|
മാറി വരുന്ന കുടുംബസാഹചര്യങ്ങളും
വയോജനങ്ങളും
സ്വന്തം മക്കളെക്കുറിച്ചു പറയുമ്പോള്‍ എല്ലാ അച്ഛനമ്മമാര്‍ക്കും നൂറുനാവാണ്. എന്നിട്ടും നാട്ടില്‍ വൃദ്ധമന്ദിരങ്ങള്‍ വര്‍ധിക്കുകയാണ്. വീടുകളില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ശാപവാക്കുകളും പ്രതിഷേധങ്ങളും സഹിച്ച് പല വീടുകളിലും അതിവൃദ്ധര്‍ ദിനമെണ്ണിക്കഴിയുന്നു. ചിലര്‍ പൂട്ടിയ മുറിയില്‍ നിശ്ശബ്ദരായി നരകിക്കുന്നു. വീടു വൃത്തികേടാകാതിരിക്കാന്‍ അച്ഛനമ്മമാരെ തൊഴുത്തിലും പട്ടിക്കൂട്ടിലുംവരെ പാര്‍പ്പിച്ചു മര്യാദ പഠിപ്പിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട് .കേരളത്തിലെ വയോജനങ്ങളില്‍ നല്ലൊരുപങ്ക് വിധവകളാണ്.. ജോലി ചെയ്യിക്കാമെന്ന കണക്കുകൂട്ടലില്‍ അമ്മമാരെ കൊണ്ടുപോകാന്‍ പെണ്‍മക്കളും മരുമക്കളും മത്സരിക്കുമ്പോള്‍ അച്ഛനെ കൊണ്ടുപോകാൻ ആരും തയാറാകുന്നില്ല .
വയോവൃദ്ധരില്‍ 10 ശതമാനത്തിനാണ് സ്വയംപര്യാപ്തതയ്ക്ക് ഉപാധികളുള്ളതെന്ന് സർവെ വെളിപ്പെടുത്തുന്നു. ഇടത്തരം കുടുംബങ്ങളില്‍ സ്വത്തുതര്‍ക്കങ്ങളാണ് അച്ഛനമ്മമാരെ പെരുവഴിയിലാക്കുന്നത്. ആണ്‍മക്കള്‍ മാത്രമുള്ള വീടുകളില്‍ കൂടുതല്‍ കിട്ടിയവര്‍ നോക്കട്ടെയെന്നാണ് മനോഭാവം. വിവാഹാനന്തരം സ്വത്തുക്കള്‍ കൈയിലായാല്‍ അച്ഛനമ്മമാര്‍ ആങ്ങളമാരുടെ ബാധ്യതയാണെന്ന് പെണ്‍മക്കള്‍. വേണമെങ്കില്‍ പെണ്‍മക്കള്‍ക്കും നോക്കിക്കൂടേയെന്ന് മരുമക്കള്‍. ഒന്നുമില്ലാത്തവരുടെ അവസ്ഥയാണയേറെകഷ്‍ടം. ദരിദ്രര്‍ വരുമാനമില്ലാത്തതിനാലും മധ്യവര്‍ഗക്കാര്‍ പരിമിതമായ ചുറ്റുപാടുകളാലും സമ്പന്നര്‍ അധികവരുമാനത്താലും അവഗണന നേരിടുന്ന വൈരുധ്യമാണ് വയോധികര്‍ക്കിടയില്‍ കാണുന്നത്.കുടുംബാംഗങ്ങള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, തൊഴിലില്ലായ്മ എന്നിവ വയോധികരെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് .
പ്രായമായവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ചുമതലയാണ്. പ്രായത്തിന്റെ പരാധീനതകൾ അനുഭവിക്കുന്നവരെ സംരക്ഷിക്കാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. വയോജന സംരക്ഷണ മേഖലയിൽ മികച്ച സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അംഗീകാരം കേരളത്തിനു ലഭിച്ചത് അഭിമാനകരമായ കാര്യമാണ്. കേരളത്തിൽ ഭേദപ്പെട്ട കുടുംബസാഹചര്യങ്ങളും മൂല്യബോധവുമൊക്കെയുള്ളതുകൊണ്ടു ഇവിടെ വയോജനങ്ങൾക്ക് ഒരുവിധം മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുന്നുണ്ട് .ഒറ്റപ്പെട്ട സംഭവങ്ങൾ കേരളത്തിൻറെ യശസ്സ് ഇല്ലാതാക്കുന്നവയാണ് .വയോജനങ്ങളുടെ സംരക്ഷണം കുടുംബത്തിന്റെയും സമൂഹത്തിന്റെയുംകടമതന്നെയാണ്. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള “മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് സീനിയർ സിറ്റിസൺസ് ആക്ട്’’ നിലവിൽവന്നത് 2007-ലാണ്. അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ട നടപടികൾ സ്വീകരിക്കാൻ ഈ നിയമപ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്.
മൃഗങ്ങൾക്കു കിട്ടുന്ന പരിഗണനപോലും ലഭിക്കാതെ നിരവധി വൃദ്ധജനങ്ങൾ ഈ കേരളത്തിൽ ജീവിക്കുന്നുണ്ട് .മക്കൾ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാൽ ഒറ്റപ്പെട്ടു ജീവിക്കുന്ന പ്രായമേറിയ മാതാപിതാക്കൾ കേരളത്തിൽ ധാരാളമുണ്ട്. വികസിത രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അവരിൽ പലരും തിരിച്ചുവരാൻ മടിക്കുന്നു. പ്രായമായ മാതാപിതാക്കളെ അഗതിമന്ദിരങ്ങളിലാക്കി പിന്നീടു തിരിഞ്ഞുനോക്കാൻ അവർ കൂട്ടാക്കുന്നില്ല . വൃദ്ധജനങ്ങൾ മാത്രമായി താമസിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട് .ഇത്തരം വീടുകളിൽ പോലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു ..വാർധക്യത്തിന്റെ വൈഷമ്യങ്ങളിൽ കഴിയുന്നവർക്കു കുടുംബവും സമൂഹവും കൈത്താങ്ങാകണം.
പ്രൊഫ്. ജോൺ കുരാക്കാർ
|
Monday, October 9, 2017
മാറി വരുന്ന കുടുംബസാഹചര്യങ്ങളും വയോജനങ്ങളും
Subscribe to:
Post Comments (Atom)


No comments:
Post a Comment