Pages

Monday, April 23, 2018

ഇന്ന് ഏപ്രിൽ 23 വി.ഗീവര്‍ഗീസ് സഹദയുടെ രക്തസാക്ഷിത്വ ദിനം.


ഇന്ന് ഏപ്രിൽ 23
വി.ഗീവര്ഗീസ് സഹദയുടെ രക്തസാക്ഷിത്വ ദിനം.
എ.ഡി. 280ല്‍ പലസ്തീനിലെ ഡയോപോലീഡ് എന്ന സ്ഥലത്ത് ജനിച്ച ഗീവര്‍ഗീസ് സഹദ, റോമാ സാമ്രാജ്യത്തിന്റെ അധിപനായ ഡയോക്ലിഷ്യഡ് ചക്രവര്‍ത്തിയുടെ സേനാംഗമായിരുന്നു. യുദ്ധത്തില്‍ നിപുണനായ ഗീവര്‍ഗീസ് ക്രിസ്തുവചനങ്ങളിലും മാതൃകയിലും ആകൃഷ്ടനായാണ് ജീവിച്ചുപോന്നത്. പ്രാര്‍ത്ഥനയും വിശ്വാസവും വഴി ആര്‍ജിച്ചെടുത്ത ദൗത്യവഴിയില്‍ ദൈവോന്മുഖമായിരുന്നു ഗീവര്‍ഗീസിന്റെ സേവന ജീവിതം.

അങ്ങനെയിരിക്കെ ദൈവനിയോഗമെന്നോണം സേനാപതിയായ ഗീവര്‍ഗീസ് ലിബിയായിലെത്തുന്നു. ലിബിയായിലെ സെലിന ഗ്രാമത്തില്‍ ഘോരസത്വമായ സര്‍പ്പത്തിന്റെ തേര്‍വാഴ്ച മൂലം പൊറുതിമുട്ടിയ ജനങ്ങള്‍. കുടിവെള്ളത്തിനുള്ള ഉറവകളെല്ലാം തടഞ്ഞുനിര്‍ത്തിയ സര്‍പ്പം ദേശത്തെ പെണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കുകയാണ്. പറക്കാനും സംസാരിക്കാനും കഴിയുന്ന സര്‍പ്പത്തിന് ഇരയായി ദിവസം ഓരോ പെണ്‍കുട്ടികളെ വേണം. സെലിന ഗ്രാമത്തിലെ സര്‍വശക്തികളും സര്‍പ്പിത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. നാടുവഴിയായ ലോമിയോസ് രാജാവും തന്റെ പ്രജകളുടെ ദുഃഖം കണ്ട് ഒന്നും ചെയ്യാനാകാത്ത ദയനീയസ്ഥിതിയില്‍ കഴിഞ്ഞുകൂടുകയാണ്. അങ്ങനെ നാടുവാഴിയായ ലോമിയോസ് രാജാവിന്റെ ഏക മകള്‍ ശലോമിയെ സര്‍പ്പിത്തിനുനല്‍കേണ്ട ഊഴമായി. വേദനയോടെ തന്റെ അരുമസന്താനത്തെ സര്‍പ്പത്തിനുനല്‍കി നാടുവാഴി വേദനയോടെ മടങ്ങി. ലോമിയോസിന്റെ മനസ്സില്‍ കൊടിയ ദുഃഖവും നിരാശയുമായി തളര്‍ന്നിരുക്കുമ്പോഴാണ് തന്റെ മകള്‍ യാതൊരു കുഴപ്പവും സംഭവിക്കാതെ തിരിച്ചുവരുന്നത്. കൂടെ കുതിരപ്പുറത്തേറി സേനാപതിയായ ഗീവര്‍ഗീസ് സഹദായും. കയ്യിലെ കുന്തംകൊണ്ട് സര്‍പ്പത്തെ വക വരുത്തി. സേനാപതി തന്റെ ജീവന്‍ രക്ഷിച്ച കഥ മകള്‍ നാടുവാഴിയോട് വിവരിച്ചു. ഇതിനു പ്രത്യുപകാരമായി സ്വന്തം മകളെത്തന്നെ ഗീവര്‍ഗീസിന് നല്‍കാന്‍ നാടുവാഴി തയ്യാറായെങ്കിലും ഗീവര്‍ഗീസ് സ്‌നേഹപൂര്‍വം നിരസിച്ചു. ഒടുവില്‍ തന്റെ രാജ്യവും സ്വത്തും പകുത്തു നല്‍കാമെന്നു പറഞ്ഞിട്ടും ഒന്നും പ്രതിഫലമായി സ്വീകരിക്കാതെ ഗീവര്‍ഗീസ് യാത്രയാകുന്നു. തിന്മയുടെയും പൈശാചികതയുടെയും പ്രതീകമായ സാത്താന്റെ അവതാരരൂപമായ സര്‍പ്പത്തിന്റെ നാശത്തിന് താന്‍ വെറുമൊരു നിമിത്തമായി എത്തിയതാണെന്നും ദൈവാനുഗ്രഹവും കൃപയുമാണ് ഇതിനൊക്കെ കാരണമായതെന്നും ഈ നിയോഗത്തില്‍ പങ്കാളിയാകാന്‍ ഭാഗ്യം ലഭിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ച് വിശ്വാസത്തോടെ ജീവിക്കാനും തിന്മകളെ വര്‍ജിക്കാനും ആഹ്വാനം ചെയ്ത് ഗീവര്‍ഗീസ് മടങ്ങുന്നു.

നാലാം നൂറ്റാണ്ടിൽ ജീവിച്ച കൈസര്യയിലെ യൗസേബിയോസ് തന്റെ ചരിത്രകൃതിയിൽ നടത്തുന്ന പരാമർശം ശ്രദ്ധേയമാണ്. ഒരു സൈനികോദ്യോഗസ്ഥൻ ചക്രവർത്തിയുടെ പീഡനത്തിനെതിരായി സംസാരിക്കുകയും രക്തസാക്ഷി മരണം വരിക്കുകയും ചെയ്തു എന്നു പരാമർശിക്കുന്നു. പേരു വെളിപ്പെടുത്താത്ത ഇൗ സൈനികൻ ഗീവർഗീസായിരുന്നു എന്നാണ് പണ്ഡിത മതം.

സ്വന്തം സ്ഥാനമാനങ്ങളേക്കാൾ വലുതായി ക്രിസ്തീയ വിശ്വാസത്തെ പരിഗണിച്ച പരിശുദ്ധനാണ് ഗീവർഗീസ് എന്നു തെളിയുന്നു. ക്രിസ്തീയസാക്ഷ്യം വഹിക്കുന്നതിനുവേണ്ടി പദവികളും ലൗകികനേട്ടങ്ങളും അദ്ദേഹം പരിത്യജിച്ചു. കഷ്ടതയുടെയും സഹനത്തിന്റെയും പാത അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ധീരോദാത്തതയും, ക്രിസ്തീയ വിശ്വാസത്തോടുള്ള പ്രതിബദ്ധതയുമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ക്രുദ്ധനായ ചക്രവർത്തി ഗീവർഗീസിനെതിരെ തിരിഞ്ഞു; അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. പീഢനമുറകൾ ഒന്നൊന്നായി അഴിച്ചു വിട്ടു. പക്ഷേ, ഗീവർഗീസ് അചഞ്ചലനായി, പാറ പോലെ ഉറച്ചു നിന്നു.

അദ്ദേഹത്തിന്റെ രക്തസാക്ഷി മരണത്തെക്കുറിച്ച് വ്യത്യസ്തപാരമ്പര്യങ്ങൾ സഭയിലുണ്ട്. ഒരു ചക്രത്തിനുമേൽ മൂർച്ചയുള്ള അനേകം കത്തികൾ ഘടിപ്പിച്ച് ഗീവർഗീസിനെ അതിൽ ബന്ധിച്ചശേഷം, ചക്രം ശക്തിയായി കറക്കി. “എന്റെ ദൈവം വലിയവൻഎന്നു സാക്ഷിച്ചു കൊണ്ട് നിരപായം അദ്ദേഹം ചക്രത്തിൽ നിന്നും എഴുന്നേറ്റു വന്നു. പിന്നീട് അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞു. അവിടെനിന്നും, വങ്ങൽ പോലും ഏശാതെ പ്രസന്നവദനനായി പുറത്തുവന്നു. ഒടുവിൽ അദ്ദേഹത്തെ വാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ക്രിസ്തുവർഷം 303 ഏപ്രിൽ 23—ന് ആയിരുന്നു അതെന്നും ചരിത്രം സൂചിപ്പിക്കുന്നു. അന്ത്യനിമിഷത്തിൽ അദ്ദേഹം മുട്ടുകുത്തി ഉയരങ്ങളിലേക്കു മിഴികളുയർത്തി പ്രാർഥിച്ചു: “എന്റെ മധ്യസ്ഥതയിൽ ശരണപ്പെടുന്നവർക്ക് രക്ഷകനായ യേശുവേ, അങ്ങ് എക്കാലവും അവർക്ക് ആശ്വാസദായകനായിരിക്കേണമേ..“അദ്ദേഹം സൈനികനായി പ്രവർത്തിച്ചിരുന്ന കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന കഥയാണ് സർപ്പത്തെ നിഗ്രഹിച്ചത്.

ഇൗ ദൃശ്യകഥകൾ പല പുരാണപുരുഷന്മാരെക്കുറിച്ചും പറയാറുള്ളതാണ്. പ്രതീകാത്മകമായി ആ സംഭവത്തിനെ നമുക്കു വിലയിരുത്താം. തിന്മയുടെ പ്രതീകമാണ് ഉഗ്രസർപ്പം. വെളിപാടു പുസ്തകത്തിൽ അപ്രകാരമുള്ള ഉഗ്രസർപ്പത്തെപ്പറ്റി പരാമർശമുണ്ട്. തിന്മയെ പരാജയപ്പെടുത്താനുള്ള ധർമ്മമാണ് ഓരോ ക്രിസ്തീയ വിശ്വാസിക്കുമുള്ളത്. ഇൗ സത്യം വാചാലമാക്കുന്നതാണ് സർപ്പത്തെ കുറിച്ചുള്ള പാരമ്പര്യം. വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തമായി ആയുധത്താൽ നാം തിന്മയെ പരാജയപ്പെടുത്തണം. ഒരു പട്ടാള ഉദ്യോഗസ്ഥനാണ്ട് ക്രിസ്തീയജീവിതവും ക്രിസ്തീയ സാക്ഷ്യവും അസാധ്യമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അതു തിരുത്തിക്കുറിക്കുന്നതാണ് ഗീവർഗീസ് സഹദായുടെ ചരിത്രം. ഓരോ വിശ്വാസിയും അവന്റെ ഹൃദയത്തിൽ ഒരു രക്തസാക്ഷി ആയിരിക്കണം. വിശ്വാസത്തിനു വേണ്ടി സകലതും പരിത്യജിക്കാനുള്ള സന്നദ്ധതയാണ് ഒരാൾക്ക് വേണ്ടത്. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി പീഢകളും കഷ്ടതകളും സഹിക്കുന്നത് ഭാഗ്യമെന്നോർക്കണം. 
സഭയിൽ സഹദേൻമാരായും പരിശുദ്ധൻമാരായും പരിഗണിക്കപ്പെടുന്നവരും ആദരിക്കപ്പെടുന്നവരും വൈദികരോ സന്യാസി സമൂഹത്തിൽപെട്ടവരോ ആണ്. എന്നാൽ വൈദികശ്രേണിയിൽ എങ്ങും എത്തിച്ചേരാതെ ഒരു അരമായക്കാരൻ അതും ഒരു പട്ടാളമേധാവി, പരിശുദ്ധനായും സഹദാ ആയും അംഗീകരിക്കപ്പെടുന്നത് അപൂർവമാണ്. ജീവിതത്തിന്റെ ഏതു തുറയിൽ പ്രവർത്തിച്ചാലും ക്രിസ്തീയ മൂല്യങ്ങളെ മുറുകെപ്പിടിക്കാനും, ക്രിസ്തീയ സാക്ഷ്യം ധീരതയോടെ വഹിക്കാനും കഴിയുമെന്ന് വി. ഗിവർഗീസ് തെളിയിച്ചു. ചക്രവർത്തിയുടെ മുമ്പിലെത്തി, തന്റെ ക്രിസ്തീയ വിശ്വാസവും, അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ സന്നദ്ധനുമാണെന്ന് തെളിയിക്കുകയും ചെയ്തു. വിശുദ്ധ സഹദായുടെ ജീവിതം രണ്ടു കാര്യങ്ങളാണ് നമ്മോട് ആവശ്യപ്പെടുന്നത്. ഒന്ന്, തിന്മയോടുള്ള പോരാട്ടത്തിൽ മുന്നേറി വിജയം വരിക്കണം. രണ്ട്, വിശ്വാസം മുറുകെ പിടിക്കാനും ആരുടെ മുമ്പിലും അതിനു സാക്ഷ്യം നൽകാനും കഴിയണം. ഇൗ പോരാട്ടത്തിൽ ദൈവകൃപയും ശക്തിയും നമുക്ക് ലഭ്യമാണ്

Prof. John Kurakar

No comments: