അറുപത്തിയൊന്നാം സ്കൂൾ
കായികമേള കായികകേരളത്തിന്
അഭിമാനം
കായികകേരളത്തിന് അഭിമാനകരമായ ചില നേട്ടങ്ങൾ സമ്മാനിച്ച് അറുപത്തിയൊന്നാം സ്കൂൾ കായികമേളയ്ക്കു പാലായിൽ തീരശീല വീണു. പാലായിലെകായിക മേള കേരളത്തിനു പുതുതലമുറയെക്കുറിച്ച് ഏറെ പ്രതീക്ഷ പകരുന്നതാണ്. രാജ്യത്തെ അത്ലറ്റിക്സിൽ പതിറ്റാണ്ടുകളായി കേരളത്തിനു മുൻതൂക്കമുണ്ട്. ടി.സി. യോഹന്നാനും പി.ടി. ഉഷയും ഷൈനി വിത്സനും എം.ഡി. വത്സമ്മയും അഞ്ജു ബോബി ജോർജും ബീനാമോളും പ്രീജ ശ്രീധരനും ഉൾപ്പെടുന്ന തലമുറ തുടങ്ങി ടിന്റു ലൂക്ക, അഭിലാഷ് മാത്യു, അനുമോൾ തന്പി, ഗായത്രി ശിവകുമാർ, സാന്ദ്ര ബാബു എന്നിവരിലെത്തിയിരിക്കുന്ന താരപരന്പര കേരളത്തിന്റെ അഭിമാനമാണ്.
പരിമിതമായ പരിശീലനസൗകര്യങ്ങളിൽ വളർന്നുവന്നവരാണു പഴയ തലമുറക്കാർ. മികച്ച പരിശീലനമോ നല്ല മൈതാനമോ ഒന്നും തുടക്കത്തിൽ അവർക്കു ലഭ്യമായിരുന്നില്ല. എങ്കിലും അവർ കഠിനാധ്വാനം ചെയ്തു; അവസരങ്ങൾ ഉപയോഗിച്ചു. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട ഓവറോള്‍ കിരീടം എറണാകുളം വര്‍ധിതവീര്യത്തോടെ തിരിച്ചുപിടിച്ചതാണ് ഈ മീറ്റിന്റെ പ്രത്യേകത. 34 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവുമായി 258 പോയിന്റോടെയാണ് എറണാകുളം ജേതാക്കളായത്. പാലക്കാടിന് 22 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവുമടക്കം 185 പോയിന്റ് ലഭിച്ചു. 109 പോയിന്റുള്ള കോഴിക്കോടിനാണ് മൂന്നാംസ്ഥാനം. കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്കൂള്‍ പട്ടം നിലനിര്‍ത്തി.
130 കോടിയിലേറെ ജനങ്ങളുള്ള ഭാരതത്തിൽ കായികരംഗം അത്ര മെച്ചമല്ല. ക്രിക്കറ്റിലും ഹോക്കിയിലും മാത്രമേ കാര്യമായ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ നമുക്കായിട്ടുള്ളൂ. സ്കൂള്‍തല കായികരംഗം സമൂലമായി പരിഷ്കരിക്കണം . താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കാന് 14 ജില്ലയിലും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കണം . എല്ലാ പഞ്ചായത്തിലും യുവജനങ്ങൾക്ക് കളിക്കാനുള്ള കളിസ്ഥലങ്ങൾ ഒരുക്കണം . കേരളത്തില്‍ 20 ശതമാനം കുട്ടികള്‍ക്കുപോലും കായികക്ഷമതയില്ലെന്നാണ് കണ്ടെത്തല്‍. കായികക്ഷമത വീണ്ടെടുക്കാന്‍ 'കളിയിലൂടെ ആരോഗ്യം' പദ്ധതി നടപ്പാക്കാൻ കഴിയണം .കായികരംഗത്തോടു പ്രതിബദ്ധതയുള്ള പഴയകാല താരങ്ങൾ തങ്ങളടെ കഴിവും പരിചയവും ഭാവിതാരങ്ങളെ വാർത്തെടുക്കാൻകൂടി ഉപയോഗിക്കണം. സ്കൂളുകളിൽ സ്പോർട്സിന്റെ പ്രോത്സാഹനത്തിനു സർക്കാരിൽനിന്നു വേണ്ടത്ര സഹായം ലഭിക്കണം .ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കായികലോകത്തിനു കഴിയണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment