കേരള പോലീസിൻറെ
പ്രാകൃതപെരുമാറ്റംഅവസാനിപ്പിക്കാൻ കാലമായില്ലേ ?
കേരള പോലീസിൽ പെരുമാറ്റ വൈകല്യമുള്ള ,മനുഷ്യത്വമില്ലാത്ത, ക്രൂരത മാത്രം കൈമുതലായിട്ടുള്ള ഏതാനം പേർ വിരാജിക്കുന്നതിൻറെ തെളിവാണ് ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കസ്റ്റഡി മരണങ്ങൾ.ഒരു ഘട്ടത്തിലും പോലീസുകാർ മാന്യതവിട്ട് പെരുമാറരുതെന്നും ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല .ക്രിമിനൽ മാനസികാവസ്ഥയുള്ളവർ കേരള പോലീസിൽ കുറവല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ്
ഉണ്ടായിക്കൊണ്ടിരിക്കുന്നത്
.
വരാപ്പുഴയിൽ വാസുദേവൻ എന്ന ഒരു ഗൃഹനാഥന്റെ ആത്മഹത്യാസംഭവത്തോടനുബന്ധിച്ച്
കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന 26-കാരൻ മരിച്ചിരിക്കുന്നു. പോലീസ് പിടിച്ചുകൊണ്ടുപോയ ഈ യുവാവിനെ അടുത്ത
ദിവസം പോലീസ് തന്നെ ആശുപത്രിയിലെത്തിക്കുമ്പോൾ ജീവന്റെ തുടിപ്പുമാത്രമേ അവനിൽ ശേഷിച്ചിരുന്നുള്ളൂ. ക്രൂരമായ മർദനത്തിൽ ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നതായി മെഡിക്കൽ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമൊക്കെ വ്യക്തമാക്കുന്നുണ്ട്.സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് ശ്രീജിത്തിനെ ആശുപത്രിയിൽ ചെന്നുകണ്ടതിന് ഏതാനും മണിക്കൂറുകൾക്കകമാണ് ആ ചെറുപ്പക്കാരൻ മരിച്ചത്.
മർദനത്തിന്റെ രൂക്ഷത അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അവിടെവെച്ച് അദ്ദേഹം പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വാസുദേവന്റെ വീട്ടിൽ ഉച്ചയ്ക്കുണ്ടായ അടിപിടിയിൽ ശ്രീജിത്തുണ്ടായിരുന്നെന്നും
അതിനിടെയാണു ശ്രീജിത്തിനു മർദനമേറ്റതെന്നുമാണു പൊലീസ് വാദം. അങ്ങനെയെങ്കിൽ, പരുക്കേറ്റ പ്രതിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ എന്തുകൊണ്ട് വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയില്ല എന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല.ഈ ഡിജിറ്റൽ യുഗത്തിൽ കുറ്റം
തെളിയിക്കാൻ പ്രാകൃത മുറകൾ വേണോ ?ശാസ്ത്രീയമായി കുറ്റം തെളിയിക്കാൻ ബുദ്ധിപ്രയോഗിക്കേണ്ടതുണ്ട്.
ഇതിനുള്ള കഴിവില്ലായ്മയാൽ, ഇപ്പോഴും മൂന്നാംമുറ ശീലിക്കുന്ന പോലീസ് കേരളത്തിന് അപമാനം തന്നെ.
കുറ്റം
തെളിയിക്കാനുള്ള ആവേശത്തിൽ കൺമുന്നിലുള്ളത് മനുഷ്യജീവനാണെന്ന് മറന്നുപോവുന്ന ഈ ക്രൗര്യം നിയമപാലകർക്ക്
ഉണ്ടായാൽ ജനജീവിതത്തിന് എന്താണ് സുരക്ഷിതത്വം? പൗരന്മാരുടെ ജീവിതത്തോടും സ്വാതന്ത്ര്യത്തോടുമുള്ള ഭരണകൂടത്തിന്റെ
പ്രത്യക്ഷ അവഗണനയെന്നാണ് രാജ്യത്തെ ജയിലുകളിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ച് സുപ്രീംകോടതി നിരീക്ഷിച്ചത്. ലോക്കപ്പിലെ കസ്റ്റഡി മരണങ്ങളുടെ കാര്യത്തിലും ഇതുതന്നെ പറയേണ്ടിവരും. ഏത് കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോഴും മനുഷ്യാവകാശത്തെ മുൻനിർത്തി പാലിക്കേണ്ട സംഗതികൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ള നാടാണ് ഭാരതം . പോലീസിനെ ആധുനിക വത്കരിച്ചുവെന്നാണ് നമ്മുടെ ഭരണാധികാരികൾ എപ്പോഴുംപറയുന്നത് . മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി
വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് നമ്മുടെ പോലീസ് സേനയിലുള്ളത്. എന്നിട്ടും കേരള പോലീസ് ഇപ്പോഴും പ്രാകൃതമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ എന്ത് മാറ്റമാണ് ഇവിടെ ഉണ്ടായത് ? കുറ്റാന്വേഷണത്തിലും ജനസൗഹൃദപരമായ നടപടികളിലും പോലീസ് സേനയിൽ കഴിവും ആത്മാർഥതയുമുള്ള ഒരു കൂട്ടർ പേർ ജോലിചെയ്യുണ്ട് . പ്രാകൃതമായ കസ്റ്റഡി മരണങ്ങൾ ഇനിയും കേരളത്തിൽ ആവർത്തിക്കാൻ പാടില്ല.പോലീസ് സേനയുടെ നഷ്ടപ്പെടുന്ന മാന്യതയും വിശ്വാസ്യതയുംഎങ്ങനെ തിരിച്ചുകൊണ്ടുവരും ? കേരള പൊലീസ് നാടിൻറെ ശാപമായി
മാറാതിരിക്കട്ടെ .
പ്രൊഫ്.ജോൺ കുരാക്കാർ


No comments:
Post a Comment