Pages

Tuesday, October 23, 2018

ശബരിമല വിശ്വാസത്തിന്റെ വിശുദ്ധഭൂമിയാണ്


ശബരിമല വിശ്വാസത്തിന്റെ വിശുദ്ധഭൂമിയാണ്

ശബരിമല വിഷയത്തിൽ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ടിരിക്കുകയാണ് . കേരളത്തിന്റെ സുകൃതവും പുണ്യവും അഭിമാനവുമാണു ശബരിമല; ജാതിമതഭേദമില്ലാതെ എല്ലാവർക്കുമായി തുറന്നുവച്ച വിശ്വാസത്തിന്റെ വിശുദ്ധഭൂമിക. അമൂല്യമായ അയ്യപ്പദർശനം തേടി വിദൂരങ്ങളിൽനിന്നുപോലും  തീർഥാടകർ എത്തുന്നു .ശബരിമലയെ  ഒരു വിനോദകേന്ദ്രമായി കാണരുത് . അയ്യപ്പന്റെ ദർശനപുണ്യംകൊണ്ടു മനസ്സു നിറയ്ക്കാൻ തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും സർക്കാരും ദേവസ്വവും പൊതുസമൂഹംതന്നെയും ഒരുക്കിവയ്ക്കാറുമുണ്ട്. പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലെ അയ്യപ്പദർശനവുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യസംഭവങ്ങൾ കണ്ട് കേരളത്തിന്റെ ഹൃദയം മുറിപ്പെട്ടിരിക്കുന്നു.
ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ ശബ്ദങ്ങളും അതിന്റെ എതിർശബ്ദങ്ങളും ഈ പുണ്യഭൂമിയിൽ ഉയരുകയാണിപ്പോൾ. ഇതോടനുബന്ധിച്ച് ഒരിക്കലും നടക്കാൻ പാടില്ലാത്ത പല അനിഷ്ടസംഭവങ്ങളും ഉണ്ടായി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ (144) പോലും പ്രഖ്യാപിക്കേണ്ടിവന്നു. ഇതുവരെ സങ്കൽപിക്കാൻപോലുമാവാത്ത സംഭവങ്ങൾ അവിടെ ഉണ്ടയി കൊണ്ടിരിക്കുന്നു .ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധിയിൽനിന്നാണു തുടക്കം. കോടതി വിധി അംഗീകരിക്കാൻ എല്ലാവരും തയാറാകണം .മറ്റു ലക്ഷ്യങ്ങളുമായി എത്തുന്നവർ വിശ്വാസസാന്ദ്രമായ തീർഥാടക പ്രവാഹത്തിൽ നിഴൽവീഴ്ത്തുന്ന സംഭവങ്ങൾ ഇതിനിടെ ഉണ്ടായി. മനസ്സിന്റെ നൈർമല്യവും വിശ്വാസദാർഢ്യവുമാവണം അയ്യപ്പസന്നിധിയിലേക്കു നമ്മെ നയിക്കേണ്ടത്.
കേരളത്തിലെ പല ക്ഷേത്രങ്ങളെയുംപോലെ ശബരിമലയിലും തനതായ പുരാണങ്ങളും പാരമ്പര്യവും ആചാരങ്ങളും ഉണ്ട്. മാസത്തിൽ അഞ്ചു ദിവസം മാത്രം തുറക്കുന്നതാണ് ഒരു പ്രത്യേകത - ഓരോ മലയാള മാസത്തിലും ആദ്യ ദിവസം നട തുറക്കും. രണ്ടാമത്തേത്, എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്കും ആരാധനയ്ക്ക് അവസരമുള്ളപ്പോൾ, ഇവിടുത്തെ ആചാരം അനുസരിച്ചു പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആചാരപരമായ നിയന്ത്രണങ്ങളുണ്ട്.ഭഗവാന്റെ നാമം ജപിച്ച് പണക്കാരനെന്നോ ദരിദ്രനെന്നോ വലിയവനെന്നോ ചെറിയവനെന്നോ ഭേദഭാവവും ഇല്ലാതെ ജന ലക്ഷങ്ങളാണ് മലകയറുന്നത് എല്ലാവരും   ഒരേ ശരണ വഴിയിലൂടെ ഒരു ലക്ഷ്യത്തിലേക്കുള്ള പ്രയാണം മാത്രം .
ശബരിമലയുടെ ചിരപുരാതന സമാധാനത്തിന് ഒരുകാരണവശാലും കോട്ടം തട്ടിക്കൂടാ. യുവതീപ്രവേശത്തോടു ബന്ധപ്പെട്ട് അവിടെ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇല്ലാതാക്കാൻ സർക്കാരും ദേവസ്വം ബോർഡും എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും മുന്നോട്ടുവരികതന്നെ ചെയ്യണം. രാഷ്ട്രീയ വേലിക്കെട്ടിൽ സ്വയം തളച്ചിടുന്നതിനുപകരം, ഒൗചിത്യവും വിവേകവും പ്രകാശിക്കുന്ന വഴികളിലേക്ക് അണികളെ നയിക്കാൻ നേതാക്കൾ മറന്നുകൂടാ.
ശബരിമലയിൽ ശാന്തിയും സമാധാനവും അടിയന്തരമായി പുനഃസ്ഥാപിക്കണം. രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവച്ച്, ഓരോരുത്തരും ശബരിമലയിൽ ഉണ്ടാകാൻ പരിശ്രമിക്കേണം .ഒരുമയുടെ ബലം കൊണ്ടു മഹാപ്രളയത്തെപ്പോലും തോൽപിച്ച നമുക്ക് ശബരിമല എന്ന പുണ്യഭൂമിയിൽ  സമാധാനം സൃഷ്‌ടിക്കാൻ കഴിയും .ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധിസ്വാഗതാർഹം തന്നെയാണ് .പക്ഷെ വിശ്വാസം ആയിരിക്കണം  അവരെ നയിക്കേണ്ടത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: