിൽ കയറിപ്പറ്റി ചതിപ്രയോഗം നടത്താനായി എന്നതും ഗൗരവമുള്ള കാര്യമാണ്. ഏതെല്ലാം രൂപത്തിൽ ആരെയെല്ലാം പ്രലോഭിപ്പിച്ച് ചതി നടത്തിയെന്നത് വരുംദിവസങ്ങളിലാണ് വ്യക്തമാവുക.
രാജ്യത്തുനടന്ന ഏറ്റവും വലിയ കള്ളക്കടത്തായിരിക്കണമെന്നില്ല
തിരുവനന്തപുരത്ത് പിടിച്ചത്. പക്ഷേ, നയതന്ത്രത്തിന്റെ പ്രതീതി മറവ് ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണ്. അതിന്റെ സൂത്രധാരർക്ക് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിൽ ലോക്ഡൗൺ മറികടന്ന് എങ്ങനെ എത്താൻ കഴിഞ്ഞുവെന്നത് ദുരൂഹമാണ്. അതിന്റെ ഒപ്പം കൂട്ടിവായിക്കേണ്ടതാണ് കേരളത്തിന്റെ ഇന്റലിജൻസ് സംവിധാനം എവിടെയാണെന്ന ചോദ്യം. പലതരത്തിൽ കുറ്റാരോപിതയായ ഒരാളുടെ വീട്ടിൽ ഒരു ഗവ. സെക്രട്ടറി നിരന്തരം അസമയത്ത് പോകുന്നുവെന്ന പരാതി, ഇന്റലിജൻസ് അറിയാത്തതെന്തുകൊണ്ടാണ്?
പതിറ്റാണ്ടുകളായി തുടരുന്ന സ്വർണക്കള്ളക്കടത്തിനും ഹവാല ഇടാപാടുകൾക്കും അതിന്റെ മറവിൽക്കൂടി പുഷ്ടിപ്പെടുന്ന ഭീകരപ്രവർത്തനത്തിനും അറുതിവരുത്തുന്നതിനുള്ള തുടക്കമാകട്ടെ ഈ അറസ്റ്റ്. സർക്കാരിന്റെ
ഒളിച്ചുകളിയിലേക്കു കൂടി വെളിച്ചം വീശുന്നതാണ്. സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോൾ ബുദ്ധിമുട്ടിക്കരുതെന്നു നിർദേശം നൽകിയവരിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമുണ്ടായിരുന്നു. ഇതു കഴിഞ്ഞിട്ട് 5 മാസത്തോളമായി. എന്നിട്ടും സ്വപ്നയുടെ കസേരയ്ക്ക് ഒരിളക്കവും സംഭവിച്ചില്ല. കോവളത്ത് സർക്കാർ സംഘടിപ്പിച്ച
ബഹി രാകാശ ഉച്ചകോടിയിൽ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്
ഉപഹാരം നൽകുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രി മാത്രമല്ല.. ഐ ടി വകുപ്പും
വിമാനത്താവള വകുപ്പും കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്... ഐ ടി വകുപ്പ്
സെക്രട്ടറി ശിവശങ്കരൻ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അനേകം വകുപ്പുകളിലെ ഒരു വകുപ്പായ ഐ ടി വകുപ്പിന്റെ
മേധാവി മാത്രമല്ല. .. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന ചുമതല കൂടി ശിവശങ്കർ വഹിക്കുന്നുണ്ട്....കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലവൻ കൂടിയാണ് ശിവശങ്കരൻ... ശിവശങ്കരൻ ഈ സ്ത്രീയുടെ ഫ്ലാറ്റിലെ
നിത്യ സന്ദർശകനായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു...പിടിക്കപ്പെട്ട സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനിൽ നിന്നാണ് എയർ പോർട്ടിലേക്ക് വിളിയെത്തിയത്
സോളാർ കേസിൽ പിണറായി
വിജയൻ അന്നത്തെ
മുഖ്യമന്ത്രി ഉമ്മൻ
ചാണ്ടിക്കെതിരെ നടത്തിയ
പ്രസംഗം കേൾക്കേണ്ടാതാണ് “ഉമ്മൻചാണ്ടീ.. നിങ്ങൾ ഈ കേരളത്തിലെ ജനങ്ങളുടെ
സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുത്” അന്നത്തെ ഇടതുപക്ഷം
കെട്ടിപ്പൊക്കിയ നുണ കൊട്ടാരമല്ലേ തകർന്നത്.. നിങ്ങൾ കെട്ടിപ്പൊക്കിയ നുണ കൊട്ടാരം തകർന്നിട്ടും നിങ്ങൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതിന്റെ ഔചിത്യമെന്ത്? നാല് വര്ഷങ്ങള്ക്കു മുൻപ് ശ്രി
.പിണറായി വിജയൻ ഉമ്മൻ
ചാണ്ടിയോട് പറഞ്ഞ അതേ വാചകം ഇന്ന് കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയോട് പറയുന്നു
"" നിങ്ങൾ ഈ
കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുത്.. "
സാധാരണ നിലയിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്നതിന്റെ
മറവിലാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്. കസ്റ്റംസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യ വസ്തുക്കളെന്ന വ്യാജേനയെത്തിയ ബാഗേജിൽ നിന്നാണ് ഇത്രയും വലിയ സ്വർണവേട്ട നടന്നിരിക്കുന്നത്..ഒരിടപാടിന് 15 ലക്ഷം രൂപ വരെയാണ് കമ്മിഷന് വാങ്ങിയിരുന്നതെന്നാണ് സരിത് വെളിപ്പെടുത്തിയിരിക്കുന്നത്.
നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വർണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്.
അതുകൊണ്ട് ഇപ്പോഴത്തെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്.
അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment