Pages

Wednesday, August 29, 2018

പ്രളയാനന്തര കേരളത്തിലെ പുനർസൃഷ്‌ടി


പ്രളയാനന്തര കേരളത്തിലെ പുനർസൃഷ്ടി

പ്രളയാനന്തര കേരളത്തിലെ പുനർനിർമാണ-പുനരധിവാസ പ്രവർത്തനത്തെ നവകേരളസൃഷ്ടിയാക്കി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആശയം ആദർശാത്മകമാണെങ്കിലും അതിനു മുന്നിൽ ഒട്ടേറെ കടുത്ത വെല്ലുവിളികളുണ്ട്. മുഖ്യ വെല്ലുവിളി മറ്റൊന്നുമല്ല, പണംതന്നെ. മഹാഭീമമായ ഒരു തുക വേണ്ടിവരും പുതിയ കേരളത്തിന്റെ സൃഷ്ടിക്ക്. അതുണ്ടാക്കിയെടുക്കുക ഒട്ടും എളുപ്പമല്ല.
പ്രളയത്തിൽ 35,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായെന്നാണ് അനൗദ്യോഗികമായി സർക്കാർ ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. കൃത്യമായ കണക്കു വരുമ്പോൾ ഈ തുക ഉയരാനാണു സാധ്യത. കേന്ദ്രസഹായംകൊണ്ടോ ജനങ്ങൾ ഇപ്പോൾ നൽകിയിരിക്കുന്ന സംഭാവനകൊണ്ടോ മാത്രം ഇത്ര വലിയ സംഖ്യ കണ്ടെത്താനാവുമെന്നു തോന്നുന്നില്ല. അതിന് മറ്റു ധനാഗമമാർഗങ്ങൾ കണ്ടെത്തിയേ പറ്റൂ. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭ്യർഥനയുടെ പ്രസക്തി. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ ഒരു മാസത്തെ ശമ്പളം നവകേരള നിർമാണത്തിനായി നൽകണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്.അതു ചെവിക്കൊണ്ട് തന്റെ ശമ്പളം ഉടനടി ചീഫ് സെക്രട്ടറിയെ ഏല്പിച്ച ഗവർണർ പി.സദാശിവം ഉചിതമായ മാതൃക കാട്ടുകയും ചെയ്തിട്ടുണ്ട്.
കക്ഷിഭേദമില്ലാതെ ഏതാനും എം.എൽ.എ.മാരും സംസ്ഥാന പോലീസ് മേധാവിയുൾപ്പെടെയുള്ള ഉയർന്ന ഓഫീസർമാരും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അധ്യക്ഷരുമെല്ലാം മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഒരു മാസത്തെ ശമ്പളം പുനർനിർമാണയത്നത്തിനു നൽകാൻ സന്നദ്ധരായിട്ടുണ്ട്. എല്ലാവർക്കും പിന്തുടരാവുന്ന മാതൃകയാണിത്. ഒരുമാസത്തെ ശമ്പളം ഒരുമിച്ചു നൽകണമെന്നല്ല, ഓരോ മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസം നൽകിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നിർദേശം പാലിക്കാൻ കഴിഞ്ഞാൽ നവകേരള സൃഷ്ടി നേരിടുന്ന ധനവെല്ലുവിളി വലിയൊരളവിൽ പരിഹരിക്കാൻ കേരളത്തിനു കഴിയും.സംസ്ഥാന സർക്കാരുകൾ എന്നും ഉദാരത കാട്ടിയിട്ടുള്ള ജീവനക്കാരുടെ സംഘടനകളും മറ്റു തൊഴിലാളിസംഘടനകളും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുമെല്ലാം മടികൂടാതെ ശമ്പളദാനത്തിനായി മുന്നോട്ടുവരേണ്ടതുണ്ട്. പ്രളയഭീകരതയുടെ ദിനങ്ങളിൽ നാം പ്രകടിപ്പിച്ച അസാധാരണമായ ഒത്തൊരുമയും സഹജീവിസ്നേഹവും ഏതാനും നാൾകൂടി തുടർന്നുപോകട്ടെ. അങ്ങനെയേ നമുക്ക് പുതിയൊരു കേരളത്തെ നിർമിച്ചെടുക്കാനാവൂ. അങ്ങനെയൊരു കേരളമാതൃകയും ഉണ്ടാവട്ടെ.

ശമ്പളംനൽകൽ മാത്രം പോരാ, എല്ലാ രംഗത്തും പാഴ്‌ച്ചെലവും ധൂർത്തും ഒഴിവാക്കൽകൂടി വേണം. മാറ്റിവയ്ക്കാവുന്ന ആഘോഷപരിപാടികളും ചടങ്ങുകളും ഈ പുനർനിർമാണയത്നകാലത്ത് വേണ്ടെന്നുവച്ചാൽത്തന്നെ വലിയൊരു തുക മിച്ചംപിടിക്കാൻ കഴിയും. മുണ്ടു മുറുക്കിയുടുത്തും ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കാത്ത മറ്റു ധനാഗമമാർഗങ്ങൾ കണ്ടെത്തിയും പണമുണ്ടാക്കിയില്ലെങ്കിൽ ആഗ്രഹിക്കുന്ന തരത്തിലുള്ള നവകേരളസൃഷ്ടി എളുപ്പമാവില്ല.
ശമ്പളത്യാഗത്തിലൂടെ ആവശ്യമായ പണം കണ്ടെത്തിയാൽത്തന്നെയും അതിന്റെ വിനിയോഗം കൃത്യമായില്ലെങ്കിൽ ലക്ഷ്യം നേടുന്നതിൽ പരാജയമുണ്ടാകും. നവകേരളസൃഷ്ടിക്കായി ശേഖരിക്കുന്ന പണം നിർബന്ധമായും അതിനുവേണ്ടി മാത്രമേ ചെലവഴിക്കാവൂ. സുനാമി ഉണ്ടായ കാലത്ത് ലഭിച്ച തുകയിൽ വലിയൊരു ഭാഗം മറ്റു ദുരിതാശ്വാസ പ്രവൃത്തികൾക്കും സഹായത്തിനും വേണ്ടി ചെലവാക്കിയെന്ന ആരോപണമുയർന്നിരുന്നു. ജനങ്ങൾ ഏത് ഉദ്ദേശ്യത്തിനുവേണ്ടിയാണോ സ്വമേധയാ സംഭാവന നൽകുന്നത് ആ ഉദ്ദേശ്യത്തിനുവേണ്ടിത്തന്നെ ആ പണം ചെലവിടണം. കൃത്യമായ ധനവിനിയോഗത്തിലൂടെ മാത്രമേ നവകേരളം സാധ്യമാകൂ.

പ്രൊഫ് .ജോൺ കരാക്കാർ

No comments: