Pages

Thursday, October 5, 2017

കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ ആർക്കുകഴിയും ?

കെ.എസ്.ആർ.ടി.സി.യെ
രക്ഷിക്കാൻ ആർക്കുകഴിയും ?
ഏതു സ്ഥാപനവും പുരോഗതിയിലേക്കോ തകർച്ചയിലേക്കോ പോകുന്നതിനു ഒരു പരിധിവരെ ഉത്തരവാദികൾ അതാതുസ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് .കടബാധ്യതയും വരുമാനനഷ്ടവുംകൊണ്ടു ക്ലേശിക്കുകയും പെൻഷനും ശമ്പളവും നൽകാൻ നിരന്തരം സർക്കാർസഹായം തേടേണ്ടിവരുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി.യിൽനിന്നു പുറത്തു വരുന്ന വാർത്തകൾഅത്ര  ശുഭകരമല്ല. തകർച്ചയിൽ നിന്നുതകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ  പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ചില ജീവനക്കാർ സ്വകാര്യ ബസ് സർവീസ് ഉടമകളാണെന്ന വാർത്ത അതിശയം ഉളവാക്കുന്നു ..ജീവനക്കാരുടെ പൂർണ്ണമായ സഹകരണമില്ലാതെ രക്ഷപ്പെടില്ലെന്നുറപ്പായിക്കഴിഞ്ഞ കെ.എസ്.ആർ.ടി.സി.യിൽ ഇത്തരംകാര്യങ്ങൾ നടക്കുന്നത്ഒട്ടും  ആശാസ്യമല്ല... 3800 കോടി രൂപയുടെ ബാധ്യതയിലേക്ക് കെ.എസ്.ആർ.ടി.സി.യെ കൂപ്പുകുത്തിച്ചതിന് പിന്നിൽ സ്വകാര്യബസ് നടത്തിപ്പുകാരായ ജീവനക്കാരുണ്ടെന്ന് ശക്തമായ ആരോപണമുണ്ട്.
കെ.എസ്.ആർ.ടി.സി.യിൽനിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്ന സ്ഥിരജീവനക്കാരാണ് സ്വകാര്യബസ് നടത്തിപ്പുകാരായത്. സ്വന്തം ബസ് ഓടുന്ന സ്ഥലങ്ങളിൽ തന്നെ ഇവർക്ക് നിയമനവും നൽകി. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഏർപ്പാടുകളല്ല. തടയേണ്ടവർ കണ്ണടച്ചുവെന്നതും മാപ്പർഹിക്കാത്ത തെറ്റാണ്. ഈ പ്രവണത ആരംഭത്തിലേ തടയേണ്ടിയിരുന്നു. ശമ്പളവും പെൻഷനും മുടങ്ങി ഇന്ധനച്ചെലവിനുപോലും പണമില്ലാതെ വലയുന്ന അവസ്ഥയിലേക്ക് സ്ഥാപനം എത്തിയതിനു പിന്നിൽ മറ്റാരെയാണു കുറ്റപ്പെടുത്താനാവുക. മാറിമാറിവരുന്ന സർക്കാരുകൾ ഒാരോ ബജറ്റിലും കെ.എസ്.ആർ.ടി.സി.ക്ക് സാമ്പത്തികസഹായങ്ങൾ നൽകുന്നുണ്ട്.  അതിന് തുല്യമായ സേവനംപൊതുസമൂഹത്തിന് നൽകാൻ കെ.എസ്.ആർ.ടി.സി.ക്കും കഴിയണം. വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയാണ് ഈ സ്ഥാപനം നിലനിർത്താൻവേണ്ടി നൽകുന്നത്.  ഈ യാഥാർഥ്യം ഉൾക്കൊണ്ട് തെറ്റ് തിരുത്താൻ ജീവനക്കാരും മാനേജ്മെന്റും തയ്യാറാകണം.
യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പരാതികൾ പരിഹരിക്കാനും അവയുടെ എണ്ണം കുറയ്ക്കാനും മാനേജ്മെന്റിന് കഴിയുന്നില്ലെന്ന വസ്തുതയും വിസ്മരിക്കാനാകില്ല. നാൾക്കുനാൾ പരാതികൾ കൂടുകയാണ്. മോശം പെരുമാറ്റം,സ്റ്റോപ്പിൽ നിർത്താതിരിക്കുക, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പ്രാഥമികതലത്തിലെ പരാതികൾപോലും നാളുകളായി അതേപടി നിലനിൽക്കുന്നു. കണ്ടക്ടറും, ഡ്രൈവറുമാണ് ജനങ്ങളുമായി നേരിട്ടിടപെടുന്നത്. ഇവർക്ക് മതിയായ പരിശീലനം നൽകുന്നതിൽ വീഴ്ചയുണ്ട്. ജീവനക്കാരിൽ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസം നേടിയവരാണ്. മാന്യമായി പെരുമാറാൻ അറിയാവുന്നവർ. പക്ഷേ, പലരിൽ നിന്നും മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ല  പരിശീലനസംവിധാനം നവീകരിക്കേണ്ടതുണ്ട്. ജീവനക്കാർ കടുത്ത മാനസികസംഘർഷത്തിലാണെന്ന് തൊഴിലാളി സംഘടനയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടെങ്കിൽ പരിഹരിക്കപ്പെടേണ്ടതാണ്. മെച്ചപ്പെട്ട തൊഴിൽസാഹചര്യത്തിന് മാത്രമേ ജീവനക്കാരുടെ പൂർണസഹകരണം ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. ജീവനക്കാർ തന്നെ തങ്ങളുടെ പ്രവൃത്തികളിലൂടെ സ്ഥാപനത്തെ തകർക്കാൻ ശ്രമിച്ചാൽ പിന്നെ ആരു വിചാരിച്ചാലും സ്ഥാപനത്തെ രക്ഷപെടുത്താൻ കഴിയില്ല .ജീവനക്കാർ ഒരു സൈഡ് ബിസിനസ് മാത്രമായി കെ.എസ്.ആർ.ടി.സി.യെ കാണരുത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: