Pages

Saturday, February 22, 2020

അവിനാശി ബസ്സപകടത്തിൽ മരിച്ചവർക്ക് തീരാസങ്കടത്തിന്റെ വേദനയിൽ നാടിൻറെ കണ്ണീർ പ്രണാമം



അവിനാശി ബസ്സപകടത്തിൽ മരിച്ചവർക്ക്
തീരാസങ്കടത്തിന്റെ വേദനയിൽ നാടിൻറെകണ്ണീർ പ്രണാമം

അവിനാശി ബസ്സപകടത്തിൽ മരിച്ചവർക്ക് തീരാസങ്കടത്തിന്റെ വേദനയിൽ നാടിൻറെ  കണ്ണീർ പ്രണാമം ; അർപ്പിച്ച് അവരെ യാത്രയാക്കി. പ്രിയപ്പെട്ടവരുടെ തോരാക്കണ്ണീരിൽ നനഞ്ഞ് അവർ മണ്ണിലേക്കു മടങ്ങി. തമിഴ്നാട്ടിൽ തിരുപ്പൂരിനടുത്ത അവിനാശിയിലുണ്ടായ ബസപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമയിൽ കേരളമാകെ വിലപിക്കുകയാണ്. അപ്രതീക്ഷിതമായി പുലർച്ചെ മരണം ജീവിതത്തിനു പൂർണവിരാമമിട്ട ആ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാവും. ഇതോടൊപ്പം, നാടിന്റെ ശാപമായ വാഹനാപകടങ്ങൾ കുറയ്ക്കാൻ കർശനവും ഫലപ്രദവുമായ നടപടികൾ അടിയന്തരമായി ഉണ്ടാവണമെന്നുകൂടി അവിനാശി ദുരന്തം ഓർമിപ്പിക്കുന്നു.
ഒറ്റപ്പെട്ട സംഭവങ്ങളായി അപകടങ്ങളെ കാണുന്നതു ശരിയല്ല. ഓരോ അപകടത്തിലും നമുക്കുള്ള മുന്നറിയിപ്പുണ്ട്. അവിനാശിയിൽ, കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ ദുരന്തത്തിന്റെ കാരണത്തിന് ഇനിയും വ്യക്തത വരാനുണ്ടെങ്കിലും, രാത്രിയാത്രകളുടെ അപകടസാധ്യത ഓർമപ്പെടുത്തുന്നുണ്ട് ഈ ദാരുണ സംഭവം. കണ്ടെയ്നർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണു ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി നിയമസഭയിൽ പറയുകയുണ്ടായി. വാഹനാപകടങ്ങളിൽ ഏറെയും രാത്രിയിലും പുലർച്ചെയുമാണെന്നാണ് ‘നാറ്റ്പാക്കിന്റെ (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) പഠന റിപ്പോർട്ട്. ‘ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം’– ദിവസവും പത്രത്തിലുള്ള അപകടവാർത്തകളിൽ പലതിലും ഈ വരി നാം വായിക്കാറുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നു?രാത്രിനിരത്തുകളിൽ വാഹനങ്ങൾ കുറവായതിനാൽ ഡ്രൈവിങ് സുഗമമാണെന്നു കരുതുന്നതാണ് പലപ്പോഴും ദുരന്തത്തിലേക്കു വഴിതുറക്കുന്നത്. തിരക്കു കുറവാണെങ്കിലും അമിതവേഗത്തിൽ പായുമ്പോൾ പെട്ടെന്നു വാഹനം നിയന്ത്രിക്കുക പ്രയാസമാണ്.
രാത്രിസഞ്ചാരത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. രാത്രി അപകടങ്ങളും മരണങ്ങളും ദുഃസ്വപ്നമായി ഇപ്പോഴും തുടരുമ്പോഴും അതനുസരിച്ചുള്ള ജാഗ്രതയും നാടുണർത്തലും കുറവാണെന്നതാണു യാഥാർഥ്യം. രാത്രിയിൽ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരും അങ്ങേയറ്റത്തെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എത്ര വിദഗ്ധനായ ഡ്രൈവറാണെങ്കിലും രാത്രിയാത്രയിൽ കൂടുതൽ ജാഗ്രത ആവശ്യംതന്നെ.
രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തായി വാഹനാപകടങ്ങളുടെ എണ്ണം പെരുകുമ്പോഴും നാം അതിനു വേണ്ടത്ര ഗൗരവം നൽകുന്നുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തിലും മരണത്തിലുമുണ്ടായ വർധന നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുതന്നെ. കർശന നടപടികളിലൂടെ മാത്രമേ ഗതാഗതചട്ടലംഘനങ്ങളും അതുവഴി അപകടങ്ങളും കുറയ്ക്കാനാവൂ എന്നറിഞ്ഞിട്ടും, കേരളം ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറച്ചതിനു ന്യായീകരണമില്ലെന്നു കരുതുന്ന എത്രയോ പേർ ഇവിടെയുണ്ട്. വാതിലുകൾ തുറന്നിട്ടും വാതിൽതന്നെ ഇല്ലാതെയും പായുന്ന ബസുകൾക്കുനേരെ അധികൃതർ കണ്ണടയ്‌ക്കുന്നത് അപകടങ്ങൾക്കു വാതിൽ തുറന്നുകൊടുക്കുകയാണെന്ന കാര്യത്തിലും സംശയമില്ല.
തിരുവിതാംകൂറിൽ സർക്കാർ ബസുകൾ ഹോണടിച്ചു കയറിയ 1938 ഫെബ്രുവരി 20 മുതലാണു നമ്മുടെ പൊതുഗതാഗതചരിത്രം തുടങ്ങുന്നത്. കെഎസ്ആർടിസിയുടെ ഈ എൺപത്തിരണ്ടാം പിറന്നാളിലാണ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത അപകടങ്ങളിലൊന്നുണ്ടായത് എന്നുമോർമിക്കാം. മികച്ച സേവനത്തിന്റെ പേരിൽ ഈ ബസിലെ സ്ഥിരം യാത്രക്കാരുടെ മനംകവർന്ന കണ്ടക്ടർ വി.ആർ.ബൈജുവും ഡ്രൈവർ വി.ഡി.ഗിരീഷും ഇന്നലത്തെ അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. രണ്ടു വർഷം മുൻപ് എറണാകുളം – ബെംഗളൂരു റൂട്ടിൽത്തന്നെ കെഎസ്ആർടിസി സർവീസിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിക്ക് അവസരോചിതമായ പരിചരണം നൽകി, സ്ഥാപനത്തിന്റെ നിറഞ്ഞ അഭിനന്ദനം ഏറ്റുവാങ്ങിയവരാണ് ഇവർ.അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ലോറി  ഡ്രൈവറുടെ അശ്രദ്ധയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആണ് അപകടത്തിനിടയാക്കിയത്. ടയര്‍ പൊട്ടിയത് കൊണ്ടാണ് അപകടമുണ്ടായതെന്ന ഡ്രൈവറുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി.ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് തയാറാക്കിയത്.
 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധമായി വാഹനം ഓടിച്ചതോ ആണ് അപകട കാരണം. പരിശോധനയില്‍ ടയറുകള്‍ക്ക് കാലപ്പഴക്കമില്ലെന്ന് ബോധ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ടയറുകള്‍ ഉരഞ്ഞ പാടുകള്‍ റോഡിലെ ഡിവെഡറില്‍ കാണുന്നുണ്ട്. ഡ്രൈവര്‍ അലക്ഷ്യമായാണ് വാഹനം ഓടിച്ചതെന്നതിന് ഇത് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ലോറിയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ റോഡിനോട് ചേര്‍ന്ന് ലോറി ബേകള്‍ നിര്‍മിക്കണം. മാത്രമല്ല നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി രണ്ട് ഡ്രൈവര്‍മാര്‍ ലോറികളിലുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.അവിനാശിയിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കെല്ലാം window  of  knowledge ൻറെ  ഹൃദയാഞ്ജലി.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: