അടിസ്ഥാന മര്യാദപോലും ഇല്ലാത്ത ചില രാഷ്ട്രീയക്കാരെ ആരു നിയന്തിക്കും .
ലോകസഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന പത്തു ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ,ഇന്ത്യയിൽ നിലകൊള്ളുന്നത് ആഗ്രയിലെ താജ്മഹൽ മാത്രം.ലോകം ആദരവോടെ നോക്കിക്കാണുന്ന ,ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായ താജ്മഹൽ-നെ മോശമായി ചിത്രീകരിക്കാൻ ചിലർ തുനീഞ്ഞിറങ്ങിയിറങ്ങിയിരിക്കുകയാണ് . ലോകത്തിനുമുന്നിൽ നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മുദ്രാമുഖമായി നിലകൊള്ളുകയാണു താജ്മഹൽ എന്ന പ്രണയകുടീരം .അതിനെ ചില നേതാക്കൾ ആക്ഷേപിച്ചപ്പോൾ ഭാരതത്തിന്റെ ഏറ്റവും വലിയ അഭിമാനത്തെത്തന്നെയാണ് അപമാനിച്ചത്.
താജ്മഹൽ പണിത മുഗൾ ചക്രവർത്തി ഷാജഹാനെപ്പറ്റി തെറ്റായ വിവരങ്ങളാണ് വായിൽ തോന്നുംപടി വിളിച്ചു പറയുന്നത് .ഒരു ജനപ്രതിനിധിക്ക് അവശ്യം വേണ്ട പൊതുവിജ്ഞാനത്തിന്റെ കാര്യത്തിലുംഈ നേതാക്കൾ വളരെ പിന്നിലാണ് . നാനാത്വത്തിലെ ഏകത്വവും ബഹുസ്വരതയും ഹൃദയത്തിലേറ്റുന്ന മതേതര ഇന്ത്യയുടെ മനസ്സ് തന്നെയാണ് ഈ വെണ്ണക്കൽകുടീരത്തിലുള്ളതെന്നു
മനസ്സിലാക്കാൻആർക്കാണ്
കഴിയാത്തത്.ഇന്ത്യ മതേതര രാഷ്ട്രമാണ്. അക്കാര്യം ഭരണഘടനയിൽത്തന്നെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലോകത്തിനുതന്നെ അനുകരിക്കാവുന്ന വിധത്തിലുള്ള മഹനീയ പാരമ്പര്യമാണ് ഈ രംഗത്തു നമുക്കുള്ളതും. അതിനു കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളും ഒരുഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയോടെ അധികാരമേറ്റ ഒരു ജനപ്രതിനിധിതന്നെ അതിനു കടകവിരുദ്ധമായി സംസാരിച്ചുവെന്നതു നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു കളങ്കംചാർത്തുന്നു.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പൊതുവേദികളിലും മറ്റും സംസാരിക്കുമ്പോൾ സൂക്ഷ്മതയും പക്വതയും കാണിക്കണം .മര്യാദയുടെ സീമകൾ ലംഘിച്ചു സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കാൻ അവരുടെ രാഷ്ട്രീയപാർട്ടിയും ബഹുഭൂരിപക്ഷം അണികളും ശ്രദ്ധിക്കണം അല്ലെങ്കിൽ അനതിവിദൂരഭാവിയിൽ രാഷ്ട്രീയപാർട്ടി തന്നെ ഇല്ലാതായേക്കാം .
പ്രൊഫ്. ജോൺ കുരാക്കാർ .


No comments:
Post a Comment