മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് ആദരാഞ്ജലി.
അനായാസം എഴുതാൻ കഴിയുന്ന ഒരു
സാഹിത്യകാരനാണ് ഡോക്ടർ .പുനത്തിൽ കുഞ്ഞബ്ദുള്ള
.സ്വന്തം ജീവിതം അക്ഷരങ്ങളായി ഉരുക്കിയൊഴിക്കലായാണ്
പുനത്തിൽ കുഞ്ഞബ്ദുള്ള സാഹിത്യത്തെ നിർവചിച്ചത്. തന്റെ തലമുറയുടെയും നാടിൻറെയും ജീവിതവും
ആത്മാവും ഉരുക്കിയൊഴിച്ച രചനകളുടെ വലിയൊരു ശേഖരം
മലയാളസാഹിത്യത്തിനായി ബാക്കിവച്ചാണ് പുനത്തിൽ കഥാവശേഷനായിരിക്കുന്നത്.
‘ചിരികൾക്കിടയിൽ കനത്ത ദുഃഖങ്ങൾ ഒളിച്ചുവയ്ക്കുന്ന
കലാകാരനാണദ്ദേഹം . മറ്റാർക്കും എഴുതാനാവാത്ത കഥകളുടെ കന്യാവനങ്ങളും നല്ലോർമകളുടെ
എണ്ണമറ്റ സ്മാരകശിലകളും അവശേഷിപ്പിച്ച് പുനത്തിൽ കുഞ്ഞബ്ദുള്ള യാത്രയായിരിക്കുന്നു..
പച്ചയായ മനുഷ്യരും അവരുടെ
മറവുകളില്ലാത്ത മനസ്സും ജീവിതവുമായിരുന്നു എപ്പോഴും
ഈ എഴുത്തുകാരന്റെ ഭൂമിക.
അതുകൊണ്ടാണ് എഴുതിയയാൾ മണ്ണിലേക്കു മടങ്ങുമ്പോഴും
എഴുതിയതു മടങ്ങാതെ നമ്മോടൊപ്പം നിൽക്കുന്നത്.
ലാളിത്യത്തിന്റെ സൗന്ദര്യം എന്നും ആ
എഴുത്തിന്റെ കൊടിയടയാളമായി. കഥയായാലും നോവലായാലും ലേഖനമോ
പംക്തിയോ ആയാലും വായനക്കാരനെ മുന്നിൽകണ്ട്
എഴുതിയതുകൊണ്ട് അവയത്രയും മികച്ച അനുഭവങ്ങളുമായി.സ്മാരകശിലകൾ, മരുന്ന്, കന്യാവനങ്ങൾ, അലിഗഡിലെ
തടവുകാരൻ, മലമുകളിലെ അബ്ദുള്ള, ദുഃഖിതർക്കൊരു
പൂമരം തുടങ്ങി എത്രയോ രചനകൾ
പുനത്തിൽ മലയാളത്തിനു നൽകി.
നർമത്തിൽ, ചിരിയിൽ, സ്നേഹത്തിൽ
നിറഞ്ഞൊഴുകിയതാണു പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ലളിതമെങ്കിലും
അപാരമായ ജീവിതദർശനം. ഡോക്ടറെന്ന
നിലയിൽ കൈവന്ന അനുഭവങ്ങളൊക്കെയും എഴുത്തിനു
കരുത്തു കരുത്തു നൽകിയിട്ടുണ്ട് . വൈദ്യാനുഭവങ്ങളുടെ
പുസ്തകത്തിനു നൽകിയ പേര് പുനത്തിലിന്റെ
മതിവരാജീവിതത്തിന്റെ ഒറ്റവരിസംഗ്രഹമായി വായിച്ചെടുക്കാം: ‘മരുന്നിനുപോലും തികയാത്ത ജീവിതം’. ഹൃദയഹാരിയായ
ഉപന്യാസങ്ങളും ആത്മകഥാപരമായ ലേഖനങ്ങളും.നാഗരികതയുടെയും ഗ്രാമീണതയുടെയും
അനുഭവങ്ങളും ജീവിതഭാവങ്ങളും ഒരുപോലെ നിറഞ്ഞുനിൽക്കുന്നതാണ്
കുഞ്ഞബ്ദുള്ളയുടെ ചെറുകഥകളും നോവലുകളും
. .സ്വന്തം ദേശസംസ്കൃതിയുടെ മണ്ണിൽ വിടർന്ന് ആധുനികമായ
ലോകദർശനത്തിലേക്കു വിരിഞ്ഞ ആ സാഹിത്യഭാവനയുടെ
ഏറ്റവും മികച്ച മാതൃകയാണ് ‘സ്മാരകശിലകൾ’ എന്ന നോവൽ. ‘പുരാതനമായ
പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥ’ പറയാൻ
ശ്രമിച്ചുകൊണ്ട് ദുരന്തജീവിതങ്ങളുടെ ഒരു ശ്രേണി
അവതരിപ്പിച്ച ‘സ്മാരകശിലകൾ’ നോവലിലെ റിയലിസത്തിനും ആധുനികതയ്ക്കുമിടയിലെ
നേർത്ത വരമ്പിലൂടെയാണ് സഞ്ചരിച്ചത്.കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിലെ
ഒരു മലബാർ ഗ്രാമത്തിലെ
മുസ്ലിം ജീവിതത്തിന്റെ കഥയായി വായിക്കാൻ യാഥാതഥ്യ
പ്രേമികൾക്കും മരണത്താൽ അന്യവത്കരിക്കപ്പെടുന്ന മനുഷ്യജീവിതത്തിന്റെ
കഥയായി വായിക്കാൻ ആധുനികതാ പ്രേമികൾക്കും
‘സ്മാരകശിലകൾ’ ഒരുപോലെ അവസരം നൽകി.
കഥ പറയാൻ ജനിച്ച,
കഥപോലെ ജീവിച്ച, കഥകളെത്രയോ പറയാൻ
ബാക്കിവച്ചു മടങ്ങുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട
കഥാകാരന് ആദരാഞ്ജലി.
പ്രൊഫ്. ജോൺ കുരാക്കാർ
.

No comments:
Post a Comment