Pages

Sunday, February 25, 2018

ശ്രീദേവി പോയി; വീട്ടിൽ വിളക്കണഞ്ഞു



ശ്രീദേവി പോയി; വീട്ടിൽ വിളക്കണഞ്ഞു
മുംബൈ അന്ധേരിയിലുള്ള ഗ്രീൻ ഏക്കർ അപ്പാർട്മെന്റിന് മുന്നിൽ രാത്രി മുതൽ തന്നെ വലിയ ആൾക്കൂട്ടം തിങ്ങി നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ആളുകളെ നിയന്ത്രിക്കാൻ സെക്യൂരിറ്റികൾ പാടുപെടുന്നു. ഇവിടെയാണ് ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി താമസിച്ചിരുന്നത്. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം അവരെയും കവർന്നെടുത്തിരിക്കുന്നു എന്ന് പുറത്തു തടിച്ചുകൂടിയിരിക്കുന്ന ആരാധകരിൽ പലർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും വീടിനെയും കുടുംബത്തെയും ചേർത്തുനിർത്തുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ശ്രീദേവി.
ശ്രീദേവി കുടുംബത്തിനൊപ്പംതമിഴ്‌നാട്ടിലെ ശിവകാശിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. അച്ഛൻ  അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ സാദാ വീട്ടമ്മയും. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി പിന്നീട് രജനികാന്തിന്റെയും കമലഹാസന്റെയും നായികയായി ചെറുപ്രായത്തിൽത്തന്നെ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവർ ബോളിവുഡിലെയും സ്വപ്നറാണിയായി. രണ്ടു തലമുറ നായകന്മാരുടെ നായികയായി. കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് വിവാഹത്തെ തുടർന്ന് അവർ സിനിമ ഉപേക്ഷിച്ചു വീടിന്റെ നാലു ചുവരുകളുടെ സംരക്ഷണത്തിലേക്ക് ഒതുങ്ങിയത്.

വർഷങ്ങൾക്കുശേഷം തിരിച്ചുവന്നപ്പോഴും വീട് അവരുടെ പ്രധാന പരിഗണനയായിരുന്നു. 2012 ൽ ഇറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലെ വീട്ടമ്മ വേഷം കുടുംബപ്രേക്ഷകർക്കും അവരെ പ്രിയങ്കരിയാക്കി.
പേരുപോലെതന്നെ നഗരമധ്യത്തിൽ നിറയെ മരങ്ങളും പച്ചപ്പും തണൽ വിരിക്കുന്ന അപ്പാർട്മെന്റാണ് ഗ്രീൻ ഏക്കർ. ഫാഷനിലെന്ന പോലെ ഇന്റീരിയർ ഡിസൈനിങ്ങിലും ശ്രീദേവി തത്പരയായിരുന്നു. ബോളിവുഡിലെ സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറും സാക്ഷാൽ ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനാണ് അന്ധേരിയിലെ ശ്രീദേവിയുടെ വീടിന്റെ ഇന്റീരിയർ അണിയിച്ചൊരുക്കിയത്. ഫ്ലാറ്റിന്റെ അകത്തളങ്ങളിലും ആ പ്രൗഢി കാണാം. ധാരാളം പെയിന്റിങ്ങുകളും ശ്രീദേവിയുടെ സിനിമാജീവിതത്തിലെ നാഴികക്കല്ലുകളും വീടിന്റെ ചുവരുകൾ അലങ്കരിക്കുന്നു. ബാൽക്കണിയിൽ ഒരു ടെറസ് ഗാർഡനും അവർ വളർത്തിയിരുന്നു.അനന്തരവനായ മോഹിത് മർവയുടെ വിവാഹം കൂടാനാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു തലമുറകളെ ത്രസിപ്പിച്ച സ്വപ്നറാണിയുടെ ആകസ്മിക നിര്യാണം. അന്ധേരിയിലെ ഈ വീടിന്റെ വിളക്കാണ് അകാലത്തിൽ അണഞ്ഞു പോയത്. അമ്മയില്ലാത്ത വീട്ടിൽ ഇനി ബോണി കപൂറും മക്കളായ ജാൻവിയും ഖുഷിയും മാത്രം.
Prof. John Kurakar

No comments: