Pages

Saturday, February 22, 2020

ഇന്ന് ഫെബ്രുവരി 21 , ലോക മാതൃഭാഷാ ദിനം.


ഇന്ന്  ഫെബ്രുവരി 21 ,
ലോക മാതൃഭാഷാ ദിനം.

ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ്  2000 മുതൽ ലോക മാതൃഭാഷാ ദിനാചരണം നടത്തുന്നത്. 1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ച യുനെസ്കോ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ബംഗ്ലദേശിന്റെ താൽപര്യപ്രകാരം ഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തു. ‘അതിർത്തികളില്ലാതെ ഭാഷകൾഎന്നതാണ് ഈ വർഷത്തെ പ്രമേയം.മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിൽ അലിയുന്ന ജീവന്റെ തുടിപ്പ് മാതൃഭാഷയിലൂടെ നമുക്ക് ലഭിക്കുന്നു .
കംപ്യൂട്ടറിന്റെ വരവ് മലയാളഭാഷയുടെ അന്ത്യം കുറിക്കും എന്നു കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ആ യന്ത്രത്തെ വളരെ വേഗം വരുതിയിലാക്കാൻ കഴിഞ്ഞു എന്നിടത്താണ് മലയാള ഭാഷ അതിന്റെ ഉയർത്തെഴുന്നേൽപു സ്വയം പ്രഖ്യാപിക്കുന്നത്. അതിനു നാം പ്രവാ‍സികളായ ഒരുകൂട്ടം ചെറുപ്പക്കാരോടു നന്ദി പറയണം. ഈ സാങ്കേതിക മുന്നേറ്റത്തിനു മുന്നിൽ ഭാഷാസ്ഥാപനങ്ങൾ ഒന്നടങ്കം പകച്ചുനിന്നപ്പോൾ, ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന് സാങ്കേതിക വിദഗ്ധരായ ഈ ചെറുപ്പക്കാരാണ് ഭാഷയെ കംപ്യൂട്ടറുമായി കൂട്ടിക്കെട്ടിയത്. തുടർന്ന് ഇന്റർനെറ്റ്, ബ്ലോഗുകൾ, സമൂഹമാധ്യമങ്ങൾ എന്നിവയുടെ കടന്നുവരവ് ഭാഷയുടെ വ്യാപനം ത്വരിതഗതിയിലാക്കി.
ഭാഷയിൽനിന്നു ബഹുദൂരം അകലെ നിൽക്കേണ്ടിവന്ന ഒരു വലിയ മലയാളിസമൂഹത്തെ അതിനോട് അടുപ്പിക്കാൻ ഈ സാങ്കേതിക മുന്നേറ്റം കാരണമായിട്ടുണ്ട്. ഇന്നു കേരളത്തിലിരുന്നു വായിക്കുന്നതിനെക്കാൾ വേഗത്തിൽ ലോകത്തിന്റെ ഏതു കോണിലിരുന്നും വായിക്കാൻ കഴിയും. അതോടെ, പ്രവാസി മലയാളിയുടെ ഭാഷയോടുണ്ടായിരുന്ന മനോഭാവം തന്നെ മാറിപ്പോയി. എൺപതുകളിലും തൊണ്ണൂറുകളിലും അത് അകലെ നിൽക്കുന്ന ഗൃഹാതുരത്വം മാത്രമായിരുന്നുവെങ്കിൽ, രണ്ടായിരത്തിനു ശേഷം അത് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി.
ഗൾഫ് മലയാളികളുടെ കാര്യത്തിലാവട്ടെ, തിരികെ വന്നു പാർക്കേണ്ട ഇട‌ത്തെ ഭാഷ എന്ന നിലയിൽ അതിനെ കുറെക്കൂടി ഗൗരവമായി കൈകാര്യം ചെയ്യാനുള്ള ശ്രമമുണ്ട്.കുട്ടികൾക്കു മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമാ‍യി കരുതിയിരുന്ന പ്രവാസി മനുഷ്യരെ ഒരുകാലത്തു വ്യാപകമായി കാണാൻ കഴിയുമായിരുന്നു. എന്നാൽ, പുതുതലമുറയെ മലയാളം പരിശീലിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന മലയാളികളെയാണ് ഇന്നു ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും കാണാനാവുക. അതിലൂടെ കേരളത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ഇതര ഭാഷകളിൽ അടയാളപ്പെടുത്താൻ പ്രാപ്‌തരായ രണ്ടാം തലമുറ എഴുത്തുകാരുടെ നിര ഉയർന്നുവന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.ഭാഷകൊണ്ടു ജീവിക്കുന്ന വളരെ കുറച്ചുപേർ മാത്രം ഗൗരവമായി പരിഗണിച്ചിരുന്ന ഒരു ഭാഷ എല്ലാവരുടേതുമായി മാറി എന്നത് ആശാവഹമായ കാര്യമാണ്.

Prof. John Kurakar.

No comments: