Pages

Wednesday, April 4, 2018

കുതിച്ചുയരുന്ന ഇന്ധനവില ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു .


കുതിച്ചുയരുന്ന ഇന്ധനവില
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു .
ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ ഭാരത്തിലെ സാധാരണ ജനം പട്ടിണിയിലേക്കും ദുരിതത്തിലേക്കും  എടുത്തെറിയുകയാണ് .പെട്രോൾ-ഡീസൽ വില സർവകാല റിക്കാർഡിലെത്തുന്പോൾ അതിന്റെ പ്രത്യാഘാതങ്ങളെ തീർത്തും ലാഘവബുദ്ധിയോടെയാണു ഭരണാധികാരികൾ കാണുന്നത്. ഇന്ധനവിലയിലുണ്ടാകുന്ന വർധന രാജ്യത്തിന്റെ മൊത്തം സാന്പത്തിക സാഹചര്യങ്ങളെ ബാധിക്കും. അതു സാധാരണ ജനങ്ങളിലുണ്ടാക്കുന്ന ആഘാതം നിസാരമായി കാണാനാവില്ല.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന് അധികം താമസിയാതെ അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നുതുടങ്ങിയിരുന്നു.വീപ്പയ്ക്കു 40 ഡോളർ എന്ന നിരക്കിലേക്കുവരെ ക്രൂഡോയിൽ വില താഴ്ന്നിട്ടും അതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിൽ വന്നില്ല. എണ്ണക്കന്പനികളുടെ വരുമാനം കുത്തനേ കൂടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതിവരുമാനവും വർധിച്ചുകൊണ്ടിരുന്നു. 2013-14ൽ യുപിഎ സർക്കാരിന്റെകാലത്തു പെട്രോളിയം ഉത്പന്നങ്ങളിൽനിന്നു കേന്ദ്രത്തിന്റെ നികുതിവരുമാനം 88,600 കോടി രൂപയായിരുന്നുവെങ്കിൽ 2016-17 ആയപ്പോഴേക്കും കേന്ദ്രവരുമാനം 2,53,254 കോടി രൂപയായി.
എണ്ണക്കന്പനികളുടെ പ്രതിദിന ലാഭം ഏകദേശം ഇരുനൂറു കോടി രൂപയാണ്. ഇപ്പോഴത്തെ ഇന്ധനവില കൊള്ളയാണ്. ഇന്ത്യയിലെ ചരക്കുഗതാഗതം ഏറെ ആശ്രയിക്കുന്ന ഇന്ധനമാണു ഡീസൽ. ഡീസൽ വിലയിലുണ്ടാകുന്ന ഏതു മാറ്റവും രാജ്യത്തെ ഓരോ കുടുംബത്തെയും ബാധിക്കും. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെയാണ് ഡീസൽവില വർധന ഏറ്റവും കൂടുതലായി ബാധിക്കുക. 2008ൽ ലിറ്ററിനു 38 രൂപ വിലയുണ്ടായിരുന്ന ഡീസലിന് ഇപ്പോൾ 70 രൂപ കടന്നിരിക്കുന്നു. ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം തീർത്തും നേരിയതായി. സമീപഭാവിയിൽ ഡീസൽവില പെട്രോൾവിലയെ കവച്ചുവയ്ക്കുമെന്നു കരുതുന്നവരുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയ്ക്കു കാരണം കേന്ദ്രസര്ക്കാര് എക്സൈസ് നികുതിയില് വരുത്തിയ ക്രമാതീതമായ വര്ധന തന്നെയാണ് .
 ക്രൂഡോയിലിന്റെ വില രാജ്യാന്തര മാര്ക്കറ്റില് കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത്.ഇന്ധന വില കുതിച്ചുയരുന്നത് ജനങ്ങൾക്കു സമ്മാനിക്കുന്നതു ദുരിതമെങ്കിലും സംസ്ഥാന സർക്കാരിനു വൻ വരുമാനനേട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഡീസലിന് 24.5 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം ഇൗടാക്കുന്ന നികുതി. ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ് ആയും വാങ്ങുന്നു. ജിഎസ്ടിയും മദ്യത്തിൽ നിന്നുള്ള നികുതിയും കഴിഞ്ഞാൽ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടതൽ പണമെത്തുന്നത് ഇന്ധന നികുതിയായാണ്. സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാൻ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാനാവില്ലെ ?

പ്രൊഫ്. ജോൺ കുരാക്കാർ

No comments: