Pages

Saturday, February 10, 2018

ഇന്ധനവില എല്ലാ ഉൽപന്നങ്ങളുടെയും വിലക്കയറ്റത്തിന് കാരണമാകും

ഇന്ധനവില എല്ലാ ഉൽപന്നങ്ങളുടെയും വിലക്കയറ്റത്തിന് കാരണമാകും

പെട്രോളിയം ഉൽപന്നങ്ങളുടെ കുത്തനെയുള്ള വിലവർധന സാധാരണക്കാരനുമേൽ പതിച്ച ഇടിത്തീ തന്നെയാണ്. ഉയരുന്ന വിലക്കയറ്റംകൊണ്ടു വിള്ളലേറ്റ കുടുംബ ബജറ്റുകളിൽ കൂടുതൽ നിരാശ പകരുകയാണ് ഈ ക്രമാതീത വിലവർധന. ഈ സാഹചര്യത്തിൽ, വില നിയന്ത്രിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാണ്. രാജ്യാന്തര വിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ, ഇന്ധനത്തിന്റെ പേരിൽ സർക്കാർ ജനങ്ങളിൽ അമിതനികുതിഭാരം അടിച്ചേൽപിക്കുന്നതിൽ പ്രതിഷേധാഗ്നി  ഉയരുകയാണ് .
രാജ്യത്തിന്റെ ഇന്ധനാവശ്യത്തിൽ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡോയിൽ വില സാമ്പത്തികമേഖലയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എണ്ണ ഇറക്കുമതിക്കായി കൂടുതൽ പണം കണ്ടെത്തേണ്ടി വരുന്നു. രൂപയുടെ മൂല്യം കുറയുന്നതും മറ്റൊരു വിനയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന ദൈനംദിനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുമെന്ന യാഥാർഥ്യം സർക്കാരിന്റെ മുന്നിലുണ്ടായേതീരൂ.
പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കേന്ദ്രം എക്സൈസ് നികുതി ഈടാക്കുമ്പോൾ സംസ്ഥാനങ്ങൾ വാങ്ങുന്നതു മൂല്യവർധിത നികുതിയാണ് (വാറ്റ്). പെട്രോൾ, ഡീസൽ നികുതികൾ ഉയർത്തിയതിലൂടെ നാലു വർഷത്തിനകം കേന്ദ്രത്തിനു ലഭിച്ചത് 211% അധിക നികുതി വരുമാനമാണ്; കേരളത്തിനു വാറ്റ് ഇനത്തിൽ 53% അധിക വരുമാനവും. പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബന്ധപ്പെട്ട നികുതികൾ കുറയ്ക്കുകയാണു മാർഗം. , എല്ലാ ഉൽപന്നങ്ങളുടെയും വിലക്കയറ്റത്തിനും സാധാരണക്കാരന്റെ ജീവിതച്ചെലവ് ഉയരുന്നതിനും ഇന്ധന വിലവർധന ഇടയാക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനസൗഹൃദനടപടി സ്വീകരിക്കുക തന്നെ വേണം.എണ്ണ ഉൽപാദകരാജ്യങ്ങളുടെ സംഘടനയായ ‘ഒപ്പെക്കി’നു പുറത്തുള്ള രാജ്യങ്ങളുമായി ദീർഘകാല കരാറിൽ ഏർപ്പെടുന്നതിനെക്കുറിച്ചും അവിടങ്ങളിൽ എണ്ണപ്പാടങ്ങൾ പാട്ടത്തിനെടുത്ത് ഉൽപാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. രാജ്യത്ത് എണ്ണ, പ്രകൃതിവാതക ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ഉൗർജിതപ്പെടുത്തണം. ആപത്ഘട്ടങ്ങളിൽ ആശ്രയിക്കാനായി ഇന്ത്യ ക്രൂഡോയിലിന്റെ കരുതൽശേഖരം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: