Pages

Wednesday, April 4, 2018

കേരളവും സന്തോഷ് ട്രോഫിയും


കേരളവും 
സന്തോഷ് ട്രോഫിയും

കേരളത്തിലെ കായികപ്രേമികളുടെ ജീവശ്വാസമായിരുന്ന ഫുട്ബോൾ പഴയ പ്രഭാവത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കു സന്തോഷ് ട്രോഫി വിജയം വലിയ ഊർജമാകും.ഇന്ത്യയിൽ ക്രിക്കറ്റിന്റെ ജനപ്രീതിയിൽ ഫുട്ബോൾ ഉൾപ്പെടെ പല കായികഇനങ്ങൾക്കും ഗ്ലാമർ നഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന് അതിവേഗം മാറ്റം സംഭവിക്കുകയാണ് .ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി. 1941 ൽ ആരംഭിച്ച ഈ മത്സരത്തിലെ ആദ്യത്തെ വിജയികൾ ബംഗാൾ ആയിരുന്നു. ഇതു വരെ ബംഗാൾ 32 തവണ വിജയികളായിട്ടുണ്ട്. ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ സന്തോഷത്തിന്റെ കൊടുമുടിയിൽ കേരളം ഷൂട്ടൗട്ടിൽ ബംഗാളിനെബംഗാളിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.
 ഇത് സന്തോഷത്തിന്റെ ആറാം കിരീടമാണ് . നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണീ നേട്ടം.കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ടീം സ്പിരിറ്റിന്റെയും സുന്ദരവിജയം! രാഹുൽ വി. രാജ് നയിച്ച കേരള ടീമിനും പരിശീലകൻ സതീവൻ ബാലനും മാനേജർ പി.സി. ആസിഫിനും ഇവർക്കു പിന്തുണ നൽകിയ കേരള ഫുട്ബോൾ അസോസിയേഷനും നാടിൻറെ  അഭിനന്ദനങ്ങൾ.

ബംഗാൾ, മിസോറം, മണിപ്പുർ, മഹാരാഷ്ട്ര എന്നീ ഇന്ത്യൻ ഫുട്ബോൾ പവർഹൗസുകളെ തോൽപ്പിച്ചാണു കേരളം ഫൈനലിലെത്തിയത്.ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികളായിരുന്നു ഒരുകാലത്തു കേരളം. 1973ൽ കൊച്ചിയിലെ മഹാരാജാസ് കോളജ് മൈതാനത്താണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ചാംപ്യന്മാരാകുന്നത് ആവേശഭരിതമായിരുന്ന പഴയകാലത്തിന്റെ വീര്യമുൾക്കൊണ്ട് ഒരിക്കൽക്കൂടി കേരളത്തിന്റെ ഫുട്ബോൾ വിപ്ലവത്തിനു സമയമായെന്നു വിളിച്ചു പറയുന്നു, സന്തോഷ് ട്രോഫിയിലെ ഈ ഉജ്വല വിജയം. ഒരുപിടി യുവതാരങ്ങളെയാണ് ഈ വിജയത്തോടെ നമുക്കു ലഭിച്ചിരിക്കുന്നത്. പുതിയ കളിക്കാരെ കണ്ടെത്താനും അവർക്കു വളർന്നുവരാനുള്ള അവസരമൊരുക്കാനും ഫുട്ബോൾ സംഘാടകർ അർപ്പണബുദ്ധിയോടെ പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു .

കളിച്ചുവളരാൻ പ്രാദേശികമായുള്ള കായിക  ക്ലബ്ബുകളെ  സർക്കാർ പ്രോത്സാഹിപ്പിക്കണം .ശരിക്കും ടീം സ്പിരിറ്റിന്റെ കളിയാണു ഫുട്ബോൾ. കൃത്യതയും അച്ചടക്കവും ഐക്യവും ഏറെ ആവശ്യമുള്ള കളി. കളിക്കാരിൽ ഒരാളുടെ പിഴവ് ടീമിന്റെ വിജയസാധ്യതയെയാകെ ബാധിക്കാം. അതുപോലെതന്നെ, വ്യക്തിഗതമികവു വിജയത്തിനു കാരണമായെന്നുവരാം. കോയന്പത്തൂരിൽ കേരളത്തിനു രണ്ടാം സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥ പറയുന്ന “ക്യാപ്റ്റൻ” എന്ന സിനിമ തിയറ്ററുകളിൽ ഓടുന്ന വേളയിലാണു സന്തോഷ് ട്രോഫി കേരളത്തിലേക്കെത്തിയതെന്നതു  എടുത്തുപറയേണ്ടിരിക്കുന്നു .കായികതാരങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററികളും  സിനിമകളും മറ്റും  ജനങ്ങൾക്കു കായികവിനോദങ്ങളിൽ താത്പര്യമുണർത്താനും വളർത്താനും സഹായകമാകും. 

സ്കൂളുകളിലും കോളജുകളിലും കായികപഠനത്തിനു കൂടുതൽ പ്രാധാന്യം നൽകണം  കായികപഠനം ശാസ്ത്രീയമായും പ്രഫഷണലായും നടക്കണം. നവമാധ്യമങ്ങളിലും കായികപരിപാടികൾക്ക് വലിയ പ്രാധാന്യം നൽകണം .നമ്മുടെ യുവാക്കളെ  നശീകരണപ്രവർത്തനങ്ങളിൽ നിന്നും ലഹരിമരുന്നുകളിൽ നിന്നും ഒരു പരിധിവരെ അകറ്റിനിർത്താനും കഴിയും . 133 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യം ലോക കായികഭൂപടത്തിൽ ശ്രദ്ധേയമാകുന്ന കാലം ഏറെ അകലെയല്ലെന്നു പ്രതീക്ഷിക്കാം.


പ്രൊഫ്. ജോൺ കുരാക്കാർ


No comments: