Pages

Friday, February 9, 2018

ഗാന്ധിജി-ലോകത്തിൻറെ വെളിച്ചം



ഗാന്ധിജി-ലോകത്തിൻറെ വെളിച്ചം

ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിഞ്ഞ ഒരു മഹാത്മാവാണ് മഹാത്മാ ഗാന്ധി .ത്യാഗത്തെ നേട്ടമായും താഴ്മയെ ഉയർച്ചയായും കാണാൻ സ്വന്തം ജീവിതംകൊണ്ട് ലോകത്തെ പഠിപ്പിച്ച ആ ഗുരുനാഥൻ, മരണത്തെ തോൽപ്പിച്ചുകൊണ്ട് ഇന്നും ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് ആവേശമായി ജീവിക്കുന്നു. ആത്മീയമായ കരുത്തും ദൃഢതയാർന്ന ആശയങ്ങളുമായി മനുഷ്യനെ നവീകരിച്ചുകൊണ്ടിരിക്കേത്തന്നെ ഒരു ജനതയുടെ മേൽ വീണുകിടന്നിരുന്ന അസ്വാതന്ത്ര്യത്തിന്റെ കറുത്ത കമ്പളം എടുത്തുമാറ്റിയ മഹാത്മാവായിരുന്നു അദ്ദേഹം. പോരാട്ടമെന്നാൽ ആയുധമേന്തിയുള്ള ആക്രമണവും ശത്രുവിനെ കൊന്നുകൊണ്ടുള്ള തീർപ്പുമാണെന്ന, ലോകം മുഴുവൻ അംഗീകരിച്ച സിദ്ധാന്തത്തെയാണ് ഗാന്ധിജി അഹിംസയിൽ അധിഷ്ഠിതമായ സത്യാഗ്രഹം എന്ന ആദർശംകൊണ്ട് തകർത്തുകളഞ്ഞത്. എന്താണോ സമരം എന്നതിന്റെ വിപരീതാശയമായിരുന്നു അഹിംസ. ഒരു സ്വഭാവം എന്നതിനപ്പുറം അതിന് ഒരു ദരിദ്ര രാജ്യത്തെ, മഹാസാമ്രാജ്യത്തിൽനിന്ന് മോചിപ്പിക്കാൻതക്ക ശേഷിയുള്ള ആയുധമായി മാറുമെന്ന് അധികമാരും വിശ്വസിച്ചിരിക്കാൻ സാധ്യതയില്ല.
എന്നാൽ, ചരിത്രം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിഞ്ഞ ഏറ്റവും കരുത്തുറ്റ ആശയമായി പിൽക്കാലത്ത് അത് മാറി.  ഭാരതത്തിന്റെ ഈടുറ്റ ആത്മീയജ്ഞാനം ഗാന്ധിജിക്ക് എന്നും വഴികാട്ടിയായിരുന്നു. ആ ജ്ഞാനം കർമപഥത്തിൽ എങ്ങനെ വിനിയോഗിക്കാമെന്നും കർമത്തെ എങ്ങനെ നേർവഴി നടത്താമെന്നും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അഷ്ടാംഗയോഗത്തിലെ പ്രധാന അംഗമായ യമങ്ങളിലൊന്നാണ് അഹിംസ. മറ്റൊന്ന് സത്യവും. രണ്ടും മുറുകെപ്പിടിച്ചു, ഗാന്ധിജി. ഏതുതീരുമാനവും ഉറച്ചതാണെങ്കിൽ എടുക്കുന്നയാൾക്ക് അത് സവിശേഷമായ കരുത്തുനൽകും. നല്ല തീരുമാനമാണെങ്കിൽ സ്വാഭാവികമായും കരുത്തേറും. ഒരിക്കലും ഹിംസിക്കില്ലെന്നും അസത്യം പറയില്ലെന്നുമുള്ള ഉറച്ച തീരുമാനം  ഗാന്ധിജിക്ക് ആത്മബലമാവുകയും ഒരു വലിയ ജനതയെ ഒപ്പം കൂട്ടാനുള്ള ആശയമാവുകയും ചെയ്തു.
അഹിംസയെന്നാൽ ഒരു ജീവിയെ ഹിംസിക്കാതിരിക്കൽ എന്നാണ് അർഥം. എന്നാൽ, ഗാന്ധിജിക്ക് അതു മാത്രമല്ല. തന്നോട് തെറ്റുചെയ്തവരോട് പൊറുക്കാനുള്ള സന്നദ്ധതയും കൂടിയാണ് ഗാന്ധിജിക്ക് അഹിംസ. ഹിംസ ചെയ്യാൻ കഴിവില്ലാതെ വരുന്നതല്ല, ഹിംസ ചെയ്യാൻ താത്പര്യമില്ലാതെ വരുന്നതാണ് അഹിംസയെന്ന് അദ്ദേഹം പഠിപ്പിച്ചു.    കരാറെഴുതിവെച്ച് ആരംഭിക്കുന്ന ഏതു യുദ്ധത്തിന്റെയും ഒടുവിൽ എല്ലാ കരാറും ലംഘിക്കപ്പെട്ടിരിക്കുമെന്ന് നാം കണ്ടത് ധർമയുദ്ധത്തെക്കുറിച്ച് പറഞ്ഞ മഹാഭാരതത്തിലാണ്. സമരമാണെങ്കിൽ, വിജയമാണ് ലക്ഷ്യമിടുന്നതെങ്കിൽ നിയമങ്ങൾ ലംഘിക്കപ്പെടും എന്ന് കാട്ടിത്തരുകയായിരുന്നു മഹാഭാരതം. എന്നാൽ, ഗാന്ധിജിയുടെ സമരം താൻ മൂൻകൂട്ടി തീരുമാനിച്ചതുപ്രകാരം തന്നെയായിരുന്നു. ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നെങ്കിലും സമരമാർഗത്തിൽനിന്ന് തന്റെ ആശയത്തെയും അതു പിന്തുടരാനെടുത്ത തീരുമാനത്തെയും ഒരിക്കലും മാറ്റിനിർത്തിയില്ല, അദ്ദേഹം. ശക്തമായ ദൈവബോധവും മനുഷ്യനിലും അവന്റെ നന്മയിലുമുള്ള വിശ്വാസവും അദ്ദേഹത്തിന്റെ വഴികളിൽ കരുത്തായി മാറി.
ഗാന്ധിയൻ ദർശനം ലോകമെമ്പാടും ബഹുമാനിക്കപ്പെടുമ്പോൾ, സർവകലാശാലകളിൽ പഠനവിഷയമാകുമ്പോൾ ഇവിടെ, നമ്മുടെ ഭാരതത്തിൽ ആ ദർശനങ്ങളോടുള്ള സമീപനത്തിലുണ്ടാകുന്ന ദോഷകരമായ മാറ്റം ആപത്കരമാണെന്നേ പറയാനാവൂ. ക്ഷമയും സഹനശക്തിയും അഹിംസയിലൂന്നിയ സത്യാഗ്രഹസമരവുംകൊണ്ട് ഒരു മഹാസാമ്രാജ്യത്തെ മുട്ടുകുത്തിച്ച ചരിത്രം പുതിയതലമുറയിൽ എത്രപേർക്ക് ആവേശമാകുന്നുണ്ട്? എത്രപേരെ അത് രാഷ്ട്രം പഠിപ്പിക്കുന്നുണ്ട്? ചെറുപ്പത്തിന്റെ മുഖത്ത് ഇന്ന് കൂടുതലും കാണുന്നത് അക്ഷമയാണ്. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ആയുധമെടുക്കുന്നവർ ഏറെയാണ്. അതും സ്വന്തം സഹോദരങ്ങൾക്കുനേരേ. രാഷ്ട്രത്തിനുവേണ്ടി എങ്ങനെ ജീവിക്കണമെന്ന് ഗാന്ധിജി വ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ട്. വ്യക്തിപരമായ ഉന്നതിക്കപ്പുറം സമൂഹത്തിന്റെ ഉന്നതിയാണ് ലക്ഷ്യമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അത് മനസ്സിലാക്കി പ്രവർത്തിക്കുന്നവർ വളരെക്കുറവാണ്.
പ്രാവർത്തികമാക്കാൻ സാധിച്ചെങ്കിൽ രാജ്യത്തിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കാൻ കഴിവുണ്ടായിരുന്ന ഗാന്ധിയൻ ദർശനം പ്രസംഗങ്ങളിൽമാത്രം ഒതുങ്ങിപ്പോകുന്ന ദുഃസ്ഥിതിയുണ്ട്, ഇന്ന്. സ്വാതന്ത്ര്യമെന്നത് എന്തും ചെയ്യാനുള്ള അനുവാദമാണെന്നും  രാഷ്ട്രീയപ്രവർത്തനമെന്നത് എതിരാളികളെ നിശ്ശബ്ദരാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനുള്ളതാണെന്നും ഇന്നത്തെ തലമുറ കരുതുന്നുണ്ടെങ്കിൽ എവിടെയാണ് ഗാന്ധിയൻ ദർശനത്തിന്റെ പ്രസക്തി. പ്രശ്നം ഗാന്ധിജിയുടെ ദർശനങ്ങളുടേതോ ഇന്നത്തെ തലമുറയുടേതോ അല്ല. മറിച്ച് എന്താണ് ഗാന്ധിജിയെന്നും എന്താണ് അദ്ദേഹത്തിന്റെ ദർശനങ്ങളെന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടമെന്നും പുതിയ തലമുറകളോട് പറഞ്ഞുകൊടുക്കാത്തവരുടേതാണ്. നമ്മുടെ പാഠ്യപദ്ധതിയിൽ വേണ്ടത്ര പ്രാധാന്യത്തോടെ അവ ഉൾപ്പെടുത്തണമായിരുന്നു. പഠിപ്പിക്കണമായിരുന്നു. അതിന് ആദ്യം വേണ്ടിയിരുന്നത് അധികാരികൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഊന്നി ജീവിക്കുകയും ഭരിക്കുകയും ചെയ്യുകയായിരുന്നു. ദൗർഭാഗ്യവശാൽ അതുണ്ടായില്ല.
ഗാന്ധിയൻ ദർശനത്തിനുമേൽ അധികാരവും അഴിമതിയും അക്രമവും ആധിപത്യം സ്ഥാപിക്കുമ്പോൾ നിസ്സഹായരായിപ്പോകുന്നത് സാധാരണ ജനങ്ങളാണ്. പക്ഷേ ഒന്നോർക്കണം, ഒരു സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഗാന്ധിജിയും അദ്ദേഹത്തിന്റെ ആയുധവുമുണ്ട് അവർക്കുള്ളിൽ. തീരെ സഹിക്കാനാവാതെ വരുമ്പോൾ അവരത് പ്രയോഗിക്കും. അതുതാങ്ങാൻ ഒരു ശക്തിക്കുമാവില്ല. ഓരോ ഗാന്ധിജയന്തിയും രക്തസാക്ഷിദിനവും നമ്മെ ഓർമിപ്പിക്കുന്നതും അതാണ്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: