Pages

Monday, August 26, 2019

പരിസ്ഥിതിക്ക് ഇണങ്ങി ജീവിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്തു കൊണ്ടുള്ള വികസനമാണ് നമുക്കാവശ്യം


പരിസ്ഥിതിക്ക്  ഇണങ്ങി ജീവിക്കുകയും  പരിസ്ഥിതിയെ സംരക്ഷിക്കുകയും  ചെയ്തു കൊണ്ടുള്ള വികസനമാണ്  നമുക്കാവശ്യം
നമ്മുക്ക് നമുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ .പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമ്മുക്ക് വേണ്ടാ . പരിസ്ഥിതി യോട് ഇണങ്ങി കൊണ്ട് നമുക്ക് ജീവിക്കാൻ കഴിയണം .നമ്മുടെ  യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്  പരിസ്ഥിതിക്ക്  ഇത്രയും  ആഘാതം സംഭവിച്ചത് .
ഇപ്പോൾ  ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ് .ഭൂമിയുടെ സ്വഭാവമനുസരിച്ചാകണം, വീടുനിർമാണം ഉൾപ്പെടെയുള്ള ഭൂമിയുടെ വിനിയോഗം നടത്തേണ്ടത്. തീരപ്രദേശത്തും മലമ്പ്രദേശത്തും ഭൂമിയുടെ സ്വഭാവവും ഘടനയും വ്യത്യസ്തമാണ്.  ഓരോ സ്ഥലത്തെയും മണ്ണിനും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന തരത്തിലേ ഭൂമി ഉപയോഗിക്കാവൂ. അതിനായി നിയമനിർമാണം ആവശ്യമാണ്.തുടർച്ചയായി രണ്ടുവർഷമുണ്ടായ പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കേരളജനതയെ പരിഭ്രാന്തരാക്കിയിരിക്കുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്നു പേരുകേട്ട 1924-ലെ പ്രളയത്തിനുശേഷം കേരളം വിനാശകരമായ മറ്റൊരു പ്രളയം നേരിടുന്നത് കഴിഞ്ഞവർഷമാണ്. ഈ വർഷം ചിലയിടത്തെങ്കിലും സമാനമോ അതിനെക്കാൾ ഭീകരമോ ആയ അവസ്ഥയുണ്ടായി. ഭൂമിയുടെ വിനിയോഗത്തിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ പ്രളയത്തിനും ഉരുൾപൊട്ടലിനും പ്രധാനകാരണമായതെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. തീവ്രമഴയും അതിതീവ്രമഴയുമൊക്കെ പെയ്താൽ താങ്ങാനുള്ള ശേഷി നമ്മുടെ കുന്നുകൾക്ക് ഇല്ലാതായിരിക്കുന്നു. ഈ പെരുമഴയെ ഉൾക്കൊള്ളാൻ പുഴകൾക്കു കഴിയാതായിരിക്കുന്നു. പുഴകവിഞ്ഞെത്തുന്ന വെള്ളത്തിന് കയറിക്കിടക്കാൻ നീർത്തടങ്ങൾ ഇല്ലാതായിരിക്കുന്നു.
മറ്റു പല സംസ്ഥാനങ്ങളിലും പ്രകൃതിക്ഷോഭത്താൽ ദുരന്തങ്ങളുണ്ടാവുമ്പോൾ കേരളം സുരക്ഷിതമെന്നാണ് നാം ആശ്വസിച്ചിരുന്നത്. പ്രകൃതിദുരന്തങ്ങളിൽനിന്ന് കേരളവും മുക്തമല്ല എന്ന തിരിച്ചറിവാണ് തുടരെയുണ്ടായ പ്രളയങ്ങളും അതിനിടയിലെ കടുത്ത ചൂടും വരൾച്ചയും നമുക്കുനൽകുന്നത്. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചേ ഇവിടെ ജീവിതം സാധ്യമാകൂ. ആശ്രയിക്കുക എന്നതിനുപകരം ചൂഷണം ചെയ്യുകയെന്ന നിലയിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കുകാരണം. ചെറിയ സംസ്ഥാനമായ കേരളത്തിലെ പരിസ്ഥിതിലോലമായ പശ്ചിമഘട്ടത്തിൽ 5924 പാറമടകൾ ഉണ്ടെന്നറിയുമ്പോൾത്തന്നെ മനസ്സിലാവും മലനിരകളുടെ ശേഷി. പാറപൊട്ടിക്കാൻ നടത്തുന്ന തുടർച്ചയായ സ്‌ഫോടനങ്ങൾ ഓരോ കുന്നിലും ശക്തമായ ആഘാതമാണ് ഉണ്ടാക്കുന്നത്. പാറമടകൾ പ്രവർത്തിക്കുന്ന കുന്നുകളുടെ മറുവശത്തും എതിർവശത്തും ഉരുൾപൊട്ടലോ മലയിടിച്ചിലോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാനത്തെ പാറമടകളുടെ മാപ്പിങ് നടത്തിയപ്പോൾ വ്യക്തമായതാണ്. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കിയ, ഒരുപാടുപേരെ അനാഥരാക്കിയ പ്രളയങ്ങൾക്ക് കാരണം പ്രകൃതിവിഭവങ്ങളെ തോന്നുംപോലെ ഉപയോഗിച്ചതുകൊണ്ടാണെന്നു തിരിച്ചറിയണം. പ്രകൃതിയെ ചൂഷണംചെയ്യാൻ  ആരെയും അനുവദിക്കരുത് .നാട്ടിൽ  നദികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ ഒരു സ്ഥലം  ഉണ്ടാകണം .അതിജീവനത്തിനായി ജലവുമായി പോരാടുകയല്ല, ജലത്തോടൊപ്പം ശാന്തമായി കഴിഞ്ഞുകൂടുക എന്ന ആശയമാണ് മാതൃകയാക്കേണ്ടത്. പെരുമഴയും പ്രളയവും കൊണ്ടുണ്ടാകുന്ന മുഴുവൻ വെള്ളവും ഉൾക്കൊള്ളാൻ എല്ലാ ജലസ്രോതസ്സുകളെയും സജ്ജമാക്കണം .പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ ജനങ്ങളെ സജ്ജരാക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: