Pages

Sunday, October 22, 2017

വ്യാജചരിത്രം നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

വ്യാജചരിത്രം നിർമ്മിക്കുകയോ 
പ്രചരിപ്പിക്കുകയോ ചെയ്യരുത്.
ഭാരതത്തിൽ അടുത്തകാലത്തായി ചിലർ വ്യാജചരിത്രം നിർമ്മിക്കാനും പ്രചരിപ്പിക്കാനും വൃഥാശ്രമിക്കുകയാണ് .ചരിത്രത്തെ വളച്ചൊടിക്കാനും ദുർവ്യാഖ്യാനം ചെയ്യാനും ഐതിഹ്യങ്ങളെയും മിത്തുകളെയും ചരിത്രമായി പ്രതിഷ്ഠിക്കാനുമുള്ള ശ്രമം ശരിയല്ല , അതിനെ ആരും പ്രാത്സാഹിപ്പിക്കാനും പാടില്ല . പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിയും ഭരണകർത്താക്കൾതന്നെ ആധികാരികമെന്ന ഭാവത്തിൽ വിധ്വംസകമായ പ്രസ്താവനകൾ നടത്തിയും നിർവഹിക്കുന്ന  വ്യാജചരിത്രനിർമാണം ഇപ്പോൾ ഇന്ത്യയിൽ  ഒരു ആസൂത്രിതപദ്ധതിയായി വളരുകയാണ് .കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള  നേതാക്കൾ സമീപകാലത്തായി നടത്തുന്ന അഭിപ്രായപ്രകടനങ്ങളാണ് വ്യാജപ്രമാണ നിർമിതിയെപ്പറ്റിയുള്ള സംശയങ്ങൾ ഉയർത്തുന്നത്.
ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവും സാമുദായികവുമായ വൈവിധ്യം തിരസ്കരിച്ചുകൊണ്ട് ഏകശിലാമയമായ ദേശീയതയുടെ വ്യവഹാരം സൃഷ്ടിക്കാനും ഹിന്ദു-മുസ്ലിം വൈരുധ്യമായി ഇന്ത്യാചരിത്രത്തെ വ്യാഖ്യാനിക്കാനുമുള്ള വിപത്കരമായ ശ്രമമാണിത്.ഇന്ത്യയുടെ പ്രതീകമായിത്തന്നെ ലോകം കണക്കാക്കുകയും പ്രേമത്തിന്റെ നിത്യസ്മാരകമായി ജനഭാവനയിൽ വേരൂന്നിനിൽക്കുകയും ചെയ്യുന്ന താജ്മഹലിനെപ്പറ്റി ഉത്തർപ്രദേശിലെ ഭാരതീയ ജനതാപാർട്ടി എം.എൽ.. സംഗീത് സോം പറഞ്ഞ അഭിപ്രായം വ്യാപകമായ ചർച്ചയ്ക്കും വിമർശനത്തിനും വഴിവച്ചിരിക്കുകയാണിപ്പോൾ. ഇന്ത്യയുടെ കളങ്കമാണ് താജ്മഹൽ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയിലെയും ഉത്തർപ്രദേശിലെയും ഹിന്ദുക്കളെ ദ്രോഹിച്ച ഷാജഹാൻ നിർമിച്ച താജ്മഹൽ പോലുള്ള കളങ്കങ്ങൾ ചരിത്രത്തിൽനിന്നു നീക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുകൂടി ജനപ്രതിനിധി പറയുകയുണ്ടായി .
ഇന്ത്യയെ സംബന്ധിച്ച് താജ്മഹൽ വെറുമൊരു മന്ദിരം മാത്രമല്ല. കലയുടെയും മനുഷ്യാത്മാവിന്റെ സങ്കടങ്ങളുടെയും ചരിത്രത്തിന്റെയും വെണ്ണക്കൽ ശില്പമാണത്. പ്രേമകുടീരത്തെ ഉത്തർപ്രദേശ് സർക്കാർ വിനോദസഞ്ചാര ലഘുലേഖയിൽനിന്ന് ഒഴിവാക്കിയ സംഭവംകൂടി ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്..  ചരിത്രനിന്ദകളെ ഒറ്റപ്പെട്ട സംഭവങ്ങളായിമാത്രം കരുതാനാവില്ല. തദ്ദേശീയ സംസ്കാരങ്ങളെയും അംഗീകൃത ചരിത്രസത്യങ്ങളെയും ഹിന്ദുത്വാധിഷ്ഠിതമായ ഒരു ചരിത്രാഖ്യാനകത്തിലേക്കു കൂട്ടിയിണക്കാനുള്ള ശ്രമം നേരത്തേയുണ്ട്. ഓണത്തെ വാമനജയന്തിയായി വ്യാഖ്യാനിക്കാനുള്ള ശ്രമം ഉദാഹരണം.സുവർണഭൂതകാലത്തെപ്പറ്റി എല്ലാ സമൂഹങ്ങളിലുമുള്ള പ്രാചീനഭാവനകളുടെ കേരളീയാവിഷ്കാരമായ മാവേലിയെ തിരസ്കരിക്കാനുള്ള പുതുവേദം കേരളീയ സമൂഹമനസ്സിനു സ്വീകാര്യമായില്ലെന്നതുവേറെ കാര്യം. സമൂഹത്തിന്റെ സാംസ്കാരികാബോധത്തിൽ രൂഢമൂലമായിരിക്കുന്ന മിത്തുകളെ രാഷ്ട്രീയലക്ഷ്യമുള്ള ദേശീയതാവാദവുമായി കൂട്ടിയിണക്കി നിഷേധിക്കാനുള്ള ശ്രമം ചരിത്രവസ്തുതകളുടെ ദുർവ്യാഖ്യാനം പോലെതന്നെ ആപത്കരമാണ്.
വംശീയവാദപരവും അശാസ്ത്രീയവുമായ ഇത്തരം ചരിത്ര വ്യാഖ്യാനങ്ങൾ ആധുനികവും വികസിതവുമായ ഒരു സമൂഹത്തെ പിന്നോട്ടുവലിക്കുകയേയുള്ളൂ . . ‘കാലത്തിന്റെ കവിൾത്തടത്തിലെ ഏകാന്തമായ കണ്ണുനീർത്തുള്ളിയെന്നു താജ്മഹലിനെ വിശേഷിപ്പിച്ച രവീന്ദ്രനാഥ ടാഗോർഗീതാഞ്ജലിയിലെഴുതിയ വരികളാണ് ചരിത്രനിഷേധത്തിന്റെയും വിജ്ഞാന വികലീകരണത്തിന്റെയും കാലത്ത് യഥാർഥ ദേശസ്നേഹികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ..വ്യാജചരിത്രം നിർമ്മിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരം തന്നെയാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: