Pages

Saturday, June 29, 2019

ബിഹാറിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണം: കാരണം ലിച്ചിയല്ല; ആസ്ബസ്‌റ്റോസാകാമെന്ന് പഠനം


ബിഹാറിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണം: കാരണം ലിച്ചിയല്ല; ആസ്ബസ്റ്റോസാകാമെന്ന് പഠനം

ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് 150 ലേറേ കുട്ടികൾ മരിച്ചതിന്റെ കാരണം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളാകാമെന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം. മരണകാരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇനിയും വരാനിരിക്കെയാണ് ഡോക്ടർമാരുടെ നിരീക്ഷണം. മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ അസുഖം ബാധിച്ച കുട്ടികളെ ചികിത്സിച്ച ഡൽഹി എയിംസിലെ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സ്വതന്ത്ര പഠനത്തിലാണ് കണ്ടെത്തൽ.

മസ്തിഷ്ക ജ്വരത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയിൽ മുസാഫർപുരിൽ മരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ചാണ് ഡോക്ടർമാർ പഠനം നടത്തിയത്. കനത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളിൽ താമസിക്കുന്നതുമാകാം അസുഖത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം വീടുകളിൽ രാത്രികാലങ്ങളിലും മുറിക്കുള്ളിലെ താപനില താഴാൻ സാധ്യത കുറവാണ്. ഒരു വീട്ടിലും കൃത്യമായി റേഷൻ ലഭിച്ചിരുന്നില്ലെന്നു മാതാപിതാക്കൾ സമ്മതിച്ചതായും സംഘത്തിനു നേതൃത്വം നൽകുന്ന ഡോ.ഹർജീത് സിങ് ഭാട്ടി പറഞ്ഞു.

അസുഖം ബാധിച്ചു മരിച്ച കുട്ടികൾക്കു ജപ്പാൻ ജ്വരത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി. അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നവരിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വീഴച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്ന അവസ്ഥയാണ് കുട്ടികളുടെ മരണത്തിനു പ്രധാനകാരണം. പോഷകാഹാരക്കുറവുള്ള, 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മസ്തിഷ്കത്തിനു ബാധിക്കുന്ന അസുഖമാണിത്. ലിച്ചി പഴങ്ങൾ കഴിച്ചതാണ് അസുഖബാധയ്ക്ക് കാരണമെന്ന പ്രാഥമിക വിവരം പഠനം തള്ളുന്നു.മുസാഫർപുരിലെ 289 വീടുകളിലാണ് ഡോക്ടർമാരുടെ സംഘം സന്ദർശിച്ചത്. ഇതിൽ 280 കുടുംബങ്ങളും ദാരിദ്രരേഖയ്ക്കും താഴെയുള്ളവരാണ്. കുടിവെള്ളം പോലും കൃത്യമായി ഇവർക്കു ലഭിക്കുന്നില്ല. മസ്തിഷ്ക ജ്വരം ഉണ്ടാകാനുള്ള സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്താഴ്ച ബിഹാർ സർക്കാർ നിയമസഭയിൽ സമർപ്പിക്കും.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: