Pages

Wednesday, November 1, 2017

മലങ്കര സഭാമാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ പരുമലയിലേക്കുഒഴുകികൊണ്ടിരിക്കുന്നു

മലങ്കര സഭാമാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ പരുമലയിലേക്കു
ഒഴുകികൊണ്ടിരിക്കുന്നു


മലങ്കര സഭ മാത്രമല്ല  മലയാളക്കര പരുമലയിലേക്കു ഒഴുകികൊണ്ടിരിക്കുന്നു . ജാതിമതഭേദമന്യേ പതിനായിരങ്ങൾ  കിലോമീറ്ററുകൾ കാൽനടയായി എത്തി പരിശുദ്ധ പിതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്നു. ' പരിശുദ്ധ പരുമല തിരുമേനി , ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ' എന്നു പ്രാർത്ഥിച്ചു കൊണ്ടു പതിനായിരങ്ങൾ നടന്നടുക്കുന്നു , അല്ല ഒഴുകുന്നു പരുമലയിലേക്ക്. ഒരിക്കൽ പനയനാർക്കാവ് ക്ഷേത്രവും, ഒരു കാവും പിന്നെ ഒരു യക്ഷിയും മാത്രം ഉണ്ടായിരുന്ന ഇടം ഇപ്പോൾ നാനാജാതി മതസ്ഥരുടെ ഒരു പ്രാർത്ഥനാകേന്ദ്രം ആണ്.പരുമല .ഇന്ന് അനേകരുടെ അപേക്ഷകളാലും കണ്ണിരുകളാലും നിറഞ്ഞു പ്രാർത്ഥനയുടെ ഒരു ദ്വീപ് ആയി മാറിയിരിക്കുന്നു. പരുമലയുടെ നാലു ചുറ്റുമായി ഒഴുക്കുന്ന പമ്പാ നദിയുടെ കൈവഴി പറയും ഓരോ തീർത്ഥാടകനോടും അവിടുത്തെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച്.

ആയിരങ്ങൾ രാത്രിയുടെ അന്തൃയാമങ്ങളിലും നടക്കുന്നു പരുമലയിലേക്ക്. എല്ലാ വീടുകളും ഉണർന്നിരിക്കുന്നു തീർത്ഥാടകർക്കായി , തീർത്ഥാടനത്തിനായി. ആയിരങ്ങൾ തണുത്ത രാത്രിയിലും വിളക്കുകൾ കത്തിച്ചു പിടിച്ചു കബറിങ്കലേക്കു നേർച്ചകളുമായി, രാത്രിയിലും കാത്തിരിക്കുന്ന ഭക്തർ.പാതിരാത്രിയിൽ കുളിച്ചു ശുദ്ധിയായി തിരുസന്നിധിയിലേക്കു നടക്കുന്ന വൃദ്ധർ, അമ്മമാരുടെ കയ്യിൽ പിടിച്ചു നടക്കുന്ന കുട്ടികൾ, നേർന്നുണ്ടായ കുഞ്ഞുങ്ങളെ മാറോടണച്ച് നീങ്ങുന്ന മാതാപിതാക്കൾ അങ്ങനെ ആബാലവൃദ്ധം ആളുകളും പരുമലയിലേക്ക് ഒഴുകുകയാണ്.
ഒരിക്കൽ കടക്കുവാൻ എല്ലാവർക്കും ഭയമായിരുന്ന ഭൂമിക ഇന്ന് എല്ലാവരുടെയും ഒരു ആശ്രയം ആണ്. ആശരണരുടെയും ആലംബഹീനരുടെയും രോഗികളുടെയും ഒരു ആശാകേന്ദ്രം. ഏതു ദുഃഖത്തിലും സന്തോഷത്തിലും ഓടി എത്തുന്ന ഭൂമി. ജീവിതത്തെ പ്രാർത്ഥന ആക്കിയ ഒരു പരിശുദ്ധന്റെ ഭൂമി.ഇന്ന് ആ ദ്വീപ് മലങ്കരയുടെ യെരുശലേം ആണ് , ചുറ്റി ഒഴുകുന്നത് മലങ്കരയുടെ യോർദാനും .

പരിശുദ്ധ പരുമല തിരുമേനിയുടെ  കബരിങ്കലേക്ക് ആയിരകണക്കിന് വിദേശ മലയാളികൾ പദയാത്രികാരായി കടന്നു വരികയാണ് .ഭക്തിയോടും ഹൃദയ വിശുധിയോടും പദയാത്രയിൽ പങ്കെടുത്തു അങ്ങയുടെ കബരിങ്കലേക്ക് വന്നുചേരുന്നവർക്ക്  ശക്തി നൽകേണമേ പരുമല തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്ന നാമ മന്ത്രവുമായി ... കോരിച്ചൊരിയുന്ന മഴയത്തു പരുമലയേ ലക്ഷ്യമാക്കി നിങ്ങുന്ന പദയാത്രികരേകൊണ്ടു ചെങ്ങന്നൂർ പരുമലവരെ നിറഞ്ഞിരിക്കുകയാണ് ..
ഭാരതത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ആദ്യം പരിശുദ്ധസ്ഥാനം നേടിയ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം തിരുവല്ലയിൽ നിന്ന് 7 കിലോമീറ്ററും ചെങ്ങന്നൂരിൽ നിന്ന് 10 കിലോമീറ്ററും അകലെയാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഈ പള്ളി പല തവണ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ കാതോലിക്കാ സ്ഥാനാരോഹണം നടന്നിട്ടുള്ളതും പരുമല പള്ളിയിൽ വെച്ചാണ്.
മലങ്കര സഭയിലെ വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് കോട്ടയത്തിന് തെക്കായി ഒരു സെമിനാരി കൂടി വേണമെന്ന് അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് ആഗ്രഹിക്കുകയും അതിൻ പ്രകാരം അദ്ദേഹം കണ്ടെത്തുകയും ചെയ്ത സ്ഥലമാണ് പരുമല. പമ്പാനദി എരമല്ലിക്കര വെച്ച് രണ്ടായി പിരിഞ്ഞ് പന്നായി പാലത്തിന് കിഴക്കു വശത്തായി വീണ്ടും കൂടി ചേരുന്ന പത്തു ചതുരശ്ര കിലോമീറ്റർ പരുമല ദ്വീപിന്റെ ഒരു ഭാഗം നിരണം ഇടവകക്കാരനായിരുന്ന അരികുപുറത്ത് കോരുത് മാത്തന്റെ വകയായിരുന്നു. അതിൽ നിന്നും 2 ഏക്കർ സ്ഥലം അദ്ദേഹം 1872-ൽ മാർ ദീവന്നാസിയോസിന് സെമിനാരി സ്ഥാപനത്തിന് വിട്ടു കൊടുത്തു.
ഇവിടെ നിർമ്മിച്ച ഒരു ചെറിയ കെട്ടിടത്തിൽ താമസിച്ച് കൊണ്ട് മാർ ദീവന്നാസ്യോസ് വൈദിക വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ തുടങ്ങി. വൈദിക വിദ്യാർത്ഥികൾ "അഴിപ്പുര" എന്ന ഒരു പഴയ കെട്ടിടത്തിലും താമസിച്ചു. ഇതിനടുത്തായി കോരുതു മാത്തൻ സ്ഥാപിച്ച ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. എന്നാൽ പരുമലയിലെ പനയന്നാർ കാവിന്റെ തെക്കുഭാഗത്തായി പനക്കൂട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശം അന്ന് ഭയപ്പെടുത്തുന്ന ഏകാന്തത നിറഞ്ഞതായിരുന്നു. ഭൂതപ്രേതാദികളുടെ കേളീരംഗമായി സാധാരണക്കാർ കരുതിയിരുന്ന ഈ പ്രദേശത്ത് ജനങ്ങളുടെ ഭയത്തെ മുതലെടുത്ത് സാമൂഹിക വിരുദ്ധർ കവർച്ചയും കൊള്ളിവെയ്പും നടത്തിയിരുന്നു. ഇതു പോലെയൊരു സ്ഥലത്ത് തന്നോടൊത്ത് പ്രവർത്തിക്കുവാൻ അനുയോജ്യനായി പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ് കണ്ടെത്തിയ വ്യക്തിയായിരുന്നു അന്നു വെട്ടിക്കൽ സെന്റ്.തോമസ് ദയറയിൽ താമസിക്കുകയായിരുന്ന ചാത്തുരുത്തിൽ ഗീവർഗീസ് കോറെപ്പിസ്ക്കോപ്പ. മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത ഗീവർഗീസ് കോറെപ്പിസ്ക്കോപ്പാക്ക് റമ്പാൻ സ്ഥാനം നൽകുകയും പരുമലയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയും ചെയ്തു.
പരുമലയിലെത്തിയ ഗീവർഗീസ് റമ്പാൻ വൈദികപരിശീലനമടക്കമുള്ള സഭാകാര്യങ്ങളിൽ മാർ ദീവന്നാസ്യോസിനെ സഹായിച്ചു വന്നു. പിന്നീട് ഇദ്ദേഹം ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി നിരണം ഭദ്രാസനത്തിന്റെ അധികാരം ഏറ്റെടുത്തപ്പോഴും ഭദ്രാസനചുമതലയോടൊപ്പം ശെമ്മാശന്മാരെ പരിശീലിപ്പിക്കുന്നതിനായി തന്റെ താമസം പരുമല സെമിനാരിയിൽ തന്നെ തുടർന്നു. ഇക്കാലയളവിൽ പള്ളിയും സ്ഥലവും കൂടി കോരുത് മാത്തന്റെ മുൻ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ മക്കൾ സഭക്കായി എഴുതി നൽകി. പരുമല തിരുമേനി എന്നറിയപ്പെടാൻ തുടങ്ങിയ മാർ ഗ്രീഗോറിയോസ് പള്ളിയുടെ വികസനത്തിൽ ബദ്ധശ്രദ്ധനായിരുന്നു. മുളയിലും പലകയിലും തീർത്ത പള്ളി പൊളിച്ച് മാറ്റി ദീർഘകാലത്തെ പ്രയത്നഫലമായി മൂന്ന് ത്രോണോസുകളോടു കൂടിയ സാമാന്യം വലിയ പള്ളി സ്ഥാപിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ യെരുശലേം തീർത്ഥാടനത്തിന് തൊട്ടു മുൻപായി പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിനൊപ്പം 1895 ജനുവരി 27 (1071 മകരം 15) -ന് ഈ ദേവാലയത്തിന്റെ കൂദാശ നടത്തിയതായി പരുമല തിരുമേനി തന്റെ ഊർശ്ലേം യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പരുമല തിരുമേനിയെ അദ്ദേഹത്തിന്റെ കാലശേഷം പരിശുദ്ധനായി സഭ പ്രഖ്യാപിക്കുകയും പരുമല പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാകുകയും ചെയ്തു. ധാരാളമായി വന്നെത്തുന്ന തീർത്ഥാടകരെ ഉൾക്കൊള്ളുന്നതിനും കാലപ്പഴക്കത്താലുണ്ടായ കേടുപാടുകൾ തീർക്കുന്നതിനുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രധാനഭാഗങ്ങൾ മാത്രം നിലനിർത്തിക്കൊണ്ട് പള്ളി വിപുലമായ രീതിയിൽ പുതുക്കി പണിയുകയുണ്ടായി. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തുശില്പിയായ ചാൾസ് കൊറയ ആയിരുന്നു. പരുമല പള്ളിയുടെ രൂപകല്പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും ഈജിപ്റ്റിലെ ചില കോപ്റ്റിക് ദേവാലയങ്ങളും ചാൾസ് കൊറയ സന്ദർശിച്ചിരുന്നു.കൊറയ അവതരിപ്പിച്ച മാതൃക 1993-ൽ അംഗീകരിക്കപ്പെട്ടു. 1995 മാർച്ച് 19-ന് ശിലാസ്ഥാപനം നടത്തിയ ഈ പള്ളിയുടെ പണി പൂർത്തീകരിച്ച് കൂദാശ നടത്തിയത് 2000 ഒക്ടോബർ 27,28 തീയതികളിലായിരുന്നു. പുതുമയുടെയും പാരമ്പര്യത്തിന്റെയും സമന്വയമായ ഈ ദേവാലയത്തിൽ ഒരേ സമയത്ത് രണ്ടായിരത്തിലധികം ആളുകൾക്ക് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യമുണ്ട്.
എല്ലാ വർഷവും നവംബർ 1,2 തീയതികളിലാണ് ഇവിടുത്തെ പെരുന്നാൾ. കൊടിയേറ്റ് നടക്കുന്ന ഒക്ടോബർ 26 മുതൽ നവംബർ 2 വരെ തീർത്ഥാടന വാരം ആയി ആചരിച്ച് കൊണ്ട് വിവിധ ആദ്ധ്യാത്മിക പരിപാടികൾ നടത്തപ്പെടുന്നുണ്ട്. അനേകം ഭക്തർ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല താലൂക്കുകളിൽ പെരുന്നാൾ ദിവസം പൊതു അവധിയായി സർക്കാർ പ്രഖ്യാപിക്കാറുണ്ട്. പ്രധാന പെരുനാള് ദിനമായ നവംബര് 2 എന്നത് ഞായറാഴ്ച ദിവസം വന്നാല് ആ വര്ഷത്തെ പെരുനാള് നവംബര് 2,3 തീയതികളിലായിരിക്കും നടക്കുന്നത്. ഞായറാഴ്ച പ്രധാന പെരുനാള് നടത്തിയാല് ആ ദിവസം എല്ലാ പള്ളികളിലും വിശുദ്ധ കുര്ബ്ബാന ഉള്ളതിനാല് തീര്ഥാടകര്ക്കും പുരോഹിതര്ക്കും പരുമല പെരുനാളില് സംബന്ധിക്കുവാന് കഴിയാതെ വരുമെന്നതിനാലാണ് ഇത്തരത്തിലുള്ള ക്രമീകരണം.
പരുമലയിൽ വാഴുന്ന പുണ്യവാനെ,പരകോടി മക്കൾക്ക് സുകൃതം തരാൻ പ്രാർത്ഥിക്കണേ.പ്രസാധിക്കണേ. എന്ന് അപേക്ഷിച്ചുകൊണ്ട് ജാതിമതഭേദമില്ലാതെ ,രാഷ്ട്രീയ ഭേദമില്ലാതെ പരുമലയിലേക്കു കാൽനടയായും വാഹനങ്ങളിലും പരുമലയിലേക്കു ഒഴുകുകയാണ് മഴയും വെയിലും ക്ഷീണവുമൊന്നും വകവെയ്ക്കാതെ  ശരണമന്ത്രം ഉരുവിട്ട് പരുമലലക്ഷ്യമാക്കി പോകുകയാണ് .തീർത്ഥാടകർക്ക് ആഹാരവും മറ്റും നൽകാൻ ജാതിക്കുംമതത്തിനുംമതീതമായി നാട്ടുകാർ മത്സരിക്കുകയാണ് . 115 വർഷമായി മാറ്റംകൂടാതെ ഇത് തുടരുകയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: