Pages

Tuesday, December 10, 2019

കൊട്ടാരക്കരയിൽ മലങ്കര നസ്രാണിയുടെ വമ്പിച്ച പ്രതിഷേധ മഹാസമ്മേളനം


മലങ്കര നസ്രാണിയുടെ വമ്പിച്ച പ്രതിഷേധ മഹാസമ്മേളനം കൊട്ടാരക്കരയിൽ; പങ്കെടുത്തത് ജനസഹസ്രങ്ങൾ:മലങ്കര ഓർത്തഡോക്സ്‌ നസ്രാണികളെ ഒരുപാടു മുറിവേൽപ്പിച്ച സർക്കാരിനെതിരെ നടന്ന പ്രതിഷേധ മഹാസമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. തെക്കൻ മേഖലാ സമ്മേളനം മാത്രമാണ് കൊട്ടാരക്കരയിൽ നടന്നത്. ഇത് ഒരു സൂചന മാത്രം.നീതി നിഷേധിക്കപ്പെട്ട, മുറിവേറ്റ മലങ്കര നസ്രാണിയുടെ പോരാട്ട വീര്യത്തെ, അവന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ കേരളത്തിലെ ഒരു രാഷ്ട്രീയ കോമരങ്ങളെയും അനുവദിക്കുകയില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് സമ്മേളന നഗരിയിൽ ഒഴുകിയെത്തിയ നസ്രാണികൾ സഭയോടുള്ള കൂറും, സ്നേഹവും അടിവരയിട്ടു എഴുതിചേർത്ത ദിവസം.
കൊട്ടാരക്കര നഗര മധ്യത്തിൽ ഉള്ള കോട്ടപ്പുറം സെമിനാരി അങ്കണത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരമുള്ള എം.ജി.എം സ്കൂൾ മൈതാനിയിൽ ഒരുക്കിയ സമ്മേളനസ്ഥലത്ത്‌ റാലിയുടെ മുൻഭാഗം എത്തിയപ്പോഴും അവസാനഭാഗത്തുള്ള ആളുകൾക്ക് കൊട്ടാരക്കര കോട്ടപ്പുറം പള്ളിയിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. അത്രമാത്രം വിശ്വാസികൾ പങ്കെടുത്ത തെക്കൻ മേഖലാ സമ്മേളനം ഓരോ നസ്രാണിയുടെയും പോരാട്ട വീര്യത്തെയും, സഭയോടുള്ള അചഞ്ചലമായ വിശ്വാസത്തെയും എടുത്തു കാണിക്കുന്നു. സഭയുടെ ആറ് ഭദ്രാസനങ്ങൾ മാത്രമാണ് ഈ റാലിയിൽ പങ്കെടുത്തത്.രാജ്യത്തിന്റെ നിയമത്തെയും,നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്നവർ ക്കെതിരെ പ്രതിഷേധം ഇരമ്പിയപ്പോൾ കൊട്ടാരക്കര നഗരം മണിക്കൂറുകളോളം സ്തംഭനാവസ്ഥയിലായി. 'ജയ് ജയ് കാതോലിക്കോസ്' വിളികളാൽ കൊട്ടാരക്കര നഗരം മുഖരിതമായി. നീതി നടപ്പാക്കുക, സത്യത്തിന്റെ കൂടെ സഞ്ചരിക്കുക, അക്രമത്തിന്റെ പാത പിന്തുടരുന്ന യാക്കോബായ വിഘടിതർക്ക്‌ എതിരെയും, അവർക്ക് ഒത്താശ ചെയ്യുന്ന സർക്കാരിനെതിരെയും വിശ്വാസികൾ ദിഗന്തം ഭേദിക്കുമാറ് മുദ്രാവാക്യങ്ങൾ മുഴക്കി.
ഒരു ആട്ടിൻ കൂട്ടവും ഒരു ഇടയനും എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട്, മലങ്കരസഭ ഒന്നേയുള്ളൂ, മലങ്കരയുടെ മോറാൻ ഒന്നേയുള്ളൂ, ഇൗ പരിശുദ്ധ സഭയുടെ മക്കളായി ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും അചഞ്ചലമായി നിലകൊള്ളും എന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതിന് കൊട്ടാരക്കര സമ്മേളനം മുഖാന്തരമായി.കൊട്ടാരക്കര സമ്മേളനം വൻവിജയമാക്കിയ മലങ്കരയിലെ ധീര നസ്രാണി സമൂഹത്തിന് അഭിവാദൃങ്ങൾ. 

Prof. John Kurakar

No comments: