Pages

Wednesday, August 29, 2018

പ്രളയക്കെടുതികളിൽ തകർന്നടിഞ്ഞ കേരളത്തിൻറെ പുനഃസൃഷ്ടിക്കു തയാറെടുക്കുക


പ്രളയക്കെടുതികളിൽ തകർന്നടിഞ്ഞ
കേരളത്തിൻറെ  പുനഃസൃഷ്ടിക്കു തയാറെടുക്കുക

പ്രളയക്കെടുതികളിൽ തകർന്നടിഞ്ഞ സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കു തയാറെടുക്കുകയാണു സർക്കാർ. തൊണ്ണൂറ്റിയൊൻപതിലെ പ്രളയത്തിൽനിന്ന് അന്നത്തെ തലമുറ എന്തെങ്കിലും പാഠം പഠിച്ചോ എന്നറിയില്ല. അതിലൊന്ന് പ്രളയം നമുക്കു ശേഷമല്ല, നമ്മുടെ കാലത്തുതന്നെയാകാം എന്നതാണ്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ പ്രളയ പുനരധിവാസത്തിന്റെ ചില വികസന സമീപനങ്ങൾ പുനഃപരിശോധിക്കാനുള്ള വിവേകം നമുക്കുണ്ടാകണം.പരസഹായം കൂടാതെതന്നെ പലതും ചെയ്യാനുള്ള കഴിവ് നമുക്കുണ്ടെന്നതാണ് ആദ്യ പ്രളയപാഠം. നമ്മുടെ പ്രതീക്ഷയ്ക്കൊത്തുയരാത്തപ്പോൾ കേന്ദ്രത്തിനെതിരായ മുദ്രാവാക്യങ്ങളുയർത്തി ജനവികാരം ശമിപ്പിക്കുന്നതിനു പകരം സ്വന്തം കഴിവ് പരമാവധി പ്രയോജനപ്പെടുത്തി കേരള പുനർനിർമാണം എന്ന ദൗത്യം ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഒരു ഗുണപരമായ മാറ്റത്തെ കുറിക്കുന്നു. അതിനു രാജ്യാന്തര നിലവാരമുള്ള ഒരു സമിതിയെ ഉപയോഗിക്കും എന്നതു പ്രതീക്ഷ നൽകുന്നു.

ശമ്പളം വാങ്ങുന്ന ഓരോ മലയാളിയും ഒരുമാസത്തെ ശമ്പളം പുനർനിർമാണ പ്രവർത്തനത്തിനു സംഭാവന ചെയ്യുക. തുക പത്തു ഗഡുക്കളായി നൽകിയാൽ മതി. കേരളത്തിനകത്തും പുറത്തും ജോലിചെയ്യുന്ന, ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുകൂടാതെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ അവസരം നൽകുന്ന പദ്ധതി ഇതിനകം തന്നെ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിമാസവരവിന്റെ ഒരു നിശ്ചിത ശതമാനം സംഭാവനയായി സ്വീകരിച്ചുകൊണ്ട് ശമ്പളക്കാരല്ലാത്തവരെയും ഉൾപ്പെടുത്തി പദ്ധതി വികസിപ്പിക്കാനാകും. സഹജീവികളുടെ കണ്ണീരൊപ്പാനും കേരള പുനഃസൃഷ്ടിക്കുമായി ഒരുമാസത്തെ ശമ്പളമല്ല അതിന്റെ എത്രയോ ഇരട്ടി നൽകാനുള്ള മനസ്സുമായി വിദേശത്തും സ്വദേശത്തും  കാത്തിരിക്കുന്ന മലയാളികളെ എനിക്കറിയാം. ഈ ദുരന്തത്തിന്റെ കാഠിന്യം അവർക്കു മുന്നിലെത്തിച്ച മാധ്യമങ്ങൾക്കാണ് അതിനു നന്ദി പറയേണ്ടത്.

ഇരുപതാമത്തെ മന്ത്രിയും പിന്നെ കാബിനറ്റ് റാങ്കോടെ ഒരു ചീഫ് വിപ്പും എന്തിനെന്ന് അവർ ചോദിക്കുന്നു. ഇതൊന്നും കേരളത്തിന്റെ പുനഃസൃഷ്ടിക്കല്ലല്ലോ? ശമ്പളവും അലവൻസും നൽകി എത്ര ഉപദേശകർ വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്നു. അവരിൽ ഒരു പ്രയോജനവും ഇല്ലാത്തവരെയൊക്കെ ഒഴിവാക്കുക. സർക്കാരിന്റെ പണം തിന്നുമുടിക്കുന്ന കോർപറേഷനുകളും ബോർഡുകളുമെന്തിന്? ഭരണപരിഷ്കരണ കമ്മിഷൻ മുതൽ മുന്നാക്ക കമ്മിഷൻവരെ ഗുണപരമായ ഒരു പരിഷ്കരണവും ഉണ്ടാക്കാത്ത കമ്മിഷനുകളെയൊക്കെ പിരിച്ചുവിടട്ടെ. അതിൽ കുറെയൊക്കെ ഒഴിവാക്കാൻ പിണറായി വിജയനു പറ്റിയ സന്ദർഭമാണിത്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഖജനാവ് ഊറ്റിക്കുടിക്കുന്നവയൊക്കെ പൂട്ടുക. ഉള്ളതിൽത്തന്നെ രാഷ്ട്രീയനേതാക്കളെ പുനരധിവസിപ്പിക്കാൻ മാത്രമുള്ള ചെയർമാൻപദവി എടുത്തുകളയുക. പ്രഫഷനലുകളായ സിഇഒമാർ പോരേ ഇതൊക്കെ ഭരിക്കാൻ. ഇവർക്കൊക്കെ ശമ്പളം കൊടുക്കാൻ ഈ കാശ് ഉപയോഗിക്കില്ല എന്നു പറയുമായിരിക്കും. പക്ഷേ പദ്ധതി നടപ്പാക്കുമ്പോൾ ഇതിനായി സമാഹരിക്കുന്ന പണം പൂർണമായി ഇതിലേക്ക് ഉപയോഗിക്കും എന്ന വിശ്വാസം ആർജിക്കാൻ ഇതൊക്കെ ആവശ്യമാണ്. സർക്കാർ കാറുകളുടെ ദുരുപയോഗം പോലും ആദ്യം അവസാനിപ്പിക്കണം. എന്തിനാണ് ഉദ്യോഗസ്ഥർക്ക് ഇരുപത്തിയഞ്ചും മുപ്പതും ലക്ഷം രൂപ വിലയുള്ള കാറുകൾ. അവയ്ക്കു പകരം ഉദ്യോഗസ്ഥർ ഊബറുകളും ഷെയർ ടാക്സിയും ഉപയോഗിച്ചു ചെലവുചുരുക്കലിന്റെ മാതൃക ജനങ്ങൾക്കു കാണിച്ചുകൊടുക്കട്ടെ.

എന്തിന്, സർക്കാർ ഓഫിസുകളിൽ അനാവശ്യമായി കറങ്ങുന്ന ഒരു ഫാനും കത്തുന്ന ഒരു ലൈറ്റും ഓഫാക്കേണ്ട സമയമാണെന്ന് അവിടത്തെ പ്യൂണിനുപോലും തോന്നുംവിധമുള്ള ഒരു ചെലവു ചുരുക്കൽ ശൈലിയാണു വേണ്ടത്. ഏതൊക്കെ മേഖലകളിൽ എങ്ങനെയൊക്കെ ചെലവു കുറയ്ക്കാമെന്നു മന്ത്രിമാരുടെ ഉപസമിതി സമയബന്ധിതമായി പഠിക്കട്ടെ. അതിനായി ഇനി ഒരു കമ്മിഷൻ കൂടി വേണ്ട.
. സംസ്ഥാനത്തിന്റെ 2018–19 പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ള മുപ്പതിനായിരം കോടി രൂപയ്ക്കും മുകളിൽവരും പ്രളയം തീർത്ത നഷ്ടമെന്നാണ് സർക്കാരിന്റെ കണക്ക്. പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സംസ്ഥാന സർക്കാർ നികുതി വർധിപ്പിക്കൽ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ പണം സമാഹരിക്കുകയാണ്. ഉദാരമായ കേന്ദ്രസഹായത്തിലുമുണ്ട് പ്രതീക്ഷ.

ദേശത്തുനിന്നും വിദേശത്തുനിന്നുമായി സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും ആയിരക്കണക്കിനു കൈകൾ നമുക്കു നേരെ നീളുന്നു എന്നതു തകർച്ചയിലും നമ്മെ ധൈര്യപ്പെടുത്തുന്നു. സമസ്ത മേഖലകളെയും വിഴുങ്ങിയ പ്രളയം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തെ (ജിഡിപി) ബാധിക്കുമെന്നു തീർച്ച. ആഭ്യന്തര ഉൽപാദനം ഏഴര ശതമാനത്തിൽ നിന്ന് 6.5% വരെ കുറഞ്ഞേക്കുമെന്നാണ് നിരീക്ഷണം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ തന്നെയാണു പ്രളയം കടന്നുവന്നത്. സംസ്ഥാനത്തിന്റെ വായ്പാപരിധി കേന്ദ്രം ഉയർത്തിയെങ്കിൽത്തന്നെയും അധികവായ്പ സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനക്കമ്മിയും വർധിപ്പിച്ചേക്കും.

ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കം പരമപ്രധാനമാണ്. സർക്കാരിന്റെ ദുർച്ചെലവും ധൂർത്തും കർക്കശമായി നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഇനി ഒട്ടും വൈകിക്കൂടാ. ചുരുങ്ങിയത് അഞ്ചുശതമാനം ചെലവു വെട്ടിച്ചുരുക്കിയാൽത്തന്നെ 7500 കോടി രൂപ സമാഹരിക്കാമെന്നാണു കണക്ക്. തൊണ്ണൂറുകളിൽ കേന്ദ്രസർക്കാർ ചെലവുചുരുക്കൽ നടപടികൾ തുടങ്ങിയപ്പോൾ അതിനെതിരെ രംഗത്തുവന്ന ചരിത്രം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതു ട്രേഡ് യൂണിയനുകൾക്കുമുണ്ട് എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാതിരിക്കാൻ സ്വീകരിച്ച നിയന്ത്രണങ്ങളെയാണ് ഇടതുയൂണിയനുകൾ മുഖ്യമായും അന്ന് എതിർത്തത്. വൻതോതിൽ നിക്ഷേപവും അടിസ്ഥാനവികസനവും സാധ്യമായാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു തീർച്ച.

അതിനാൽ സർക്കാരിന്റെ ദുർമേദസ്സ് കുറയ്ക്കാനും ജീവനക്കാരുടെ പുനർവിന്യാസത്തിലൂടെ കാര്യക്ഷമത ഉയർത്താനും സർക്കാർ മടിക്കേണ്ടതില്ല. മന്ത്രിമാരുടെ പാഴ്ച്ചെലവുകൾ വെട്ടിക്കുറച്ചുകൊണ്ടുവേണം പ്രളയക്കെടുതികൾ നേരിടാനുള്ള ധനസമാഹരണം തുടങ്ങേണ്ടത്. പുതിയൊരു കാബിനറ്റ് റാങ്ക് സൃഷ്ടിയിലൂടെ എത്ര കോടിയാണ് അധികച്ചെലവായി വരുന്നത്! പഴ്സനൽ സ്റ്റാഫിന്റെ പട എന്തു പുനഃസൃഷ്ടിയാണ് ഇവിടെ നടത്തുന്നത്? എത്രയെത്ര കമ്മിഷനുകൾ, ഉപദേഷ്ടാക്കൾ, ഈ തസ്തികകളെല്ലാം ഖജനാവ് കാലിയാക്കാനല്ലാതെ പുനഃസൃഷ്ടിക്ക് ഉതകില്ലെന്നു തീർച്ച. ഭരണകക്ഷികൾ ബോർഡുകളും കോർപറേഷനുകളും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം പ്രയോജനപ്പെടുത്തുന്നത് സേവകരെയും അനുചരന്മാരെയും സന്തോഷിപ്പിക്കാനാണ്.

ഇവർക്കെല്ലാം ആഡംബരക്കാറുകളും മറ്റു സൗകര്യങ്ങളും നൽകുന്നതാവട്ടെ സാധാരണക്കാരനെ പരിഹസിക്കുന്നതിനു തുല്യവും. പൊതുമേഖലാസ്ഥാപനങ്ങളിൽ‌ തന്ത്രപ്രധാനമായവ ഒഴികെയുള്ളതെല്ലാം പിരിച്ചുവിടുക എന്ന നയമാണ് കേന്ദ്രസർക്കാരുകൾ അടുത്തകാലങ്ങളിലായി സ്വീകരിച്ചുവരുന്നത്. ധനകാര്യനിർവഹണം കാര്യശേഷിയോടെ നടപ്പാക്കിയാൽ മാത്രമേ സംസ്ഥാനത്തിന്റെ പുനഃസൃഷ്ടി സാധ്യമാകൂ. ഈ വിഷമാവസ്ഥയിലെങ്കിലും സങ്കുചിത താൽപര്യങ്ങൾ മാറ്റിവച്ച് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും എല്ലാവരിലുമെത്തുന്ന ധനസൃഷ്ടിക്കും മുന്തിയ പരിഗണന നൽകാനുള്ള വിശാലമനസ്കതയും പ്രായോഗിക ബുദ്ധിയുമാണ് രാഷ്ട്രീയപാർട്ടികൾ കാട്ടേണ്ടത്.

.പ്രൊഫ്. ജോൺ കുരാക്കാർ

No comments: