Pages

Tuesday, August 14, 2018

കലിതുള്ളി കാലവർഷം



കലിതുള്ളി കാലവർഷം
അത്യന്തം  ഗുരുതരവുമായ ഒരു സാഹചര്യത്തിലാണ് കേരളമിപ്പോള്. വീണ്ടും അതിശക്തമായിത്തുടരുന്ന മഴ സംസ്ഥാനമൊട്ടാകെ ദുരിതവും നാശവും വിതച്ചിരിക്കുന്നു. പെരുമഴയില് നിറഞ്ഞ അണക്കെട്ടുകളെല്ലാം തുറന്നിരിക്കുന്നു. പലയിടത്തും വീണ്ടും  ഉരുള്പൊട്ടലുകളുണ്ടായി ഒട്ടേറെപ്പേര് മരിച്ചു. ഏതാനുംപേരെ കാണാനില്ല. വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്.മൂന്നാർ ഒറ്റപെട്ടു കഴിഞ്ഞു  കുട്ടനാടിന്റെ ദുരിതം തുടര്ന്നുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ മലയോര മേഖലയിലും ഇടുക്കിയിലുമെല്ലാം പ്രകൃതിക്ഷോഭം മനുഷ്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തകര്ന്ന വീടുകളും നശിച്ച കൃഷിയിടങ്ങളും പെരുകിപ്പരക്കുന്ന വെള്ളവും തകര്ന്ന റോഡുകളും പ്രാഥമികകൃത്യങ്ങള്ക്കുപോലും സൗകര്യമില്ലാതെ ക്ലേശിക്കുന്ന ജനങ്ങളും ചേര്ന്ന് ഒരു ദുരന്തഭൂമിയുടെ ഛായ നല്കിയിരിക്കുകയാണ് കേരളത്തിന്. രണ്ടരമാസത്തിനിടയില് പേമാരിയും ഉരുള്പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ  നാശത്തിനും ജീവഹാനിക്കും കണക്കില്ല. ആയിരക്കണക്കിനു വീടുകളാണു തകര്ന്നത്. ഭീമമായ കൃഷിനാശമുണ്ടായി. ജൂണ് 14-ന് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്പൊട്ടലില് 14 പേരാണു മരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ നിലമ്പൂരിനടുത്ത് ചെട്ടിയാമ്പാറയില് ഉരുള്പൊട്ടി ഒരു കുടുംബത്തിലെ അഞ്ചുപേര്ക്കും ജീവന് നഷ്ടമായി. ഇടമലയാര് അണ തുറന്നതോടെ എറണാകുളം ജില്ലയിലെ ഭൂതത്താന്കെട്ട്, കുട്ടമ്പുഴ, മലയാറ്റൂര്, കാലടി, പെരുമ്പാവൂര്, ആലുവ, നെടുമ്പാശ്ശേരി, കളമശ്ശേരി, ഏലൂര്, വരാപ്പുഴ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി അണയുടെ മറ്റു ഷട്ടറുകള് കൂടി തുറന്നാല് സ്ഥിതി ഇപ്പോഴത്തേതിലും  ഗുരുതരമാകും.

സമീപഭൂതകാലത്തെങ്ങും ഇത്രയുംവലിയ മഴയും വെള്ളപ്പൊക്കവും ദുരിതങ്ങളും ഉണ്ടായിട്ടില്ല. സംസ്ഥാനം മുഴുവനായും തന്നെ വെള്ളപ്പൊക്കത്തിന്റെ പിടിയിലായിരിക്കുന്ന ഈ ഗുരുതര സാഹചര്യത്തെ നാം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. പരിഭ്രമവും കുറ്റാരോപണവും പഴിചാരലുമല്ല കൈകോര്ക്കലും കൈത്താങ്ങു നല്കലുമാണ് ഇപ്പോഴാവശ്യം. സഹായവും സഹാനുഭൂതിയും സഹകരണവും കൊണ്ടുമാത്രമേ ഈ അപകടസ്ഥിതിയെ നേരിടാനാവൂ. പരിഭ്രാന്തി സൃഷ്ടിക്കാനുള്ള വിവരങ്ങള് എന്ന ഭാവേന വ്യാജ വാര്ത്തകള് പ്രചരിപ്പിക്കാനുമുള്ള ഏതു ശ്രമത്തെയും ശക്തമായി തടയണം. വെള്ളപ്പൊക്കം തീര്ന്നാലും പ്രശ്നങ്ങള് അവസാനിക്കുകയില്ല. രോഗപ്പകര്ച്ചയുടെ സാധ്യതയുള്ളതുകൊണ്ട് അതിനെ ചെറുക്കാന് സന്നദ്ധമായിരിക്കേണ്ടതുണ്ട്. കൃഷിയും വീടും നഷ്ടപ്പെട്ടവര്ക്ക് കാലതാമസംവരാതെ സാമ്പത്തിക സഹായം നല്കുകയും വേണം. സര്ക്കാരും ജനങ്ങളും കക്ഷിഭേദമില്ലാതെ ഒത്തുചേര്ന്നുനിന്നാല് മാത്രമേ ഈ പ്രതിസന്ധിയില് നിന്നു കരകയറാന് കഴിയുകയുള്ളൂ.

കേരളം പിറന്നതിനുശേഷമുള്ള ഏറ്റവും കടുത്ത പ്രകൃതിദുരന്തത്തിന്റെ അതീവഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് പ്രളയബാധിതർക്കായി സംസ്ഥാനത്തോടൊപ്പം കേന്ദ്രസർക്കാരും നിലകൊള്ളുമെന്ന ഉറപ്പ് നാടിനു വലിയ പ്രതീക്ഷ നൽകുന്നു. ഇന്നലെ ഇവിടെയെത്തി കെടുതികൾ നേരിട്ടു കാണുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അടിയന്തര സഹായമായി 100 കോടി രൂപ അനുവദിക്കുകയുണ്ടായി. 8316 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു പ്രാഥമികമായി കേരളം കണക്കാക്കുന്ന സാഹചര്യത്തിൽ, 1220 കോടി രൂപയുടെ അടിയന്തര സഹായം ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിക്കണമെന്ന ആവശ്യത്തിൻമേലാണ് ഇപ്പോഴത്തെ സഹായവാഗ്ദാനം.

വടക്കൻ ജില്ലകളിലും ഇടുക്കിയിലുമുണ്ടായ പ്രളയദുരന്തം ഇപ്പോഴും പിൻവാങ്ങാതെ ഉറഞ്ഞുതുള്ളുകതന്നെയാണ്. പ്രളയത്തിന്റെ കെടുതി ഒരിക്കലും അനുഭവിക്കാത്തവർക്ക് സങ്കൽപിക്കാനാവാത്തതാണ് നമുക്കൊപ്പമുള്ള പതിനായിരക്കണക്കിനു പേർ ഇപ്പോൾ അനുഭവിക്കുന്ന നഷ്ടവും സങ്കടവും ബുദ്ധിമുട്ടും. റോഡുകൾ തകർന്ന് പുറംലോകത്തേക്കുള്ള സഞ്ചാരമാർഗങ്ങളെല്ലാം അടഞ്ഞ്, ഭക്ഷണപദാർഥങ്ങളെല്ലാം തീർന്ന്, വിശന്നും കരഞ്ഞും പേടിച്ചും കഴിയുന്നവർപോലും അക്കൂട്ടത്തിലുണ്ട്. കെടുതിപ്രദേശങ്ങളിലെ എല്ലാവരും ദുരിതാശ്വാസ ക്യാംപുകളിൽ എത്തുന്നില്ലെന്നത് ഒരു യാഥാർഥ്യമാണ്. ക്യാംപുകളിൽ എത്തുന്നവരിൽ ചിലരാകട്ടെ, വീടും സ്വർണവും കൃഷിയുമെല്ലാം നഷ്ടപ്പെട്ട് ഇനിയുള്ള ജീവിതംതന്നെ വഴിമുട്ടിയവരും.

പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജലനിരപ്പ് ഉയരുന്നതിന്റെ ആശങ്കയിലാണ്. പ്രളയജലം താഴ്ന്നുവെന്നു കരുതി ആശ്വസിച്ച കുട്ടനാട്ടിലാകട്ടെ, വീണ്ടും വെള്ളപ്പൊക്കഭീഷണി ഉയരുകയുമാണ്. പ്രളയബാധിത പ്രദേശങ്ങളിലെല്ലാം വേണ്ടത് അടിയന്തരാശ്വാസവും ദുരന്തനിവാരണ പ്രവർത്തനങ്ങളുമാണ്. സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. ഏകോപനം മുഖ്യമന്ത്രിതന്നെ നേരിട്ടു കൈകാര്യം ചെയ്യുന്നുമുണ്ട്. പക്ഷേ, ദുരന്തമുണ്ടായ പ്രദേശങ്ങളുടെ വിസ്തൃതിയും ദുരിതബാധിതരുടെ  എണ്ണക്കൂടുതലും പലയിടത്തും ഗതാഗതമാർഗങ്ങൾ അടഞ്ഞതും രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. നൂറുകണക്കിനു കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നാണു റവന്യു വകുപ്പിന്റെ വിലയിരുത്തൽ.

ശുദ്ധജലവിതരണത്തെ വെള്ളപ്പൊക്കം ബാധിച്ചത് കൊച്ചി, പാലക്കാട് തുടങ്ങിയ ഇടങ്ങളിൽ വലിയ ആശങ്കയായി മാറിയിരിക്കുന്നു. സർക്കാർ അടിയന്തരപ്രാധാന്യത്തോടെ ജലലഭ്യത ഉറപ്പുവരുത്തുകതന്നെ വേണം. മലിനജലം കുടിച്ചു പകർച്ചവ്യാധികളെ വിളിച്ചുവരുത്തുന്ന സാഹചര്യം എവിടെയും ഉണ്ടായിക്കൂടാ. വീടുകളിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള മാലിന്യങ്ങൾമുതൽ വെള്ളപ്പാച്ചിലിനോടൊപ്പം കയറിവരുന്ന പാമ്പുകൾവരെ ഭീഷണിയുയർത്തുന്നുമുണ്ട്.

നാലു ചുരത്തിലുമുണ്ടായ മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടുവെന്നുതന്നെ പറയാവുന്ന വയനാട്ടിൽ സ്ഥിതി അങ്ങേയറ്റം സങ്കടകരമാണ്. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യസാധനങ്ങൾപോലും കൊണ്ടുവരുന്നത് അവിടെ ക്ലേശകരമായിരിക്കുന്നു. ഏതു വഴിക്കുമുണ്ടാവും, ഗതാഗതം മുടങ്ങിയാൽ തിരിഞ്ഞുപോകാൻ ഒരു മറുവഴി. പക്ഷേ, വയനാട്ടുകാർക്കു പുറംലോകത്തേക്കുള്ള  വഴിതുറക്കുന്ന ചുരം റോഡുകൾക്കു മാത്രം ബദൽ ഇല്ലാത്തതിന്റെ വിഷമങ്ങൾ വീണ്ടും വിളിച്ചുപറയുന്നതായി ഈ ദുരന്തം.

ആലോചിച്ചുനിൽക്കാൻ സമയമില്ല കേരളത്തിന്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഒരുനിമിഷം പോലും പാഴാക്കാനുമില്ല. ആവശ്യമെങ്കിൽ, മറ്റു സംസ്ഥാനങ്ങളിലെ വിദഗ്ധരുടെ സേവനംകൂടി ലഭ്യമാക്കാൻ മടിക്കേണ്ടതില്ല. 2015ൽ കൊടുംമഴ പകയോടെ പെയ്തപ്പോൾ സഹായം തേടിയ ചെന്നൈ നഗരത്തിന്റെ ഓർമ നമുക്കുണ്ടാവണം. ആ നഗരത്തിലെ വെള്ളക്കെട്ടിനുള്ളിൽ, ഭക്ഷണവും ശുദ്ധജലവും പോലും കിട്ടാതെ കുടുങ്ങിപ്പോയതു ലക്ഷത്തിലേറെപ്പേരാണ്. പക്ഷേ, പിന്നീട് ആ നഗരത്തിലുണ്ടായത് സമീപകാലത്തു രാജ്യംകണ്ട ഏറ്റവും ഗംഭീരമായ രക്ഷാകൂട്ടായ്മയായിരുന്നു. കേരളത്തിലെ പ്രളയബാധിതരും തേടുന്നത് അങ്ങനെയൊരു വലിയ സഹായദൗത്യംതന്നെ. പ്രളയബാധിത സ്ഥലങ്ങളിൽ വിശ്രമമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന നമ്മുടെ സേനാവിഭാഗങ്ങൾക്കും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമെല്ലാം കേരളത്തോളം വലുപ്പമുള്ള നന്ദി പറയേണ്ടതുണ്ട്.

സർക്കാർ സംവിധാനങ്ങൾക്കു ചെയ്യാൻ ഏറെയുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ ശുദ്ധജലവും ഭക്ഷണവും മരുന്നുകളും യഥേഷ്ടം ലഭ്യമാക്കണം. വ്യാപകമായുണ്ടായ കൃഷിനാശത്തിലെ നഷ്ടം കണക്കാക്കി തുടർനടപടികളിലേക്കു കടക്കുകയും വേണം. വീടുകൾ തകർന്നവരും ഒട്ടേറെയാണ്. ഇതുവരെയുണ്ടാക്കിയതെല്ലാം പ്രളയം കവർന്നെങ്കിലും അവരുടെ ജീവിതം ഇനിയും തളിരിട്ടേതീരൂ.

വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അടങ്ങുംമുൻപാണ് കഴിഞ്ഞ ദിവസങ്ങൾതൊട്ട് പേമാരി വീണ്ടും നാശംവിതച്ചുതുടങ്ങിയിരിക്കുകയാണ്‌ സഹായഹസ്‌തവുമായി  ജനങ്ങള് കര്മ്മരംഗത്തിറങ്ങണം



പ്രൊഫ്.ജോൺ കുരാക്കാർ

No comments: