Pages

Thursday, June 20, 2019

പ്രകൃതിയുടെ അവകാശികൾ മനുഷ്യർ മാത്രമാണോ ?


പ്രകൃതിയുടെ അവകാശികൾ മനുഷ്യർ മാത്രമാണോ ?

സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളതെന്ന സത്യം  മനുഷ്യർ തിരിച്ചറിയണം .മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണ മാറണം .'ഭൂമി നമ്മുടേതല്ല, നാം ഭൂമിയുടേതാണ്' എന്ന തിരിച്ചറിവ് ഉണ്ടാകണം .ഏതു മല കണ്ടാലും  ഇടിച്ചുനിരത്തി വിൽക്കാൻ തോന്നുന്ന ആർത്തി മനുഷ്യൻ ഉപേക്ഷിക്കണം . പ്രകൃതിയോടിണങ്ങിയും പ്രകൃതിയെ ആരാധിച്ചും പരിപാലിച്ചും കഴിഞ്ഞുവന്ന മനുഷ്യന്  ഭൂവിഭവങ്ങള്‍ തനിക്കു കൊള്ളയടിക്കാന്‍ മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിക്കുന്നു. മനുഷ്യന്‍ വന്യജീവികളുടെ ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറിയതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷം. 

കാടുകള്‍ വെട്ടിത്തെളിച്ച് മനുഷ്യന്‍ വീടുവയ്ക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തപ്പോള്‍ വന്യജീവികള്‍ക്ക് ആവാസ വ്യവസ്ഥയാണ് നഷ്ടമായത്..മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവന്നു .മാത്രമല്ല ചെറുപ്രാണികള്‍ മുതല്‍ വലിയ ജന്തുക്കള്‍ വരെയും സസ്യലതാദികള്‍ മുതല്‍ വന്‍വൃക്ഷങ്ങള്‍ വരെയും പ്രകൃതിയുടെ ശൃംഖലാ സംവിധാനത്തില്‍ അവരവരുടേതായ പങ്കു നിര്‍വഹിക്കുന്നവരാണ്.
പ്രപഞ്ചഘടനയുടെ സുരക്ഷിതമായ നിലനില്‍പ്പിന് അവ കൂടി നിലിനില്‍ക്കപ്പെടേണ്ടതുണ്ട്. അവരും ഭൂമിയുടെ അവകാശികളാണെന്ന അടിസ്ഥാന ധാരണ മനുഷ്യനുണ്ടാകണം .ഏതൊരു ജിവിയെ സംബന്ധിച്ചും അതിന്റെ ജീവിതസാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്ന തനതായ ഒരു ആവാസ വ്യവസ്ഥയുണ്ട്. ജീവികളുടെ  ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ  ഭാവിതലമുറയുടെ സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വികസനത്തിന്റെ പേരില്‍ കാട്ടിനകത്തുകൂടെ റോഡുകള്‍ നിര്‍മിച്ചപ്പോള്‍ വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ വിഭജിക്കപ്പെടുകയായിരുന്നു. അവ വെള്ളം കുടിക്കാനും ഭക്ഷണമന്വേഷിച്ചും സഞ്ചരിച്ചിരുന്ന കാനനപാതകളിൽ റോഡുകൾ രൂപപ്പെട്ടിരിക്കുന്നു .

ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റം വരുത്താൻ നോക്കരുതെന്ന വിദഗ്ധരുടെ മുന്നറിയിപ്പ്‌ നമ്മൾ ഉൾക്കൊണ്ടേ തീരൂ. ലോകത്തു പത്തുലക്ഷം ജീവികൾ  ഇപ്പോൾ വംശനാശത്തിന്റെ ഭീഷണിയിലാണ്. 
 വംശനാശത്തിന്റെ തോതു കൂടിക്കൊണ്ടിരിക്കുകയുമാണ്.  ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന  മനുഷ്യൻ തന്നെയാണ് ഇവിടെ കുറ്റവാളി.  മനുഷ്യൻറെ മനോഭാവത്തിലും നിലപാടുകളിലും മാറ്റം വന്നില്ലെങ്കിൽ നാം കുഴിക്കുന്നതു നമ്മുടെതന്നെ ശവക്കുഴികളായിരിക്കും എന്നോർക്കുക .ആർത്തിമൂത്ത മനുഷ്യർ വൈക്കം മുഹമ്മദ് ബഷീറിൻറെ "ഭൂമിയുടെ അവകാശികൾ " എന്ന കൃതി ഒന്നുവായിക്കുക

രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ "ഒരു കൂട്ടർ" അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്ന് കഥാകാരന്  ബോധ്യമാവുന്നതാണ് കഥാസാരം.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: